സമകാലിക ലോകത്ത് ഏറ്റവും കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ് പുകയിലയും പുകയില ഉത്പന്നവും. പുകയില ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തെ പൂർണമായും പ്രതികൂലമായി ബാധിക്കുമെന്ന് അതിന്‍റെ നിര്‍മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ അറിയാം. പുകയിലയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയ്ക്ക് ഒരു നീണ്ട ചരിത്രം തന്നെയുണ്ട്.
പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. 1987ല്‍ ലോകാരോഗ്യ സംഘടനയാണ് പുകവലി ഉപയോഗം മൂലമുണ്ടാകുന്നരോഗങ്ങളെ കുറിച്ച് ആളുകളെ ബോധവത്കരിക്കാനായി ഈ ദിനം ആചരിച്ച് തുടങ്ങിയത്. 'പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധം' എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണം.
പുകയിലയില്‍ ഏകദേശം 70 ല്‍പരം രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്. പ്രധാനമായും ഇതില്‍ ഉപയോഗിക്കുന്നത് നിക്കോട്ടിന്‍ എന്ന രാസവസ്‌തുവാണ്. നിക്കോട്ടിന്‍ വളരെ ആസക്തിയുള്ള സൈക്കോ ആക്‌ടീവ് മരുന്നാണ്.
പുകവലിക്കുമ്പോള്‍ ശരീരത്തിന് അകത്ത് പ്രവേശിക്കുന്ന നിക്കോട്ടിന്‍ ശാരീരികവും മാനസികവുമായ അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു. പുകയിലയുടെ ഉപയോഗവും അതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചുമുള്ള പഠനത്തില്‍ അത് ശരീരത്തിനും ഒപ്പം മാനസികമായ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. പുകവലിക്കുന്ന എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമാണ് പുകവലി ക്യാൻസർ, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് കാരണമാകുന്ന കാര്യം.
പുകയിലുയുടെ ഉപയോഗം കണ്ണിന്‍റെ കാഴ്‌ചയേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ ഇന്ത്യയുടെ കണക്കനുസരിച്ച് ഏകദേശം 267 ദശലക്ഷം പേര്‍ പുകയില ഉപയോഗിക്കുന്നവരാണ്. ഇത്തരത്തില്‍ പുകവലിക്കുന്നവര്‍ക്ക് മാക്യുലാര്‍ ഡീജനറേഷന്‍(എഎംഡി) എന്ന നേത്ര രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഒരു വ്യക്തിയുടെ കണ്ണിന്‍റെ കാഴ്‌ചയെ ഇല്ലാതാക്കുന്ന നേത്ര രോഗമാണ് എഎംഡി. ഇത് മാത്രമല്ല പുകവലി കാരണം കണ്ണിന് ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് രോഗങ്ങളാണ് തിമിരം, ഗ്ലോക്കോമ എന്നിവ. പുകവലിക്കുന്നവരിലെ കണ്ണിന്‍റെ റെറ്റിന്ക്ക് തകരാറുകള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ മരണത്തിനും രോഗത്തിനും കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പുകയിലയുടെ ഉപയോഗം. ഇത് പ്രതിവർഷം 1.35 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് പുകയില ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.