സ്ത്രീകളിൽ വളരെ സാധാരണയായി കാണപ്പെടുന്ന അണുബാധകളിലൊന്നാണ് മൂത്രനാളിയില്‍ ഉണ്ടാകുന്നത് (യൂറിനറി ട്രാക്റ്റ് ഇന്ഫെക്ഷന്- യുടിഐ). പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് യുടിഐ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ അവസ്ഥ ചികിത്സിക്കാവുന്നതാണെങ്കിലും, വരാതെ നോക്കുന്നതാണ് നല്ലത്. യുടിഐ തടയാനുള്ള ചില പൊടിക്കൈകള്‍ ഇതാ.
അണുബാധയുടെ കാരണം :എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് മൂത്രനാളിയിലെ അണുബാധ. ശരീരത്തിലെ ജലാംശം നഷ്ടപ്പെടല്‍, വൃത്തിക്കുറവും ശുചിത്വമില്ലായ്മയും, അസന്തുലിതമായ ഭക്ഷണക്രമം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തുടങ്ങിയവയാണ് കാരണങ്ങൾ. മിക്ക സ്ത്രീകളും പലപ്പോഴും യുടിഐയുടെ ആദ്യ ലക്ഷണങ്ങളെ അവഗണിക്കാറുണ്ട്. ഇത് പിന്നീട് വലിയ പ്രശ്നമുണ്ടാക്കും. അണുബാധ മൂർച്ഛിച്ചാൽ വൃക്ക, ഗർഭപാത്രം, മൂത്രസഞ്ചി തുടങ്ങിയ അവയവങ്ങളെ ബാധിക്കും.
ലക്ഷണങ്ങള്‍ : മൂത്രനാളിയിലെ അണുബാധ ചിലപ്പോൾ രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല. എന്നാല്‍ ചില നേരങ്ങളില്‍ ശരീരം ലക്ഷണങ്ങള്‍ പ്രകടമാക്കും. മൂത്രത്തിന്റെ അസാധാരണമായ നിറം, രക്തം കലര്‍ന്ന മൂത്രം, മൂത്രത്തിന് ദുർഗന്ധം, ഇടക്കിടക്ക് മൂത്രമൊഴിക്കാനുള്ള പ്രേരണ, മൂത്രമൊഴിക്കുമ്പോള്‍ വേദന, ചെറിയ അളവില്‍ മാത്രം മൂത്രം, വയറുവേദന, കത്തീറ്ററൈസ് ചെയ്ത സ്ത്രീകളിൽ കത്തീറ്ററിന് ചുറ്റുമുള്ള മൂത്രത്തിന്റെ ചോർച്ച, ശരീരത്തില്‍ തണുപ്പ് അനുഭവപ്പെടല്‍, ക്ഷീണം, പനി, ഛർദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
എങ്ങനെ തടയാം :ചെറിയ പരിശ്രമത്തിലൂടെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും യുടിഐയുടെ പ്രശ്നം ഒരു പരിധി വരെ തടയാൻ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ദിവസവും ധാരാളം വെള്ളം കുടിക്കണം. ശരീരത്തിലെ വെള്ളത്തിന്റെ അഭാവം യുടിഐക്ക് കാരണമാകാം. അതിനാൽ, ഒരു ദിവസം കുറഞ്ഞത് 6-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. വെള്ളത്തിനുപുറമെ, ആരോഗ്യകരമായ പാനീയങ്ങളായ കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, കരിമ്പ് ജ്യൂസ് എന്നിവയും വളരെ ഗുണം ചെയ്യും. പ്രത്യേകിച്ച് വേനൽക്കാലത്ത്.