തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളിപ്പനി എന്നറിയപ്പെടുന്ന ഹാന്‍ഡ് ഫൂട് മൗത്ത് ഡിസീസില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യമന്ത്രാലയം. കുട്ടികളില്‍ വ്യാപകമായും മുതിര്‍ന്നവരില്‍ വളരെ അപൂര്‍വമായും ബാധിക്കുന്ന അസുഖമാണിത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്‌ക്ക് കാരണമാണ്.
രോഗബാധിതരുടെ ശരീര ഭാഗങ്ങളിലുണ്ടാകുന്ന ചുവന്ന കുരുക്കള്‍ കാരണമാണ് തക്കാളിപ്പനി എന്ന പേര് വന്നത്. രോഗബാധിതരുടെ പ്രത്യേകിച്ചും ആറ് വയസിന് താഴെയുള്ള കുട്ടികളുടെ കൈ-കാലുകളിലും വായയുടെ ഉള്ളിലും ചെറുകുമിളകള്‍ പ്രത്യക്ഷപ്പെടും. തക്കാളിയുടെ നിറമുള്ളതിനാലാണ് ഇതിനെ തക്കാളിപ്പനിയെന്ന് വിളിക്കുന്നത്.
രോഗബാധിതരില്‍ നിന്ന് നേരിട്ടാണ് വൈറസ് പകരുന്നത്. വൈറസ് ശരീരത്തില്‍ കയറി ഒരാഴ്‌ചക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ചെറിയ പനിയായി തുടങ്ങി, പിന്നീട് കൈകാലുകളിലും വായിലും ചുവന്ന വെള്ളം നിറഞ്ഞ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ചിലരില്‍ വായിലെ തൊലി പോവുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും.
ഒപ്പം ക്ഷീണം, തൊണ്ട വേദന, ആഹാരവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ട്, ശരീര വേദന എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. വായ്‌ക്കുള്ളില്‍ തൊലി പോകുന്നതിനാല്‍ ആഹാരം കഴിക്കുന്നതിനടക്കം ബുദ്ധിമുട്ട് അനുഭവപ്പെടും.
രോഗലക്ഷണങ്ങള്‍:കടുത്ത പനി, പേശിവേദന, ക്ഷീണം, ഉയര്‍ന്ന ഹൃദയമിടിപ്പ്, സന്ധിവേദന, ചൊറിച്ചില്‍, ഛര്‍ദ്ദി, നിര്‍ജ്ജലീകരണം, വയറിളക്കം തുടങ്ങിയവയാണ് തക്കാളിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. തക്കാളിപ്പനി ബാധിച്ചവരില്‍ കണ്ട് വരുന്ന കുമിളകള്‍ മങ്കിപോക്‌സിന് സമാനമായ കുമിളകളാണ്. കുട്ടികളില്‍ ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയുടെ അനന്തരഫലമായും തക്കാളിപ്പനി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഒരാഴ്‌ചക്കാലം നീണ്ടുനില്‍ക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും അപൂര്‍വമായി ഈ രോഗം തലച്ചോര്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്‌ദര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുത്.
രോഗം പകരുന്നത്:രോഗബാധിതരില്‍ നിന്ന് നേരിട്ടാണ് രോഗം പകരുന്നത്. രോഗികളുടെ സ്രവങ്ങളിലൂടെയാണ് രോഗം പകരുക. അങ്കണവാടി, നഴ്‌സറി, സ്‌കൂള്‍ തുടങ്ങിയ കുട്ടികള്‍ അടുത്ത് ഇടപഴകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ രോഗം വളരെ വേഗം പകരാനുള്ള സാധ്യതയുണ്ട്. ശരീരത്തിലുണ്ടാകുന്ന ചുവന്ന കുരുക്കളില്‍ നിന്നുളള സ്രവത്തില്‍ നിന്നും രോഗം വേഗത്തില്‍ പകരും. രോഗബാധിതര്‍ സ്‌പര്‍ശിച്ചയിടത്ത് മറ്റൊരാള്‍ സ്‌പര്‍ശിച്ചാലും രോഗം പകരും.
പ്രതിരോധമാര്‍ഗങ്ങള്‍:വ്യക്തി ശുചിത്വം പാലിക്കുക എന്നത് തന്നെയാണ് രോഗം പകരാതിരിക്കാനുള്ള പ്രധാന പ്രതിരോധ മാര്‍ഗം. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം ഒഴിവാക്കുക. ശരീരത്തിലെ തടിപ്പുകള്‍ തൊട്ട് നോക്കാതിരിക്കുക. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.
രോഗത്തെ കുറിച്ച് കുട്ടികളില്‍ ബോധവത്‌കരണം നടത്തുകയും വേണം. വായിലും തൊണ്ടയിലും കുരുക്കള്‍ ഉണ്ടാകുന്നതിനാല്‍ ഭക്ഷണവും വെള്ളവും ഇറക്കുമ്പോഴുള്ള വേദന മൂലം ആഹാരക്കുറവും നിര്‍ജലീകരണത്തിനും സാധ്യതയുണ്ട്. അതിനാല്‍ ചെറു ചൂടുവെള്ളം ഇടയ്‌ക്കിടെ കുടിക്കുക.
പരിശോധന:ശരീരസ്രവങ്ങള്‍ പരിശോധിച്ചാണ് വൈറസ് ബാധ കണ്ടെത്തുന്നത്. രണ്ട് മുതല്‍ നാല് ആഴ്‌ച വരെയാണ് ഇതിന് ആവശ്യമായി വരുന്നത്. തക്കാളിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടമായി 48 മണിക്കൂറിനുള്ളില്‍ തൊണ്ടയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കാം.
ആര്‍ ടി പി സി ആര്‍ ഉള്‍പ്പടെ മൂന്ന് തരം പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. രോഗം ബാധിച്ചവര്‍ക്ക് ഒന്നോ രണ്ടോ ആഴ്‌ചയെടുത്താകും രോഗം ഭേദമാകുക. ശരീരത്തില്‍ കുമിളകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഉണങ്ങുന്നതിന് വീണ്ടും ദിവസങ്ങളെടുക്കും.