കേരളം

kerala

ETV Bharat / sukhibhava

പറയുന്നത്ര നിസാരമല്ല 'തോളെല്ലിന്‍റെ സ്ഥാനചലനം'; പ്രശ്‌നങ്ങളും പ്രതിവിധികളുമായി അറിയേണ്ടതെല്ലാം - അസ്ഥി

അപകടത്തെ തുടര്‍ന്നോ ശാരീരികമായ അഭ്യാസങ്ങളെ തുടര്‍ന്നോ തോളെല്ലിന് സ്ഥാനചലനമുണ്ടായാല്‍ പ്രധാന പ്രതിവിധി അതിനെ യഥാസ്ഥാനത്ത് തിരികെ എത്തിക്കുക എന്നതുതന്നെയാണ്

Shoulder dislocation problems and remedies  Shoulder dislocation  പറയുന്നത്ര നിസാരമല്ല തോളെല്ലിന്‍റെ സ്ഥാനചലനം  തോളെല്ലിന്‍റെ സ്ഥാനചലനം  പ്രശ്‌നങ്ങളും പ്രതിവിധികളുമായി അറിയേണ്ടതെല്ലാം  തോളെല്ലിന് സ്ഥാനചലനമുണ്ടായാല്‍  തോളെല്ല്  എല്ലുരോഗ വിദഗ്‌ദന്‍  സഞ്‌ജയ്  അസ്ഥി  പ്രധാന പ്രതിവിധി
പറയുന്നത്ര നിസാരമല്ല 'തോളെല്ലിന്‍റെ സ്ഥാനചലനം'; പ്രശ്‌നങ്ങളും പ്രതിവിധികളുമായി അറിയേണ്ടതെല്ലാം

By

Published : Apr 24, 2023, 10:05 PM IST

ഹൈദരാബാദ്:കളിക്കുന്നതിനിടയിലോ ശാരീരികമായ അഭ്യാസങ്ങള്‍ക്കോ ഭാരിച്ച ജോലികള്‍ക്കിടയിലോ ചിലരുടെയെല്ലാം തോളെല്ല് സ്ഥാനം തെറ്റിയതായ സംഭവങ്ങള്‍ ഏറെ കേട്ടവരാണ് നാം. കളിക്കുന്നതിനിടെയുണ്ടാകുന്ന വീഴ്‌ചയിലോ ശക്തമായ അടിയേറ്റോ ഇത്തരം സംഭവങ്ങളുണ്ടായതായും കേട്ടുകാണും. എന്നാല്‍ തോളെല്ലിന് സ്ഥാന ചലനമുണ്ടായി എന്നതുകൊണ്ട് കൈ വേര്‍പെട്ടുവെന്നോ, ശാശ്വതമായി പരിഹാരം കണ്ടെത്താനാവില്ല എന്നോ വിധി എഴുതേണ്ടതില്ല.

എന്താണ് തോളെല്ലിന്‍റെ സ്ഥാനമാറ്റം:തോളിനോ കൈയ്‌ക്കോ മുകളിലുള്ള അസ്ഥി അതിന്‍റെ സോക്കറ്റിൽ നിന്ന് സ്ഥാനഭ്രംശം സംഭവിക്കുന്നതിനെയാണ് പ്രധാനമായും തോളെല്ലിന് സ്ഥാന ചലനമുണ്ടായി എന്നു പറയാറുള്ളത്. ഇതിനെക്കുറിച്ച് ജയ്‌പൂരില്‍ നിന്നുള്ള എല്ലുരോഗ വിദഗ്‌ധന്‍ ഡോ.സഞ്‌ജയ് രതി വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ശരീരത്തിലെ മറ്റ് സന്ധികളുമായി താരതമ്യപ്പെടുത്തുമ്പോൾ, സാധ്യമായ എല്ലാ ദിശകളിലും ചലിപ്പിക്കാനാവുന്നവയാണ് ഇവ. നമ്മുടെ കൈയ്‌ക്ക് മുകളിലുള്ള ഒരു കപ്പ് ആകൃതിയിലുള്ള ഷോൾഡർ സോക്കറ്റാണ് (കൈ കുഴ) കൈയുടെ അസ്ഥിയെ തോളുമായി ബന്ധിപ്പിക്കുന്നത്. അപകടം, പരിക്കുകള്‍ അല്ലെങ്കിൽ ഒന്നിലധികം വീഴ്‌ചകൾ എന്നിങ്ങനെയുള്ള കാരണങ്ങളാൽ തോളിന്‍റെ സോക്കറ്റിൽ നിന്ന് അസ്ഥിക്ക് സ്ഥാനഭ്രംശം സംഭവിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ തന്നെ ഇവയെ അസ്ഥിരമായ സന്ധികളായാണ് കണക്കാക്കുന്നത്.

