വാഷിങ്ടൺ: പുകവലി, മദ്യപാനം, ഉയർന്ന ശരീരഭാരം (ബോഡി മാസ് ഇൻഡക്‌ഷൻ-ബിഎംഐ) എന്നിവ ആഗോള കാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളാണെന്ന് പഠനങ്ങൾ. പഠന റിപ്പോർട്ടുകൾ ദി ലാൻസെറ്റ് ജേണലിൽ വെള്ളിയാഴ്‌ച (19.08.2022) പ്രസിദ്ധീകരിച്ചു. പ്രാദേശികമായും ദേശീയമായും ആഗോളതലത്തിലും കാൻസർ മൂലമുള്ള മരണങ്ങളുടെ പ്രധാന ഘടകങ്ങളാണിവ. കൂടാതെ, അനാരോഗ്യത്തിനും ഇവ കാരണമാകുന്നു.
കാൻസർ ലോകമെമ്പാടും നേരിടുന്നൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുവെന്ന് യുഎസിലെ വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) ഡയറക്‌ടർ ക്രിസ്റ്റഫർ മുറെ പറഞ്ഞു. ആഗോളതലത്തിൽ കാൻസറിനുള്ള പ്രധാന അപകട ഘടകമായി പുകവലി തുടരുന്നു. കാൻസർ കോശങ്ങളുടെ എണ്ണം, ട്യൂമറിന്‍റെ വലുപ്പം അല്ലെങ്കിൽ ശരീരത്തിലെ ക്യാൻസറിന്‍റെ അളവ് എന്നിവയെ ഇവ സ്വാധീനിക്കുന്നു.
കാൻസര്‍ 'ബര്‍ഡൻ': കാൻസർ കോശങ്ങളുടെ എണ്ണം, ട്യൂമറിന്‍റെ വലുപ്പം അല്ലെങ്കിൽ ശരീരത്തിലെ കാൻസറിന്‍റെ അളവ് എന്നിവയെ കാൻസർ ബർഡൻ എന്ന് പറയുന്നു.
അപകട സാധ്യത ഘടകങ്ങൾ: രോഗങ്ങൾ (Diseases), രോഗങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾ (Injuries), അപകട ഘടകങ്ങൾ (Risk Factors) എന്നിവയെ കുറിച്ച് വിലയിരുത്താൻ പഠന റിപ്പോർട്ടുകൾ ഗവേഷകരെ സഹായിക്കുന്നു. 2019ലെ 23 തരം കാൻസറുകൾക്കും അനാരോഗ്യത്തിനും പെരുമാറ്റ(behavioural), ഉപാപചയ(metabolic), പാരിസ്ഥിതിക(environmental), തൊഴിൽപരമായ (occupational) അപകട സാധ്യതകൾ കാരണമായത് എങ്ങനെയെന്ന് ഗവേഷകർ അന്വേഷിച്ചു. ഇത്തരം അപകട സാധ്യത ഘടകങ്ങളെ മുൻനിർത്തി 2010നും 2019നും ഇടയിലുള്ള കാൻസർ ബർഡനിലുണ്ടായ (Cancer burdern) മാറ്റങ്ങളും വിലയിരുത്തി.
വിശകലനം:മരണനിരക്ക്, വൈകല്യം ക്രമീകരിച്ച ജീവിത-വർഷങ്ങൾ (DALYs) എന്നിവയെ അടിസ്ഥാനമാക്കിയാണ് കാൻസർ ഭാരത്തെ കണക്കാക്കുന്നത്, ഇത് മരണസംഖ്യയുടെയും, വൈകല്യത്തോടെ ജീവിച്ച വർഷങ്ങളുടെയും അളവാണ്. ഇരു ലിംഗക്കാർക്കും വിശകലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അപകടസാധ്യത ഘടകങ്ങൾ 2019ൽ ആഗോളതലത്തിൽ 105 ദശലക്ഷം കാൻസർ ഡാലികൾക്ക്(DALY) കാരണമായെന്നാണ് പഠന റിപ്പോർട്ടുകൾ. പുകയില ഉപയോഗം, മദ്യപാനം, സുരക്ഷിതമല്ലാത്ത ലൈംഗികത, ഭക്ഷണത്തിലെ അപകടസാധ്യതകൾ എന്നിങ്ങനെയുള്ള പെരുമാറ്റ അപകട ഘടകങ്ങളാണ് ആഗോളതലത്തിൽ ബഹുഭൂരിപക്ഷം കാൻസറിന്‍റെയും കാരണം.