കാലിഫോർണിയ: ഇലക്‌ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നത് വായുമലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങളും കുറയ്‌ക്കുമെന്ന് യുഎസ്‌സിയുടെ കെക്ക് സ്‌കൂൾ ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകർ. ഇലക്‌ട്രിക് വാഹനങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ആഘാതങ്ങളിൽ പഠനം നടത്തിയ സംഘം ഇലക്‌ട്രിക് കാറുകൾ, വായുമലിനീകരണം, ആരോഗ്യം എന്നിവ പരസ്‌പരം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശകലനം ചെയ്‌തത്. അടുത്ത കുറച്ച് വർഷങ്ങളിലായി കൂടുതൽ ആളുകളും ഇലക്‌ട്രിക് വാഹനങ്ങളിലേയ്‌ക്കോ ലൈറ്റ്-ഡ്യൂട്ടി സീറോ-എമിഷൻ വാഹനങ്ങളിലേക്കോ മാറുന്നതായുള്ള ഗവേഷകരുടെ കണ്ടെത്തൽ സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെന്‍റിൽ പ്രസിദ്ധീകരിച്ചിരുന്നു.
2013 നും 2019 നും ഇടയിലുള്ള സീറോ-എമിഷൻ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, വായു മലിനീകരണ തോത്, വായു മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ചികിത്സ തേടിയവർ എന്നിങ്ങനെയുള്ള വിവരങ്ങൾ ഗവേഷണ സംഘം വിശകലനം ചെയ്‌തു. NO2 പോലുള്ള വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് ആസ്‌ത്‌മ. ഇത് മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഹൃദയം, മസ്‌തിഷ്‌കം, മറ്റ് അവയവ വ്യവസ്ഥകൾ എന്നിവയിലെ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.