സൂക്ഷിക്കണം, ഇത് ചെറിയ പ്രശ്‌നമല്ല: തോളെല്ലിന് സ്ഥാനഭ്രംശം സംഭവിക്കുന്ന ഗുരുതരമായ അവസ്ഥയിൽ, പലതവണ അസ്ഥി അതിന്‍റെ സ്ഥാനത്ത് നിന്ന് നീങ്ങുകയും, ആ സ്ഥലത്തെ പേശികൾ, ലിഗേച്ചറുകൾ, ദശനാരുകള്‍ എന്നിവ പൊട്ടാനോ കേടുപാടുകൾ സംഭവിക്കാനോ സാധ്യതയുമുണ്ട്. മാത്രമല്ല എല്ലാ വശത്തേക്കും ചലിപ്പിക്കാമെന്നതിനാല്‍ തന്നെ തോളിനേല്‍ക്കുന്ന ക്ഷതത്തിനനുസരിച്ച് അവ പൂർണമായോ ഭാഗികമായോ മുന്നോട്ടും പിന്നോട്ടും താഴോട്ടും മാറാമെന്നും ഡോ. സഞ്‌ജയ് അറിയിച്ചു.

തോളിന്‍റെ മുൻഭാഗത്തേക്ക് ഒരുതവണ സ്ഥാനഭ്രംശമുണ്ടായാല്‍ തുടര്‍ന്ന് ഭാവിയിലും സമാന അവസ്ഥ സംഭവിക്കാനിടയുണ്ടെന്ന് ഡോ. സഞ്‌ജയ് പറയുന്നു. മാത്രമല്ല തോളെല്ലിന്‍റെ സ്ഥാനചലനം ആ ഭാഗത്ത് അസ്ഥിരതയ്‌ക്കും ബലഹീനതയ്‌ക്കും കാരണമാകാമെന്നും, ഈ പ്രശ്‌നമുള്ള ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇവര്‍ക്ക് ശരിയായ ചികിത്സയോ തെറാപ്പിയോ ലഭിച്ചാല്‍ എല്ലാ ജോലികളും സാധാരണ രീതിയില്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഒരാളില്‍ തോളെല്ലിന്‍റെ സ്ഥാനചലനം കഠിനമായി സംഭവിച്ചാല്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ ഇവയാണ്:

  • തോള്‍ ഭാഗത്ത് സ്ഥിരമായോ ഇടയ്‌ക്കിടെയോ കഠിനമായ വേദന അനുഭവപ്പെടുക
  • ഏത് ദിശയിലേക്കും കൈ തിരിക്കാനുള്ള ബുദ്ധിമുട്ട്
  • തോളിലെ പേശികളില്‍ ഞെരുക്കം തോന്നല്‍
  • കഠിനമായ വേദന, അമിതമായ വിയര്‍പ്പ്, ഛര്‍ദിക്കാന്‍ തോന്നല്‍
  • തോളിന്‍റെ രൂപത്തിലുള്ള മാറ്റം
  • ബോധക്ഷയം

