ഭക്ഷണം കഴിക്കുന്നതില്‍ പാലിക്കുന്ന അച്ചടക്കം ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെ പ്രധാനമാണെന്ന് ഡോക്ടർമാർ നിരന്തരം ഊന്നിപ്പറയാറുണ്ട്. അടുത്തിടെ, പ്രായം കുറഞ്ഞ ആൺ എലികളെ ഉപയോഗിച്ച് നടത്തിയ ഗവേഷണം ഇത് അടിവരയിടുന്നു. സമയബന്ധിതമായുള്ള ഭക്ഷണം കഴിക്കല്‍(Time restricted Eating) വാർദ്ധക്യത്തിനും കാൻസറിനും എതിരായ ശാരീരിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തി.
എന്താണ് സമയബന്ധിത ഭക്ഷണ ക്രമം : ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് ആണ് സമയ ബന്ധിത ഭക്ഷണക്രമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ രണ്ട് ഭക്ഷണ നേരങ്ങള്‍ തമ്മിലുള്ള ഇടവേള കൂടുതലായിരിക്കും. കുറഞ്ഞത് 9 മണിക്കൂറെങ്കിലും രണ്ട് ഭക്ഷണ നേരങ്ങള്‍ തമ്മില്‍ ഉണ്ടായിരിക്കണം.
ഭക്ഷണ സമയത്ത് ഇഷ്‌ടമുള്ളത് എന്തും കഴിക്കാം. എന്നാല്‍ ദിവസത്തിന്‍റെ മറ്റ് സമയങ്ങളില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നു. ഇതിനുമുമ്പ് നടത്തിയ ഏതാണ്ട് എല്ലാ പഠനങ്ങളിലും സമയബന്ധിത ഭക്ഷണക്രമം ആരോഗ്യത്തിന് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് :സമയബന്ധിത ഭക്ഷണക്രമത്തിന്‍റെ ഫലങ്ങളെ കുറിച്ച് എലികളില്‍ ഈ പഠനം നടത്തിയത് യുഎസിലെ ലോസ് ഏഞ്ചൽസ് സാൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ സച്ചിൻ പാണ്ഡെയും സംഘവുമാണ്. ഈ സംഘത്തില്‍ ഡയറ്റീഷ്യൻമാരും ഉൾപ്പെടുന്നു. 'സെൽ മെറ്റബോളിസം' എന്ന ശാസ്‌ത്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
സമയ-നിയന്ത്രിതമായ ഭക്ഷണക്രമം കാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കുന്ന ജീനുകളെ എങ്ങനെ സജീവമാക്കുമെന്ന് ഗവേഷണം വിശദീകരിക്കുന്നു. ഈ ഭക്ഷണക്രമം ശരീരത്തിലെ ഇൻസുലിൻ പ്രതികരണത്തെ നിയന്ത്രിക്കാന്‍ സഹായിക്കന്നു. ഇതുകാരണം വിശപ്പ് കുറയുകയും അങ്ങനെ ശരീരഭാരം കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തില്‍ വിശദമാക്കുന്നു. സമയബന്ധിതമായി ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പല ടിഷ്യൂകളിലെയും ജീൻ എക്‌സ്പ്രഷനിലും സ്വാധീനം ചെലുത്തുമെന്ന് പഠനത്തില്‍ കണ്ടെത്തി.
ഗവേഷണത്തിന്‍റെ പരീക്ഷണ പൂര്‍വ വിലയിരുത്തലില്‍ കണ്ടെത്തിയത്, സമയബന്ധിതമായി ഭക്ഷണം കഴിച്ച എലികളില്‍ കുടൽ, ഹൃദയം, ശ്വാസകോശം, കരൾ, തലച്ചോറ് എന്നിവയുൾപ്പടെ 22 വ്യത്യസ്‌ത കലകളിലെ ജനിതക പ്രവര്‍ത്തനത്തില്‍ ഗുണകരമായ വ്യത്യാസം ഉണ്ട് എന്നതാണ്. സമയബന്ധിത ഭക്ഷണം ദീർഘായുസ് ലഭ്യമാക്കുമെന്നും ക്യാൻസറിനെ ചെറുക്കാനുള്ള ശരീരത്തിന്‍റെ കഴിവ് വർദ്ധിപ്പിക്കുമെന്നും പഠനത്തില്‍ തെളിവുകൾ ലഭിച്ചു. വിശ്രമത്തിന്‍റെയും പ്രവര്‍ത്തനത്തിന്‍റേതുമായ സ്വാഭാവിക ദൈനംദിന ചാക്രികതയും, അധ്വാനം ചെയ്യാനുള്ള കഴിവും ഈ ഭക്ഷണക്രമം ശക്തിപ്പെടുത്തുമെന്നും പഠനത്തില്‍ കണ്ടെത്തി.
സമയബന്ധിത ഭക്ഷണക്രമം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവ തടയാന്‍ സഹായിക്കുമെന്നും ഉറക്കം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുമെന്നും കണ്ടെത്തി. മെറ്റബോളിസം വര്‍ധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനും വയറുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ തടയാനും ദീര്‍ഘനേരത്തെ സമയവ്യത്യാസത്തില്‍ ഭക്ഷണം കഴിക്കുന്നത് സഹായിക്കുന്നു.