ആന്‍റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജിച്ച ടൈഫോയിഡ് ബാക്‌ടീരിയകള്‍ ലോകത്ത് വര്‍ധിക്കുന്നു എന്ന് പഠനം. സാൽമൊണല്ല ടൈഫി എന്ന ബാക്‌ടീരിയയാണ് ടൈഫോയിഡ് ഉണ്ടാക്കുന്നത്. പ്രമുഖ ശാസ്‌ത്ര ജേര്‍ണലായ ദി ലാന്‍സെറ്റ് മൈക്രോബില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മുന്നറിയിപ്പുള്ളത്.
ബാക്‌ടീരിയകളുടെ ജനിതക ശ്രേണീകരണം നടത്തി വിവരങ്ങള്‍ വിശകലനം ചെയ്‌താണ് ശാസ്‌ത്രജ്ഞര്‍ കണ്ടെത്തല്‍ നടത്തിയത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ആന്‍റിബയോട്ടിക്കുകളോട് പ്രതിരോധം നേടിയ ടൈഫോയിഡ് ബാക്‌ടീരിയകള്‍ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപകമായി പടര്‍ന്നിട്ടുണ്ട്. 1990കള്‍ മുതല്‍ ഇത്തരം ബാക്‌ടീരിയകളുടെ വ്യാപനത്തില്‍ 200 മടങ്ങിന്‍റെ വര്‍ധനവാണ് ഉണ്ടായത്.
1.10 കോടി ടൈഫോയിഡ് കേസുകളാണ് ഒരോ വര്‍ഷവും ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ എഴുപത് ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഒരു ലക്ഷം മരണങ്ങളാണ് ടൈഫോയിഡ് കാരണം ലോകത്തില്‍ ഒരോ വര്‍ഷവും ഉണ്ടാകുന്നത്.
ആംപിസിലിൻ, ക്ലോറാംഫെനിക്കോൾ, ട്രൈമെത്തോപ്രിം, സൾഫമെത്തോക്‌സോള്‍ എന്നീ ആന്‍റിബയോട്ടിക്കുകളാണ് ടൈഫോയിഡ് രോഗികള്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. ഈ ആന്‍റിബയോട്ടിക്കുകളോട് പ്രതിരോധമുള്ള ബാക്‌ടീരിയകളെ മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‍ഡ് ആയിട്ടാണ് വര്‍ഗീകരിച്ചിരിക്കുന്നത്. കൂടാതെ മാക്രോലൈഡ്, ക്വിനോലോൺ എന്നീ വിഭാഗത്തില്‍പ്പെട്ട ആന്‍റിബയോട്ടിക്കുകളോടും പ്രതിരോധമുള്ള സാൽമൊണല്ല ടൈഫി ബാക്‌ടീരിയകളുടെ പുതിയ വകഭേദങ്ങളെയും പഠനത്തില്‍ കണ്ടെത്തി.
പല വകഭേദങ്ങളും സെഫാലോസ്‌പോരിൻസ് എന്ന മൂന്നാം തലമുറ ആന്‍റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജിക്കുന്നുണ്ടെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നു. ചികിത്സയില്‍ അമിതമായി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോഴാണ് അതിനോട് പ്രതിരോധമുള്ള ബാക്‌ടീരിയകളും മറ്റ് രോഗാണുക്കളും വ്യാപകമാകുന്നത്. ഏത് ആന്‍റിബയോട്ടിക്കുകളോട് ആണോ ബാക്‌ടീരിയ പ്രതിരോധം ആര്‍ജിച്ചത്, ആ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് പ്രസ്‌തുത ബാക്‌ടീരിയ ഉണ്ടാക്കുന്ന രോഗത്തെ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല.