ബെംഗളൂരു : 'എനിക്ക് പൊലീസായാൽ മതി', വലുതാകുമ്പോൾ ആരാവാനാണ് ആഗ്രഹമെന്ന് ചെറിയ കുട്ടികളോട് ചോദിച്ചാൽ കേൾക്കുന്ന മറുപടിയാണിത്. അങ്ങനെ, ഭാവിയിൽ പൊലീസുകാരൻ ആകണമെന്ന സ്വപ്‌നം മനസിൽ കൊണ്ടുനടന്നിരുന്ന എട്ട് വയസുകാരന്‍റെ സ്വപ്‌നസാക്ഷാത്കാരത്തിനാണ് ഇന്നലെ കർണാടക - ഷിമോഗയിലെ ദൊഡ്ഡപേട്ട് പൊലീസ് സ്റ്റേഷൻ സാക്ഷിയായത്. ഷിമോഗ ഉറുഗദൂർ സ്വദേശിയായ അസാൻ ഖാനാണ് പൊലീസ് ഓഫിസറായി ഒരു മണിക്കൂർ സേവനമനുഷ്‌ഠിക്കാൻ അവസരം ലഭിച്ചത്.
നിലവിൽ ഒന്നാം ക്ലാസ് വിദ്യാർഥിയായ അസാൻ ഖാൻ ജനനം മുതൽ സങ്കീർണമായ ഹൃദയ സംബന്ധമായ അസുഖ ബാധിതനാണ്. എന്നാൽ ഭാവിയിൽ ഒരു പൊലീസുകാരനായി സേവനമനുഷ്‌ഠിക്കുക എന്നതായിരുന്നു എട്ടുവയസുകാരന്‍റെ അഭിലാഷം. മോശമായ ആരോഗ്യ നിലയിലും ഒരു നിയമപാലകനായി ജോലി ചെയ്യണമെന്ന അസാന്‍ഖാന്‍റെ ആഗ്രഹം മാതാപിതാക്കൾ മുഖേനയാണ് പൊലീസ് അധികൃതർ അറിയുന്നത്. വിവരം അറിഞ്ഞ ഷിമോഗ എസ്‌പി മിഥുൻ കുമാർ കുട്ടിയുടെ ആഗ്രഹ സഫലീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു.
'കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് മാതാപിതാക്കൾ അറിയിച്ചു. പൊലീസുകാരനാകാൻ അതിയായി ആഗ്രഹിച്ചതിനാൽ ഞങ്ങൾ അസാന് ഈ അവസരം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. പൊലീസ് ജീപ്പിലാണ് അവനെ സ്‌റ്റേഷനിലെത്തിച്ചത്. ഉദ്യോഗസ്ഥർ അസാന് സല്യൂട്ട് നൽകി സ്വീകരിച്ചു. ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്‌തും കൊടുത്തു. പൊലീസ് സ്‌റ്റേഷൻ സന്ദർശിച്ചതില്‍ കുട്ടിയുടെ സന്തോഷം വ്യക്തമായിരുന്നുവെന്ന് എസ് പി മിഥുൻ കുമാർ പറഞ്ഞു.
അസാനെ എസ്‌പി മിഥുൻ കുമാർ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. തുടർന്ന് സ്റ്റേഷനിലെ രജിസ്റ്ററിൽ ഒപ്പിട്ട് പൊലീസ് ഇൻസ്‌പെക്‌ടറായി ചുമതലയേറ്റെടുത്ത അസാന്‍ ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്‌തു. തുടർന്ന് സ്റ്റേഷനിലെ ജീവനക്കാരെ വിളിച്ച് റൂൾ കോൾ നടത്തി. മുതിർന്ന ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകി ആദരവ് പ്രകടിപ്പിക്കുകയും സ്റ്റേഷനിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്‌തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ കുട്ടി പരിചയപ്പെട്ടു.