കൂര്‍ക്കംവലി (sleep apnea) ഹൃദയസ്പന്ദനത്തെ സാരമായി ബാധിക്കുമെന്ന് പഠനം. 42,000 പേരില്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് ജേണല്‍ ഓഫ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓക്സിജന്‍റെ കുറവ് അഥവാ ഹെപ്പോക്സിയ(hypoxia) എന്ന അവസ്ഥയാണ് ഉറക്കത്തിലെ കൂര്‍ക്കം വലിക്ക് കാരണം.
ഇത് ഹൃദയ വാല്‍വിലെ ചെറു തന്തുക്കളെ ബാധിക്കുകയും ക്രമേണ ഹൃദയമിടിപ്പിന്‍റെ താളം തെറ്റിക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു. ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തിലെ താളപ്പിഴകള്‍ ഹൃദയപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് പഠനം നടത്തിയ ക്ലീവ് ലാന്‍ഡ് ക്ലിനിക്കിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ആട്രിയല്‍ ഫിബ്രില്ലേഷന്‍ (AFib) എന്ന ഗുരുതരമായ ഈ രോഗാവസ്ഥ ഹൃദയത്തിലെ രക്തം കട്ടപിടിക്കലിന് വരെ ഇടയാക്കുന്നു. അതിവേഗം ഇടിക്കുന്ന ഹൃദയം രക്തചംക്രമണം കുറയ്ക്കുകയും പക്ഷാഘാത, ഹൃദയാഘാത സങ്കീര്‍ണതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കൂര്‍ക്കം വലിക്കാരില്‍ അഞ്ച് ശതമാനത്തിനും അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ ആട്രിയല്‍ ഫിബ്രില്ലേഷന്‍ എന്ന രോഗാവസ്ഥ തിരിച്ചറിഞ്ഞതായി പഠനം വ്യക്തമാക്കുന്നു. ഓക്സിജന്‍റെ അളവില്‍ പത്ത് ശതമാനം കുറവുണ്ടാകുമ്പോള്‍ ആട്രിയല്‍ ഫിബ്രില്ലേഷന്‍ സാധ്യത മുപ്പത് ശതമാനം വര്‍ദ്ധിക്കും.
കൂര്‍ക്കം വലി കൃത്യമായി ചികിത്സിച്ചാല്‍ രോഗ സാധ്യത കുറയ്ക്കാം. ഉറക്കത്തിലെ ശ്വാസോച്ഛ്വാസ ബുദ്ധിമുട്ടുകളെയും ഇത് ഹൃദയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനെക്കുറിച്ചും കൂടുതല്‍ പഠനം നടത്താന്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.
also read; പ്രമേഹമെന്ന് കേട്ടതും മിഥ്യാധാരണകള്‍ കൊണ്ട് വിറളിപിടിക്കാന്‍ വരട്ടെ; 'ഷുഗര്‍' നിസാരക്കാരനാണ്, പക്ഷെ അപകടകാരിയും
നിലവില്‍ കൂര്‍ക്കം വലിക്കുള്ള ചികിത്സയായ സിപിഎപി(CPAP)യിലൂടെ പ്രശ്‌നസാധ്യത കുറയ്ക്കാനാകുമോയെന്നതും പഠന വിധേയമാക്കും. ഉറക്കത്തില്‍ അധികം ഓക്സിജന്‍ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചികിത്സയില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ സാധ്യതകളും പരിശോധിക്കും.