ഒരു ദിവസം എട്ട് മണിക്കൂർ സമയം കൃത്യമായ ഉറക്കം കിട്ടാത്ത സാഹചര്യം ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെയും അക്കാദമിക് പ്രകടനത്തെയും പെരുമാറ്റങ്ങളെയും ബാധിക്കുമെന്ന് പഠനങ്ങൾ ഇതിനകം തെളിയിച്ചിട്ടുണ്ട്. എന്നാൽ കൃത്യമായി ഉറക്കം ലഭിക്കാത്തവർ നേരിടുന്ന മറ്റ് പ്രശ്‌നങ്ങളും അനവധിയാണ്. ഹൈസ്‌കൂൾ വിദ്യാർഥികളിൽ 73 ശതമാനം പേർ എട്ട് മണിക്കൂറിന് താഴെയാണ് ഉറങ്ങുന്നതെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്.
ഉറക്കമില്ലായ്‌മ സൃഷ്‌ടിക്കുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനായി സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്‌പിറ്റൽ മെഡിക്കൽ സെന്‍ററിൽ ബ്രിഗാം യംഗ് യൂണിവേഴ്‌സിറ്റി റിസർച്ച് സംഘം പഠനം നടത്തുകയുണ്ടായി. ഉറക്കക്കുറവ് കൗമാരക്കാരിൽ ശരീര ഭാരം വർധിപ്പിക്കുമെന്നും കാർഡിയോമെറ്റബോളിക് രോഗങ്ങൾ സൃഷ്‌ടിക്കുമെന്നും പഠനം പറയുന്നു. സ്ലീപ് ജേണലിലൂടെയാണ് പഠനം പുറത്തുവിട്ടത്.
കൗമാരക്കാരിൽ ഉറക്കമില്ലായ്‌മ മോശം ഭക്ഷണ ക്രമം പിന്തുടരുന്നതിന് ഇടയാക്കുമെന്നും പഠനത്തിൽ വിലയിരുത്തുന്നു. ഉറക്കം കുറയുന്ന സാഹചര്യത്തിൽ കൗമാരക്കാർ കൂടുതലായും മധുര പലഹാരങ്ങളും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ശീതളപാനീയങ്ങളുമാകും കഴിക്കുകയെന്ന് പഠനത്തിന് നേതൃത്വം നൽകുന്ന ഡോക്‌ടർ അഭിപ്രായപ്പെട്ടു.
ഹെൽത്തി സ്ലീപ്പ്, ഷോർട്ട് സ്ലീപ്പ് എന്നീ രണ്ട് സാഹചര്യങ്ങളിൽ 93 കൗമാരക്കാരുടെ ഭക്ഷണക്രമവും ഉറക്കവുമാണ് ശാസ്‌ത്രജ്ഞർ പഠനത്തിന് വിധേയമാക്കിയത്. പ്രതിദിനം ആറ് മണിക്കൂർ ഉറങ്ങുന്നത് ഷോർട്ട് സ്ലീപ്പും ഒമ്പത് മണിക്കൂർ ഉറങ്ങുന്നത് ഹെൽത്തി സ്ലീപ്പുമായാണ് ശാസ്‌ത്രജ്ഞർ കണക്കാക്കിയത്. ഒരാൾ കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ അളവ്, മാക്രോനൂട്രിയന്‍റ് കണ്ടന്‍റ്, ഭക്ഷണ വിഭാഗങ്ങൾ, ഗ്ലൈക്കീമിക് ഭക്ഷണത്തിന്‍റെ അളവ് എന്നിവയാണ് ശാസ്‌ത്രജ്ഞർ പരിശോധിച്ചത്.
ജങ് ഫുഡ് ഇൻടേക്ക് കൂടുന്നു
ഉറക്കക്കുറവുള്ള കൗമാരക്കാരിൽ ഫുഡ് ഇൻടേക്ക് വർധിച്ചെന്നും തുടർന്ന് രക്തത്തിലെ ഷുഗറിന്‍റെ അളവ് വർധിക്കുന്നതായും കണ്ടെത്തി. രാത്രി 9 മണിക്ക് ശേഷമാണ് കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതെന്നും ഹെൽത്തി സ്ലീപ് കിട്ടുന്ന സമയം സാഹചര്യത്തിൽ ഇത്തരത്തിൽ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറവാണെന്നും പഠനം പറയുന്നു. ഷോർട്ട് സ്ലീപ് കിട്ടുന്നവരും ഹെൽത്തി സ്ലീപ് കിട്ടുന്നവരും പഴവർഗങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ട്.