ലണ്ടന്‍:കൊവിഡ് ബാധിച്ച എട്ടില്‍ ഒരാള്‍ക്ക് ദീര്‍ഘകാല രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പഠനം. വെള്ളിയാഴ്‌ച (05.08.2022) പുറത്തിറക്കിയ ദി ലാന്‍സറ്റ് ജേര്‍ണലാണ് ഈ വിവരം പുറത്തുവിട്ടത്. 'ലോങ് കൊവിഡ്' എന്ന ഇത്തരം ദീര്‍ഘദൂര കൊവിഡ് ബാധിതരിലും, കൊവിഡ് ബാധിക്കാത്തവരിലും, കൊവിഡിന് രോഗബാധയേറ്റതിന് മുമ്പും ശേഷവുമുള്ള വ്യക്തികളിലും നടത്തിയ താരതമ്യ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
പഠനത്തില്‍ രോഗബാധിതരല്ലാത്ത വിഭാഗത്തെ ഉള്‍പ്പെടുത്തിയത് ദീര്‍ഘകാല കൊവിഡ് രോഗലക്ഷണങ്ങളുടെ വ്യാപനത്തെ കുറിച്ച് കൃത്യമായ പ്രവചനം നടത്താന്‍ സഹായകമായി. ഇത്തരത്തില്‍ "കൊവിഡ് രോഗബാധയ്‌ക്ക് ശേഷം രോഗികള്‍ അനുഭവിക്കുന്ന ദീര്‍ഘകാല രോഗലക്ഷണങ്ങളുടെ അളവും വ്യാപ്‌തിയും വ്യക്തമാക്കുന്ന ഡാറ്റയുടെ അടിയന്തര ആവശ്യമുണ്ട്" എന്ന് നെതര്‍ലന്‍ഡ്‌സിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗ്രോനിങനിലെ പ്രൊഫസര്‍ ജൂഡിത്ത് റോസ്‌മലന്‍ പറഞ്ഞു. കൊവിഡിനെ കുറിച്ചുള്ള മുന്‍ ഗവേഷണങ്ങളിലൊന്നും തന്നെ രോഗനിർണയം നടത്താത്ത ആളുകളിലും, രോഗനിര്‍ണയത്തിനു മുമ്പ് തന്നെ രോഗലക്ഷണമുള്ളവരിലും ഈ ലക്ഷണങ്ങളുടെ ആവൃത്തി പരിശോധിച്ചിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ റോസ്‌മലന്‍ അറിയിച്ചു.
Also Read: ഞരമ്പുകള്‍ പൊട്ടാം ; കൊവിഡ് തലച്ചോറിനെ ബാധിക്കുന്നത് എങ്ങനെ...?
കൊവിഡുമായി ബന്ധപ്പെട്ട് സാധാരണമായി കാണാറുള്ള ശ്വാസ സംബന്ധമായ തടസ്സങ്ങള്‍, തളര്‍ച്ച, മണവും രുചിയും നഷ്‌ടപ്പെടുന്ന അവസ്ഥ എന്നിവ തന്നെയാണ് പഠനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പഠനവിധേയരില്‍ നിന്ന് കൊവിഡുമായി ബന്ധപ്പെട്ട 23 ലക്ഷണങ്ങളെ കുറിച്ച് നിത്യേന ചോദ്യാവലി അയച്ചും വിവരങ്ങള്‍ ശേഖരിച്ചു. കൊവിഡിന്‍റെ ആല്‍ഫോ വകഭേദമോ, മുന്‍ വകഭേദങ്ങളോ സ്ഥിരീകരിച്ച 2020 മാര്‍ച്ച് മുതല്‍ 2021 ഓഗസ്‌റ്റ് വരെ പഠനവിധേയരാക്കിയ ഓരോരുത്തര്‍ക്കും 24 തവണ ഇത്തരത്തില്‍ ചോദ്യാവലി അയച്ചു. ആ സമയത്ത് കൊവിഡ് വാക്‌സിന്‍ സുലഭമായി ലഭിക്കാത്തതിനാല്‍ കുത്തിവയ്‌പ്പെടുത്തവരുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടിലുണ്ട്.
പഠനത്തിന്‍റെ ഭാഗമായ 76,422 പേരിൽ 4,231 പേര്‍ കൊവിഡ് ബാധിതരായിരുന്നുവെന്നും, കൊവിഡ് ലക്ഷണങ്ങളുള്ളതിനാല്‍ 8,462 പേര്‍ പ്രായ ലിംഗ ഭേദമന്യേ ചോദ്യാവലി പൂര്‍ത്തിയാക്കാന്‍ സമയം കണ്ടെത്തിയെന്നും പഠനത്തിലുണ്ട്. കൊവിഡ് ബാധിച്ച് മൂന്ന് മുതല്‍ അഞ്ച് മാസമായവരില്‍ കണ്ടെത്തിയ പുതിയതും, തീവ്രതയേറിയതുമായ ലക്ഷണങ്ങള്‍ 'ലോങ് കൊവിഡിന്‍റെ' പ്രധാന ലക്ഷണങ്ങളായി കാണാമെന്നും പഠനത്തില്‍ കണ്ടെത്തി.
Also Read: 'ലോകത്ത് പ്രതിദിനം 4000 പേർക്ക് എച്ച്‌ഐവി ബാധിക്കുന്നു' ; പ്രതിരോധിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് യുഎൻ
നെഞ്ചുവേദന, ശ്വസിക്കുമ്പോഴുള്ള ബുദ്ധിമുട്ട്, ശ്വസിക്കുമ്പോഴുള്ള വേദന, പേശി വേദന, മണവും രുചിയും നഷ്‌ടപ്പെടല്‍, കൈകാലുകളിൽ വിറയല്‍, തൊണ്ടയിലെ മുഴ, ചൂടും തണുപ്പും മാറിമാറി അനുഭവപ്പെടല്‍, കൈകാലുകള്‍ക്ക് ഭാരം തോന്നല്‍, ക്ഷീണം എന്നിവയാണ് പഠനസംബന്ധമായി ഇത്തരക്കാരില്‍ പ്രധാനമായും കണ്ടെത്തിയ ലക്ഷണങ്ങൾ. എന്നാല്‍ രോഗബാധയ്‌ക്ക് ശേഷം മൂന്ന് മാസത്തിനുള്ളിൽ ഈ ലക്ഷണങ്ങളുടെ തീവ്രത കുറഞ്ഞതായും പഠനത്തില്‍ കണ്ടെത്തി. അതേസമയം തലവേദന, കണ്ണിനുള്ള ചൊറിച്ചിൽ, തലകറക്കം, നടുവേദന, ഓക്കാനം എന്നിവ രോഗബാധയ്‌ക്ക് ശേഷം മൂന്ന് മുതല്‍ അഞ്ച് മാസക്കാലം വരെ കാര്യമായി കണ്ടെത്തിയിട്ടില്ല എന്നും പഠനം അടിവരയിടുന്നു.