വലിയ വില കൊടുക്കേണ്ടിവരും: സാധാരണയായി തോളിൽ അസ്വസ്ഥത അനുഭവപ്പെടുമ്പോൾ ആളുകള്‍ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി അവയെ കൂടുതല്‍ ചലിപ്പിക്കാനോ തിരിക്കാനോ ശ്രമിക്കാറുണ്ടെന്നും, ഇത് വലിയ അപകടത്തിലേക്ക് നയിക്കുമെന്നും ഡോ. സഞ്‌ജയ് പറയുന്നു. തോളെല്ലിന് സ്ഥാനചലനമുണ്ടായാല്‍ ചിലര്‍ മസാജ് ചെയ്യുകയോ നാട്ടുവൈദ്യം സ്വീകരിക്കുകയോ ചെയ്യാറുണ്ടെന്നും ഇവ പൂര്‍ണമായി ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തോളില്‍ അസ്വാഭാവികമായി ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്‌ടറുടെ സേവനം തേടണമെന്നും അദ്ദേഹം അറിയിച്ചു. അല്ലാത്ത പക്ഷം വേദനയും അനുബന്ധ പ്രശ്‌നങ്ങളും വര്‍ധിക്കുമെന്നും, പേശികള്‍, ടിഷ്യൂകള്‍, തോളിനു ചുറ്റുമുള്ള രക്തക്കുഴലുകൾ എന്നിവ പോലും തകരാറിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിവിധിയുണ്ട്, പക്ഷേ:തോളെല്ലിന് സ്ഥാനചലനമുണ്ടായാല്‍ പ്രധാന പ്രതിവിധി അതിനെ യഥാസ്ഥാനത്ത് തിരികെ എത്തിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ തനിക്ക് മുന്നിലെത്തുന്ന രോഗിയുടെ തോളിലെ സോക്കറ്റില്‍ കൈയുടെ അസ്ഥി സൂക്ഷ്‌മമായി തിരികെ എത്തിക്കാന്‍ ഡോക്‌ടര്‍മാര്‍ ശ്രമിക്കാറുണ്ട്. ഈ പ്രക്രിയ വളരെയധികം വേദനാജനകമായതിനാല്‍ തന്നെ രോഗിയുടെ അവസ്ഥ പരിഗണിച്ച് അനസ്‌തേഷ്യയും ഉപയോഗിക്കാറുണ്ട്. പേശി തല്‍സ്ഥാനത്ത് തിരികെ എത്തുന്നതോടെ രോഗിക്ക് വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കുമെങ്കിലും, തുടര്‍ന്നുള്ള വേദനകള്‍, നീര്‍വീക്കം എന്നിവ ലഘൂകരിക്കുന്നതിനായി മരുന്നുകളും നല്‍കാറുണ്ട്.

മാത്രമല്ല തോളെല്ലിന് സ്ഥാനചലനം സംഭവിക്കുന്ന മിക്കവാറും സാഹചര്യങ്ങളിലും തോളിന് താങ്ങായി ഒരു കെട്ട് ധരിക്കാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ടെന്നും ചികിത്സ പൂർത്തിയായാൽ അത് നീക്കം ചെയ്യാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം പേശിയെ അതിന്‍റെ സ്ഥാനത്ത് എത്തിക്കുന്നതിനിടെ ചുറ്റുമുള്ള പേശികൾക്കും ടിഷ്യൂകൾക്കും കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ ശസ്‌ത്രക്രിയ ആവശ്യമായി വരാറുണ്ടെന്നും ഡോ. സഞ്‌ജയ് കൂട്ടിച്ചേര്‍ത്തു.

Also read:ഒരു തുള്ളി 'രക്തം' മതി; എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് എന്നീ വൈറസുകളെ കണ്ടെത്തുന്നതിന് അതിനൂതന പരീക്ഷണം വിജയിപ്പിച്ച് ഡാനിഷ് ഗവേഷകര്‍

ABOUT THE AUTHOR

...view details