മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നതിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാന വ്യപകമായി പരിശോധനകള്‍ നടത്താനാണ് ഇത്തരമൊരു ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഏത് ജില്ലയിലും ഈ ടാസ്‌ക് ഫോഴ്‌സിന് പരിശോധന നടത്താം.
ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ ചുമതലയുള്ള ഫുഡ് സേഫ്റ്റി ഓഫിസറെ വിവരം അറിയച്ച ശേഷമായിരിക്കണം പരിശോധന. നിലവില്‍ 140 ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ തസ്‌തികയാണ് സംസ്ഥാനത്തുള്ളത്. നിയമസഭ മണ്ഡലത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം. എന്നാല്‍ ഇത് പര്യാപ്‌തമാണെന്ന വിലയിരുത്തലിലാണ് പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികൾ: പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിന് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. വെജിറ്റബിള്‍ മയൊണൈസോ പാസ്‌ചറൈസ് ചെയ്‌ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയൊണൈസോ മാത്രമേ ഇനിമുതല്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസില്‍ സാൽമൊണെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം വേഗത്തിലുണ്ടാകുന്നതു കൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
പാഴ്‌സലായി കൊടുക്കുന്ന ഭക്ഷണത്തില്‍ തയാറാക്കിയ സമയവും എത്ര നേരത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം. എന്നാല്‍, ഗ്രാമ നഗര വ്യത്യാസമില്ലാതെയുള്ള നിബന്ധനയിലെ പ്രായോഗികതയില്‍ ഇപ്പോള്‍ തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഡിജിറ്റല്‍ ബില്‍ അടയ്ക്കുന്ന വലിയ ഹോട്ടലുകളില്‍ ഇത് നടപ്പാക്കാമെങ്കിലും ഗ്രാമപ്രദേശങ്ങളിലെ ചെറിയ കടകില്‍ ഇത് എങ്ങനെ നടപ്പാക്കുമെന്നതാണ് വിമര്‍ശനം.
വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. രാജ്യത്തെ നിയമം എല്ലായിടത്തും ബാധകമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷനോ ലൈസന്‍സോ എടുക്കണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.
ഭക്ഷ്യസുരക്ഷ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീന്‍ റേറ്റിംഗില്‍ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനായി ഒരു ആപ്പും ഉടൻ തയ്യാറാക്കും. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശീലനത്തില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത്കൂടാതെ, ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണം വിളമ്പുന്നവര്‍ എഫ്എസ്എസ്എയുടെ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.