വാഷിങ്‌ടണ്‍ :വിഷാദം അനുഭവിക്കുന്ന യുവാക്കള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. 18നും 49നും ഇടയില്‍ പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ വിശകലനം ചെയ്‌ത് ജോണ്‍സ് ഹോപ്‌കിന്‍സ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വിഷാദ രോഗമുള്ളവരുടെ ഹൃദയാരോഗ്യം മോശമായിരിക്കും.
വിഷാദമുള്ളതോ മാനസിക ആരോഗ്യം കുറഞ്ഞവരോ ആയ യുവാക്കള്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാവാനുള്ള സാധ്യത മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലാത്ത സമപ്രായക്കാരേക്കാള്‍ കൂടുതലായിരിക്കുമെന്ന് പഠനം പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഹൃദയസംബന്ധമായ രോഗങ്ങളും മാനസികാരോഗ്യവുമായും ബന്ധം ഉണ്ടെന്നുള്ളതിന് കൂടുതല്‍ തെളിവാണ് പഠനം നല്‍കുന്നത്. പ്രായപൂര്‍ത്തിയാവുന്നതിന്‍റെ ആരംഭഘട്ടത്തില്‍ തന്നെ ഇവ രണ്ടും തമ്മിലുള്ള ബന്ധം തുടരുമെന്നും പഠനം വ്യക്തമാക്കുന്നു. 'നമ്മള്‍ സമ്മര്‍ദത്തിലോ ഉത്‌കണ്ഠയിലോ ആയിരിക്കുമ്പോള്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും വര്‍ധിക്കുന്നു. കൂടാതെ ഒരാള്‍ക്ക് വിഷാദം അനുഭവപ്പെടുമ്പോള്‍ ആ വ്യക്തി പല അനാരോഗ്യകരമായ ജീവിത രീതിയും പിന്തുടരുന്നു. പുകവലി, മദ്യപാനം, കുറച്ച് ഉറങ്ങുക തുടങ്ങിയവ. കൂടാതെ വ്യായാമം ഇല്ലാത്ത അവസ്ഥയുമുണ്ടാകുന്നു. ഇതൊക്കെ ഹൃദയാരോഗ്യം നശിപ്പിക്കുന്നു' - ജോണ്‍ ഹോപ്‌കിന്‍സ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസറും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയുമായ ഗരിമ ശര്‍മ പറഞ്ഞു.
പഠന രീതി : 5.9 ലക്ഷം പേരാണ് പഠനത്തില്‍ പങ്കെടുത്തത്. 2017നും 2020നും ഇടയിലുള്ള ഇവരുടെ ആരോഗ്യ വിവരങ്ങളാണ് പരിശോധിച്ചത്. വിഷാദ രോഗത്തിനനുസൃതമായ പെരുമാറ്റങ്ങള്‍ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? കഴിഞ്ഞ മാസം എത്ര ദിവസം നിങ്ങള്‍ മോശം മാനസിക ആരോഗ്യം അനുഭവിച്ചിട്ടുണ്ട് ? ഹൃദയാഘാതം, നെഞ്ചുവേദന, പക്ഷാഘാതം എന്നിവ ഉണ്ടായിട്ടുണ്ടോ ? ഹൃദ്രോഗത്തിന് കാരണമാകുന്ന ജീവിത ശൈലീപരമായ കാര്യങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടോ ? എന്നിവയായിരുന്നു പഠനത്തില്‍ പങ്കെടുത്തവരോടുള്ള ചോദ്യങ്ങള്‍.