ലോകത്ത് വ്യാപകമായി പടര്‍ന്നുപിടിച്ച കൊവിഡ് മഹാമാരിയാണ് കഴിഞ്ഞ രണ്ട് വർഷത്തോളമായി നമ്മുടെ ജീവിതത്തിന്‍റെ പലമേഖലയേയും നിയന്ത്രിക്കുന്നത്. വൈറസില്‍ നിന്ന് അടിക്കടി രൂപമാറ്റം സംഭവിക്കുന്ന പുതിയ വകഭേദങ്ങള്‍, പല സ്ഥാപനങ്ങളേയും അവയുടെ പൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും വെല്ലുവിളിയാണുയര്‍ത്തുന്നത്. നിലവിലെ സാഹചര്യങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഏറ്റവും മികച്ച തീരുമാനം. അതിനാല്‍ തന്നെ നിലവില്‍ ഹൈബ്രിഡ് തൊഴില്‍ അന്തരീക്ഷം സാധാരണമായി മാറിയിട്ടുണ്ട്.
ഓൺലൈനില്‍ ജോലികള്‍ ചെയ്യുന്നത് പല തരത്തിൽ നമ്മുടെ സമ്മര്‍ദം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നാം ചെയ്യുന്ന ജോലിയ്ക്ക് ഏറ്റവും മികച്ച ഫലം കൊണ്ടുവരാന്‍ നമ്മുടെ ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. വീട്ടിൽ ഇരുന്നോ ഓഫിസിൽ നിന്നോ ജോലി ചെയ്യുമ്പോൾ ആരോഗ്യം നിലനിർത്താനുള്ള ചില പൊടിക്കൈകള്‍ നോക്കാം :
അടിക്കടി വെള്ളം കുടിക്കുക
ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് കൃത്യമായി നിലനിര്‍ത്തേണ്ടത് ഇതില്‍ ഒരു പ്രധാന ഘടകമാണ്. ജോലിയുടെ സമ്മര്‍ദം മൂലം ഉണ്ടാകുന്ന ക്ഷീണം ഒഴിവാക്കുന്നതിന് ഇടയ്‌ക്കിടയ്‌ക്ക് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. അതിന് വേണ്ടി ജോലിസമയത്ത് കൈയില്‍ ഒരുകുപ്പി വെള്ളം കരുതുകയും അത് ഇടവേളകളില്‍ കുടിക്കുകയും ചെയ്യുന്ന ശീലം നല്ലതാണ്. അതില്‍ തേങ്ങാവെള്ളം, മോര്, നാരങ്ങാവെള്ളം, ഇൻഫ്യൂസ്ഡ്, ഡീടോക്സ് വെള്ളം തുടങ്ങിയ ആരോഗ്യകരമായ മറ്റ് ദ്രാവകങ്ങളും ഉള്‍പ്പെടുത്താൻ ശ്രമിക്കാം. ഫോണില്‍ കുടിവെള്ള അലാറം സജ്ജീകരിച്ച് ഇത് മറന്ന് പോകാതെ കൃത്യമായി പാലിക്കാനും ശ്രമിക്കാം.
പോഷകഗുണമുള്ള ആഹാരം കഴിക്കുക
ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് അങ്ങേയറ്റം ഹാനികരവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ജോലി ചെയ്യുന്ന സമയങ്ങളില്‍ നമ്മൾ ലഘുഭക്ഷണങ്ങൾ കഴിക്കാറുണ്ട്. അതോടൊപ്പം തന്നെ കൃത്യമായ സമയങ്ങളില്‍ പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും, അത്താഴവും കഴിക്കേണ്ടതും പ്രധാനമാണ്. പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം നിങ്ങളെ ദിവസം മുഴുവൻ ഊർജസ്വലമാക്കി നിര്‍ത്തുകയും ശരീരവണ്ണം, ഗ്യാസ്ട്രിക് ആക്രമണം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.