മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മം നിങ്ങളുടെ ശരീരത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ മാറ്റങ്ങളെയും പ്രതിഫലിപ്പിക്കുന്നു. അതോടൊപ്പം പരിസ്ഥിതിയിലുള്ള വിനാശകാരികളായ സൂക്ഷ്മ ജീവികളില്‍ നിന്നും ഒരു സംരക്ഷണ കവചമായും നിലനിൽക്കുന്ന ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും നമുക്ക് പറഞ്ഞു തരുന്നു. ചര്‍മ്മത്തിന്‍റെ ഈ സൂചനകളെ എങ്ങനെ വായിച്ചെടുക്കണമെന്ന് എല്ലാവര്‍ക്കും അറിയില്ല.
നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ചര്‍മ്മത്തെ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നുള്ളതാണ്. അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന അന്തര്‍ലീനമായ ഒരു ആന്തരിക വൈദ്യ പ്രശ്‌നത്തിന്‍റെ സൂചനകള്‍ നേരത്തെ തന്നെ പിടിച്ചെടുക്കുവാന്‍ ചര്‍മ്മത്തെ നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. ആയ്ന ക്ലിനിക്കിന്‍റെ സ്ഥാപകനായ സിമല്‍ സോയിന്‍ ഇത്തരം സൂചനകളിൽ ഏതാനും ചിലത് നമുക്ക് വ്യക്തമാക്കി തരുന്നു.
ചര്‍മ്മത്തിലുണ്ടാകുന്ന പൊട്ടലുകള്‍
ചില കേസുകളില്‍ ആക്‌നേ, തടിപ്പ്, ചൊറിച്ചില്‍, നീര്‍വീക്കം, കുത്തുകള്‍, നിറമാറ്റങ്ങള്‍ എന്നിവയൊക്കെ അലര്‍ജി, കരള്‍ അസുഖങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, അല്ലെങ്കില്‍ ചില ഓട്ടോ ഇമ്മ്യൂണ്‍ സ്ഥിതി വിശേഷങ്ങള്‍ എന്നിവയുടെ സൂചനകളായേക്കാം. ഉദാഹരണത്തിന് ചര്‍മ്മത്തില്‍ ഉടനീളമുണ്ടാകുന്ന പാടുകള്‍ ചര്‍മാര്‍ബുദത്തിന്‍റെ ആദ്യ സൂചനകളായി പലപ്പോഴും കാണാറുണ്ട്. റൊസാസിയെ എന്ന ഒരു തരം ത്വക്ക് രോഗം അല്ലെങ്കില്‍ ഡെര്‍മാറ്റൈറ്റിസ് എന്ന രോഗവുമാകാം അത്. ഒരു ഡോക്ടറെ കണ്ട് അത് പരിശോധിക്കേണ്ടത് അനിവാര്യമാണ്. കൈത്തണ്ടയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, വയലറ്റ് നിറത്തിലുള്ള തടിപ്പുകൾ എന്നിവ ലിച്ചന്‍ പ്ലാനസ് എന്ന് വിളിക്കപ്പെടുന്ന രോഗത്തെ സൂചിപ്പിക്കുന്നു. ഇത് സാധാരണയായി കൈത്തണ്ടകളിലും കാല്‍കുഴകള്‍ക്ക് ചുറ്റുമൊക്കെയാണ് കണ്ടു വരുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വായിലും ഇടുപ്പിലും കഴുത്തിലും കാലുകളിലും ലൈംഗിക അവയവങ്ങളിലും ഇത് പ്രത്യക്ഷപ്പെടാറുണ്ട്. നിങ്ങളുടെ ശരീരത്തിലെവിടെയെങ്കിലും ഇത് കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരുപക്ഷെ കരള്‍ പരിശോധനകള്‍ നടത്തേണ്ടതായി വന്നേക്കും. കാരണം പലപ്പോഴും അതിന് ഹെപ്പാറ്റിറ്റിസ് സിയുമായി ബന്ധമുണ്ട്.
നിറം മാറ്റം
പെട്ടൊന്നൊരു നാള്‍ നിങ്ങളുടെ കാലുകളിലെ ചര്‍മ്മത്തില്‍ കുത്തു കുത്തായി നിറം മാറ്റം പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽ പെട്ടാൽ അതിനെ വെറുതെ കാണരുത്. ചിലപ്പോള്‍ ഇത് ലുക്കേമിയ അല്ലെങ്കില്‍ രക്താര്‍ബുദത്തിന്‍റെ ലക്ഷണമാകാം. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വളരെ കുറയുന്നതും ഇത്തരം കുത്തുകള്‍ ഉണ്ടാകുന്നതിന് കാരണമാകും എന്നുള്ളതും വസ്തുതയാണ്. തീര്‍ച്ചയായും ഇത് ആകുലപ്പെടേണ്ട കാര്യമല്ലെങ്കിലും പ്രശ്‌നം നിലനില്‍ക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു ഡോക്ടറെ കാണുകയും രക്തത്തിലെ കോശങ്ങളുടെ എണ്ണം പരിശോധിച്ചറിയുകയും ചെയ്യേണ്ടതുണ്ട്.
