ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് മറവി രോഗം (Dementia) വരാനുള്ള സാധ്യത കുറവായിരിക്കുമെന്ന് പഠനം. അനാരോഗ്യകരമായ ജീവിതശൈലിയുള്ള ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത, ടൈപ്പ് 2 പ്രമേഹ രോഗം ഇല്ലാത്തവരേക്കാളും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരേക്കാളും കൂടുതലായിരിക്കുമെന്നും യുകെയിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മറവി രോഗം വരാനുള്ള സാധ്യത പകുതിയായി കുറയ്‌ക്കാം. "ആരോഗ്യകരമായ ജീവിതശൈലിക്ക് നിര്‍ദേശിക്കപ്പെടുന്ന രീതിയിലുള്ള ഭക്ഷണരീതി, ഉറക്കം, വ്യായാമം എന്നിവ പ്രമേഹമുള്ളവരില്‍ മറവി രോഗം വരാനുള്ള സാധ്യത കുറയ്‌ക്കും," പഠന സംഘത്തിലുള്ള കാര്‍ലോസ് സെലിസ് മൊറലെസ് പറഞ്ഞു. പ്രമേഹമുള്ളവര്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്.
യൂറോപ്യന്‍ പ്രമേഹ പഠന കൂട്ടായ്‌മയുടെ സ്റ്റോക്ക്ഹോമില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് പഠനം അവതരിപ്പിക്കപ്പെട്ടത്. മറവി രോഗം വരുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന യുകെ ബയോബാങ്കില്‍ പങ്കെടുത്ത 4,50,000 പേരുടെ ആരോഗ്യ വിവരങ്ങള്‍ വര്‍ഷങ്ങളോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്.