ഗുണനിലവാരമില്ലാത്തഉറക്കം ശരീരത്തിന്‍റെ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്നും, ഗുരുതരമായ രോഗങ്ങൾക്കും പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും ഗവേഷണങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട ഒന്നാണ്. ഒരു വ്യക്തിക്ക് സ്വയം ആരോഗ്യം നിലനിർത്താനും കൂടാതെ നമ്മുടെ മനസിനെ സന്തോഷത്തിലും ശാന്തമായും നിലനിർത്തുന്നതിനും ഉറക്കം ആവശ്യമാണ്. ലോക ഉറക്ക ദിനമായ ഇന്ന് ഉറക്കത്തിന്‍റെ ആവശ്യത്തെക്കുറിച്ച് നോക്കാം.
ആവശ്യത്തിന് ഉറങ്ങേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനും ഉറക്കത്തിന്‍റെ അഭാവവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമായി എല്ലാ വർഷവും ലോക ഉറക്ക ദിനം ആചരിക്കുന്നു. ലോകമെമ്പാടും ഉറക്കത്തിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി വേൾഡ് സ്ലീപ്പ് സൊസൈറ്റി എന്ന സംഘടനയാണ് ഇത് ആരംഭിച്ചത്. നല്ല ഉറക്കം നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പല കാരണങ്ങളാൽ പലർക്കും ശരിയായ അളവിലുള്ള നല്ല ഉറക്കം ലഭിക്കാറില്ല. മോശം ജീവിതശൈലിക്കൊപ്പം, ലോകമെമ്പാടുമുള്ള രോഗങ്ങളുടെയും രോഗികളുടെയും എണ്ണം വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിദഗ്‌ദർ മോശമായ ഉറക്കത്തെ കണക്കാക്കുന്നു. 2023 ൽ, 'ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ലോക ഉറക്ക ദിനം ആചരിക്കുക.
ശരീരഭാരം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉറക്കം ആളുകളെ സഹായിക്കുന്നു. ഏകാഗ്രതയും ഉൽപ്പാദനക്ഷമതയും, കൂടുതൽ കായികക്ഷമതയുള്ളവരായിരിക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, പ്രമേഹം നിയന്ത്രിക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുക, മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യം നിയന്ത്രിക്കുക എന്നിവക്ക് ആളുകൾക്ക് അവബോധം നൽകുകയാണ് ലോക നിദ്രാ ദിനം ആഘോഷിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, തലച്ചോറിനും ശാരീരിക ആരോഗ്യത്തിനും നല്ല ഉറക്കം അത്യാവശ്യമാണ്. ഏറ്റവും കുറഞ്ഞ പക്ഷം 6 മുതൽ 7 മണിക്കൂർ ഉറക്കം ഒരു വ്യക്തിക്ക് അവശ്യമാണ്.
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിന് നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ട്. അവ പരിശോധിക്കാം
1. ക്ഷീണം, അസമയത്ത് സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം എന്നിവയ്ക്ക് കുറഞ്ഞ അളവിലുള്ള ഉറക്കം കാരണമാകുന്നു.
2. കൃത്യമായ ഉറക്കം ലഭിക്കാതെ വന്നാൽ ശരീരഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോഴും ശരിയായ ഉറക്കം ലഭിച്ചില്ല എങ്കിൽ പ്രയാസം അനുഭവിക്കേണ്ടതായി വരും.
3. രോഗപ്രതിരോധ ശേഷി നഷ്‌ടപ്പെടുന്നു
4. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നീ സാധ്യതകളെ വർദ്ധിപ്പിക്കുന്നു.
5. വിഷാദം, ഉത്കണ്ഠ എന്നിവ ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കാൻ കുറഞ്ഞ ഉറക്കം കാരണമാകുന്നു.
6. ഏകാഗ്രത നഷ്ടപ്പെടുന്നു.