കൊളംബിയ: ഹ്രസ്വകാലയളവിലുള്ള അനാരോഗ്യ ജീവിതചര്യ ഇന്‍സുലിനോടുള്ള രക്‌തക്കുഴലുകളുടെ സംവേദന ക്ഷമത കുറയ്‌ക്കുമെന്ന് പഠനം. "എൻഡോക്രൈനോളജി" എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തല്‍. യുഎസിലെ മസൂറി സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്
ഹ്രസ്വകാലയളവിലെ അനാരോഗ്യ ജീവിതചര്യ സ്‌ത്രീകളെയും പുരുഷന്‍മാരെയും വ്യത്യസ്‌തമായാണ് ബാധിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. ആര്‍ത്തവ വിരാമം ഉണ്ടാകാത്ത സ്ത്രീകളുടെ ആരോഗ്യത്തെ വ്യായാമം ചെയ്യാതിരിക്കുകയും കൂടുതല്‍ മധുരം കഴിക്കുന്നതുമായ ഹ്രസ്വകാലത്തേക്കുള്ള ജീവിത ശൈലി പുരുഷന്‍മാരെ അപേക്ഷിച്ച് അത്രകണ്ട് ബാധിക്കില്ല എന്നും പഠനത്തില്‍ കണ്ടെത്തി.
ഇന്‍സുലിന്‍ പ്രതിരോധം രക്തക്കുഴല്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഗ്ലൂക്കോസിനെ ഉപയോഗപ്പെടുത്താനായി കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള ഇന്‍സുലിന്‍റെ ശേഷി കുറയുന്നതിനെയാണ് ഇന്‍സുലില്‍ പ്രതിരോധം എന്ന് പറയുന്നത്. ഇന്‍സുലിന്‍ പ്രതിരോധം അമിതവണ്ണത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകുന്നു.
പഠനം നടത്തിയത് എങ്ങനെ?ആരോഗ്യമുള്ള ചെറുപ്പക്കാരയ സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന 35 പേരിലെ രക്‌തക്കുഴല്‍ ഇന്‍സുലിന്‍ പ്രതിരോധം പരിശോധിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. പത്ത് ദിവസക്കാലയളവില്‍ ഇവരുടെ ശാരീരിക ആയാസങ്ങള്‍ കുറച്ചും കൂടുതല്‍ മധുര പാനീയങ്ങള്‍ നല്‍കിയുമാണ് ഇവരില്‍ ഇന്‍സുലിന്‍ പ്രതിരോധം സൃഷ്‌ടിച്ചത്. ഇവരുടെ ഒരു ദിവസത്തെ നടത്തം 10,000 ചുവടുകളില്‍ നിന്ന് 5000 ചുവടുകളായി കുറച്ചു. കൂടാതെ ഒരു ദിവസം ആറ് കേന്‍ ശീതള പാനിയവും കുടിക്കാന്‍ കൊടുത്തു.
ആര്‍ത്തവ വിരാമത്തിന് മുമ്പ് സ്ത്രീകളില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് ഇന്‍സിലുന്‍ പ്രതിരോധവും ഹൃദ്രോഗവും കുറവായിരിക്കുമെന്ന് നേരത്തെതന്നെ കണ്ടെത്തപ്പെട്ടതാണ്. എന്നാല്‍ ചെറിയ കാലയളവില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതും ശരീര ആയാസം കുറയുന്നതും സ്ത്രീകളിലും പുരുഷന്‍മാരിലും എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം.
പ്രശ്‌നം പുരുഷന്‍മാരില്‍: പഠനത്തില്‍ വ്യക്തമായത് കൂടുതല്‍ ഇരുന്നുള്ളതും കൂടുതല്‍ മധുരവും കഴിക്കുന്ന പുരുഷന്‍മാരില്‍ മാത്രമെ ഇന്‍സുലിനാല്‍ ഉത്തേജിക്കപ്പെടുന്ന കാലിലെ രക്തയോട്ടവും അഡ്രോപിൻ എന്ന പ്രോട്ടീനും കുറയുന്നുള്ളൂ എന്നാണ്. ഇന്‍സുലിന്‍ സംവേദനക്ഷമതയെ നിയന്ത്രിക്കുന്ന പ്രോട്ടീനാണ് അഡ്രോപിന്‍. ഹൃദ്രോഗകളുടെ പ്രധാനപ്പെട്ട ജൈവിക അടയാളമാണ്(biomarker) ഇത്.
കൂടുതല്‍ പഞ്ചസാര കഴിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്പോഴുണ്ടാകുന്ന ശാരീരിക പ്രതികരണം സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്‌തമാണ് എന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. പുരുഷന്‍മാരാണ് ഇതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
കുറഞ്ഞകാലയളവിലുള്ള അനാരോഗ്യ ജീവിത ശൈലി മനുഷ്യന്‍മാരില്‍ രക്തക്കുഴല്‍ ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകുന്നതിന് വഴിവെക്കാം എന്നുള്ളതിന് ആദ്യമായാണ് തെളിവ് ലഭിക്കുന്നത്. കൂടാതെ അഡ്രോപിൻ ലെവിലില്‍ ഉണ്ടാകുന്ന കുറവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ഇന്‍സൂലിന്‍ പ്രതിരോധത്തിലെ ലിംഗപരമായ വ്യത്യാസവും കണ്ടെത്തുന്നത് ആദ്യമായാണ്.
ഇനി കണ്ടെത്താനുള്ളത് ഹ്രസ്വകാലയളവിലുള്ള അനാരോഗ്യ ജീവിത ശൈലി സൃഷ്‌ടിക്കുന്ന രക്തക്കുഴലിലും മെറ്റാബോളിക്കിലുമുള്ള മാറ്റങ്ങള്‍ പൂര്‍വ സ്ഥിതിയില്‍ ആവാന്‍ എത്ര സമയം എടുക്കുമെന്നാണെന്ന് ഗവേഷകര്‍ പറഞ്ഞു. കൂടാതെ ലിംഗപരമായ മാറ്റങ്ങള്‍ രക്തക്കുഴല്‍ ഇന്‍സുലിന്‍ പ്രതിരോധത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കൂടുതല്‍ പഠനവിധേയമാക്കണമെന്നും ഗവേഷകര്‍ വ്യക്തമാക്കി.