അമിതവണ്ണം കുറയ്‌ക്കുക എന്നത് പലരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ പലരേയും സംബന്ധിച്ചിടത്തോളം ഇത് ശ്രമകരമാണ്. കൂടാതെ അമിത വണ്ണം കുറച്ച പല ആളുകളും വീണ്ടും അമിതവണ്ണത്തിലേക്ക് തിരിച്ചു പോകുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.
അമിതവണ്ണം കുറയ്‌ക്കുന്നതിന് ഏറ്റവും പ്രധാനം ആരോഗ്യകരമായ ഭക്ഷണരീതി അവംലംബിക്കുക എന്നാണ്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണരീതി ജീവിതചര്യയായി മാറ്റുന്നതിന് പലര്‍ക്കും സാധിക്കാറില്ല. അമിതവണ്ണം കുറയ്‌ക്കുന്നതിനും ആ അവസ്ഥ വീണ്ടും ഉണ്ടാകാതിരിക്കാനുമുള്ള ശ്രമങ്ങളില്‍ പലരും പരാജയപ്പെടുന്നതിന് കാരണം നടപ്പില്‍ വരുത്താന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ലക്ഷ്യം വെക്കുന്നതുകൊണ്ടാണ്.
ഭൂരിപക്ഷം പേരിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യവും യഥാര്‍ഥത്തില്‍ ചെയ്യുന്നതും തമ്മില്‍ വിടവ് നിലനില്‍ക്കുന്നുണ്ടെന്ന് പ്രമുഖ ബിഹേവിയര്‍ ചേയിഞ്ച് സ്ട്രാറ്റജിസ്റ്റായ അലിസണ്‍ ഗ്രുപ്‌സ്‌കി പറഞ്ഞു. എന്നാല്‍ അമിതവണ്ണം കുറയ്‌ക്കുന്ന വിഷയത്തില്‍ ഇത്തരം വിടവ് പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ അനുസരിച്ച് ചെയ്യാന്‍ സാധിക്കുന്ന രീതിയിലുള്ള തീരുമാനങ്ങളാണ് എടുക്കേണ്ടത് എന്നാണ് അതില്‍ ഏറ്റവും പ്രധാനം.
അതേപോലെ തീരുമാനിച്ച ആ കാര്യം ദീര്‍ഘകാലത്തേക്ക് ആവര്‍ത്തിച്ച് ചെയ്യാന്‍ പറ്റുന്നതുമായിരിക്കണം. വളരെ കഠിനമായ ഡയറ്റ് പ്ലേനുകള്‍ ഒരു പക്ഷെ കുറച്ച് സമയത്തേക്ക് പിന്തുടരാന്‍ സാധിച്ചേക്കും പക്ഷെ അത് ശാശ്വതമായ ജീവിതചര്യയാക്കി മാറ്റാന്‍ സാധിക്കാതെ വരും. നമ്മള്‍ പലപ്പോഴും ചിന്തിക്കുന്നത് അമിതവണ്ണം കുറയ്‌ക്കുന്നതിന് നമ്മുടെ ജീവിതചര്യയില്‍ അടിമുടി മാറ്റം വരുത്തണമെന്നാണ്. എന്നാല്‍ ഈ ചിന്താഗതിയുടെ പ്രശ്‌നം അടിമുടി മാറ്റം വരുത്തല്‍ പ്രവര്‍ത്തികമാക്കാന്‍ പലര്‍ക്കും സാധിക്കില്ല എന്നുള്ളതാണ്.
നമുക്ക് പ്രായോഗികമായി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ലക്ഷ്യം വെക്കുകയാണ് പ്രധാനം. പൊതുവായി ഇന്നതൊക്കെ ചെയ്യും എന്ന് പറയാതെ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമായി കുറിച്ചുവെക്കുക. വ്യായമങ്ങളിലാണെങ്കില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ തെരഞ്ഞെടുക്കുക. അമിതവണ്ണം കുറയ്‌ക്കുന്ന കാര്യത്തില്‍ ചെറിചെറിയ ചുവടുകളാണ് വെക്കേണ്ടത്.