ഓണ്‍ലൈന്‍ പഠനവും, കൊവിഡ് മഹാമാരി കാലത്തെ സമ്മര്‍ദവും കൗമാരക്കാരില്‍ പുതിയതായി തലവേദന സൃഷ്‌ടിക്കുന്നതായി കണ്ടെത്തല്‍. യൂറോപ്യൻ അക്കാദമി ഓഫ് ന്യൂറോളജി (EAN) കോൺഗ്രസ് 2022-ൽ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീട്ടില്‍ ഓണ്‍ലൈന്‍ പഠനത്തിന് അനുയോജ്യ സാഹചര്യമില്ലാത്തതും, ഏറെ നേരം കമ്പ്യൂട്ടറിലേക്കും, മൊബൈല്‍ സ്‌ക്രീനിലേക്കും നോക്കി ഇരിക്കുന്നതും കൊവിഡിനെ കുറിച്ചുള്ള ഉത്‌കണ്‌ഠയുമാണ് പുതിയതായി തലവേദന സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനവിന് കാരണമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
കൊവിഡിന്‍റെ പ്രാരംഭ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനം നടത്തിയ ചെറുപ്പക്കാരില്‍ തലവേദന സ്ഥിരീകരിച്ചിരുന്നത് വിരളമായാണ് എന്നായിരുന്നു നേരത്തെ പുറത്ത് വന്ന പഠനങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മറ്റൊന്നാണെന്നും കൂടുതല്‍ പേരിലും തലവേദന സ്ഥിരീകരിക്കുന്നുണ്ടെന്നും തുർക്കിയിലെ കരാമനിലുള്ള എർമെനെക് സ്റ്റേറ്റ് ആശുപത്രിയിലെ പ്രധാന ഗവേഷകനായ അയ്‌സ് നൂർ ഓസ്‌ഡാഗ് അകാർലി അഭിപ്രായപ്പെട്ടു.
കൗമാരക്കാരിലെ തലവേദന: പഠനത്തിനായി 10 നും 18 നും ഇടയിൽ പ്രായമുള്ള 851 കൗമാരക്കാരെയാണ് ഗവേഷകസംഘം വിശകലനം ചെയ്‌തത്. പഠന കാലയളവില്‍ 89 ശതമാനം വരുന്ന 756 കുട്ടികളിലാണ് തലവേദന റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ പത്ത് ശതമാനത്തോളം പേര്‍ക്കും പുതിയ സാഹചര്യത്തില്‍ പുതിയതായി തലവേദന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.