ചൊറിച്ചിലുള്ള ചര്‍മ്മം
കരൾ രോഗമായ സിറോസിസ് ചര്‍മ്മത്തിലെ ചൊറിച്ചിലിനുള്ള മറ്റൊരു കാരണമാണ്. അവയവത്തിന് ഉണ്ടാകുന്ന തകരാറുകള്‍ പലപ്പോഴും ലക്ഷണങ്ങള്‍ ഏതുമില്ലാത്തതാണ്. എന്നാല്‍ ലിവർ സിറോസിസ് ബാധിച്ച ആളുകള്‍ ശരീരത്തിലാകമാനം കടുത്ത ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി പറയാറുണ്ട്. അതോടൊപ്പം തന്നെ അവരുടെ ചര്‍മ്മത്തില്‍ മഞ്ഞ നിറത്തിലുള്ള വര്‍ണ്ണമാറ്റവും ഉണ്ടാകുന്നു. ഇത് പലപ്പോഴും മഞ്ഞപിത്തവുമായി ബന്ധപ്പെട്ടുള്ളതാണ്. ഭാഗ്യവശാല്‍ രോഗ നിര്‍ണയം നടത്തി കഴിഞ്ഞ ശേഷം ആരോഗ്യകരമായ ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തുമൊക്കെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കഴിയും.
കാലില്‍ ഉണ്ടാകുന്ന ആവരണം പോലുള്ള കട്ടി
തുടക്കത്തില്‍ അത് മങ്ങിയ ചുവപ്പ് നിറമുള്ള ഒരു പാടായാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പിന്നീട് അത് വളരെ വേര്‍തിരിച്ച് കാണാവുന്ന ഒരു അരികോടു കൂടിയ തിളങ്ങിയ പാടായി മാറും. ഇത് ബാധിച്ച ചര്‍മ്മം പൊട്ടാനും ഇടയുണ്ട്. അങ്ങനെ അത് ചൊറിച്ചിലിനും വേദനയ്ക്ക് കാരണമാകും. നെക്രോബയോസിസ് ലിപ്പോയിഡിക്ക ഡയബെറ്റികോറം എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിളിക്കുന്നത്. ഇത് പ്രമേഹത്തിന്‍റെ വളരെ വിരളമായി കണ്ടു വരുന്ന ലക്ഷണം കൂടിയാണ്.
ചര്‍മ്മത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഉത്കണ്ഠപെടേണ്ട കാര്യമില്ല. ചര്‍മ്മത്തിലുണ്ടാകുന്ന ഭൂരിഭാഗം പ്രശ്‌നങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല. മാത്രമല്ല പതിവായുള്ള ചര്‍മ്മ പരിപാലനത്തിലൂടെ അവ ഫലപ്രദമായി മാറ്റിയെടുക്കുവാനും കഴിയും. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ആവശ്യമാണ്. എല്ലാ ദിവസവും മൃദുവായി കഴുകി നനവുള്ള രീതിയില്‍ നിലനിര്‍ത്തി പരിചരിക്കാവുന്നതാണ് നിങ്ങള്‍ക്ക് നിങ്ങളുടെ ചര്‍മ്മത്തെ. വിശാലമായ ശ്രേണികളിൽ ലഭ്യമായ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിച്ചും നിശ്ചിത കാലയളവില്‍ മൃദുവായ തോതില്‍ ഉരിഞ്ഞു കളഞ്ഞും നിങ്ങള്‍ക്ക് നിങ്ങളുടെ ചര്‍മ്മത്തിലെ മൃത കോശങ്ങളെ അകറ്റാവുന്നതാണ്. എന്നാല്‍ ചര്‍മ്മത്തിന്‍റെ പ്രശ്‌നം കുറച്ച് കാലമായി നിങ്ങളെ ബുദ്ധിമുട്ടിച്ചു വരികയാണെങ്കില്‍ ഒരു പരിശോധന നടത്തുന്നതാണ് എപ്പോഴും നല്ലത്. ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട കാര്യമാണല്ലോ രോഗം വരാതിരിക്കാന്‍ നോക്കുന്നത്. അതുപോലെ ആരോഗ്യത്തോടെ ഇരിക്കുന്നതിന് വളരെ നിര്‍ണ്ണായകമാണ് തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തുക എന്നത്,'' സോയിന്‍ പറയുന്നു.