ആരോഗ്യത്തിന് പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നതിന് വായു മലിനീകരണത്തിനും പങ്ക് ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ വിഷാംശം അടങ്ങിയ മലിനമായ വായു ശ്വസിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബർമിങ്‌ഹാം സർവകലാശാലയിലെയും ചൈനയിലെ ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷകരാണ് വിഷയത്തില്‍ അടുത്തിടെ പഠനം നടത്തിയത്.
വിഷകണങ്ങള്‍ അടങ്ങിയ വായു ശ്വസിക്കുന്നത് മനുഷ്യനില്‍ നാഡീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. കൂടാതെ ഇവ തലച്ചോറിനെയും മോശമായി ബാധിക്കാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ശ്വസനത്തിലൂടെ ശരീരത്തിനുള്ളില്‍ എത്തുന്ന സൂക്ഷ്‌മ കണങ്ങള്‍ ഉപയോഗിക്കുന്ന സഞ്ചാര പാതയും ഗവേഷകര്‍ കണ്ടെത്തി.
ശരീരത്തിനുള്ളില്‍ എത്തുന്ന വിഷ കണികകള്‍ രക്ത ചംക്രമണത്തിലൂടെയാണ് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇവ തലച്ചോറില്‍ കൂടുതല്‍ നേരം തങ്ങിനില്‍ക്കുന്നതായി ഗവേഷകര്‍ അവകാശപ്പെടുന്നു. മസ്‌തിഷ്‌ക വൈകല്യങ്ങള്‍ ബാധിച്ച രോഗികളില്‍ നിന്നും ശേഖരിച്ച മനുഷ്യ സെറിബ്രോസ്‌പൈനൽ ദ്രാവകങ്ങളിൽ നിന്ന് ധാരാളം സൂക്ഷ്‌മ കണികകളാണ് ഗവേഷകര്‍ കണ്ടെത്തിയത്.