ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് ആരോഗ്യം. ഓരോരുത്തരും ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒന്നാണ് ആരോഗ്യം എന്നത്. ജീവിതത്തില്‍ കൂടുതല്‍ ആരോഗ്യവാന്മാരായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കാറുള്ളത്. ആരോഗ്യം എന്നാല്‍ രോഗത്തിന്‍റെ വിപരീതമാണ്.
പലതരത്തിലുള്ള ആരോഗ്യമുണ്ട്. ശാരീരിക ആരോഗ്യം, മാനസികാരോഗ്യം, സാമൂഹികാരോഗ്യം എന്നിവയെല്ലാം ആരോഗ്യത്തില്‍ ഉള്‍പ്പെടുന്നവ തന്നെയാണ്. ശാരീരിക ആരോഗ്യം എന്നത് കൊണ്ട് ഉദ്യേശിക്കുന്നത് അസുഖകളൊന്നുമില്ലാതെ പൂര്‍ണ ആരോഗ്യവാനായിരിക്കുന്നതാണ്.
ജീവിതത്തില്‍ നാം ചെയ്യുന്ന ജോലികളോ മറ്റ് കാര്യങ്ങളോ കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുന്നത് ശാരീരികമായി ആരോഗ്യവാനായിരിക്കുന്നതിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ആരോഗ്യം എന്നത് ശരീരത്തിന്‍റെ പ്രവര്‍ത്തനപരവും ഉപാപചയ പ്രവര്‍ത്തന ക്ഷമതയും സാമൂഹികമായതും ആത്മീയമായതുമായ മാറ്റങ്ങളോട് എങ്ങനെ പൊരുത്തപ്പെടാനും പ്രതികരിക്കാനും കഴിയുന്നു എന്നും പറയാം. മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറയാം.
മാനസികമായി തളര്‍ന്നിരിക്കുന്ന ഒരാളുടെ ശാരീരിക ആരോഗ്യം വേഗത്തില്‍ ഇല്ലാതായേക്കും. മനസിന്‍റെ സന്തോഷം എന്നത് ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. മാനസിക സംഘര്‍ഷങ്ങളും വിഷമതകളും സ്ഥിരമായി അനുഭവിക്കുന്ന ഒരാളില്‍ ശാരീരികമായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇത് നേരെ തിരിച്ചും സംഭവിക്കാം. ശാരീരികമായി അനാരോഗ്യകരമായ അവസ്ഥയാണെങ്കില്‍ അയാള്‍ക്ക് പതിയെ മാനസികാരോഗ്യം നഷ്‌ടപ്പെടാറുണ്ട്. ചില രോഗികളില്‍ മാനസിക സന്തോഷം ലഭിച്ചത് കൊണ്ട് മാത്രം അവര്‍ പൂര്‍ണ ആരോഗ്യവാന്മാരായി തിരിച്ചെത്താറുണ്ട്. ഇതെല്ലാം ഇവ രണ്ടും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്‍റെ തെളിവാണ്.
സന്തോഷം രോഗങ്ങളെ ചെറുക്കാന്‍ നമ്മെ സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യമുള്ള ആളുകളിലൂടെ മാത്രമെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ വരും തലമുറയ്ക്ക് വേണ്ടി പോലും നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒരാള്‍ പൂര്‍ണ ആരോഗ്യവാനായിരിക്കണമെങ്കില്‍ ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതിന് പ്രധാനമായും പാലിക്കേണ്ട പത്ത് തത്വങ്ങളുണ്ട്.
പൂര്‍ണ ആരോഗ്യവാനായിരിക്കണമെങ്കില്‍ ഒരാള്‍ ധാരാളം പോഷകാഹാരം കഴിക്കേണ്ടതുണ്ട്. എന്നാല്‍ പോഷകാഹാരങ്ങളിലൂടെ ഒരാള്‍ക്ക് ആരോഗ്യം ലഭിക്കണമെങ്കില്‍ അത് കഴിക്കേണ്ടതിന് പ്രത്യേക രീതികളുമുണ്ട്. ഭക്ഷണത്തോടൊപ്പം ദിവസവും ചെയ്യുന്ന വ്യായാമവും ആരോഗ്യം സംരക്ഷിക്കുന്ന മുഖ്യഘടകങ്ങളിലൊന്നാണ്. ഇത്തരത്തില്‍ ശാരീരിക ആരോഗ്യം സംരക്ഷിക്കാനായി ജീവിതത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
1.ഭക്ഷണം കഴിക്കേണ്ട രീതി: ആരോഗ്യം മെച്ചപ്പെട്ടതാവാണമെങ്കില്‍ ഭക്ഷണം നല്ലതാവണമെന്ന് എല്ലാവരും പറയും, എന്നാല്‍ അതിനൊപ്പം തന്നെ ഭക്ഷണം കഴിക്കുന്ന രീതിയും നന്നായിരിക്കണമെന്നതാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് ഇരുന്ന് തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം. നിന്ന് കൊണ്ടുള്ള തീറ്റ ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കും. സ്‌പൂണുകളോ തവികളോ ഉപയോഗിച്ചുള്ള കഴിക്കല്‍ ഉപേക്ഷിച്ച് കൈ കൊണ്ട് അതും വലത് കൈ കൊണ്ട് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം വേഗത്തില്‍ വാരി വലിച്ച് കഴിക്കുന്നതിനെക്കാള്‍ ഉത്തമം ചവച്ചരച്ച് സാവധാനം കഴിക്കുന്നതാണ്. ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതും ശരീരത്തിന് ഏറെ ഗുണകരമാണ്.