മനുഷ്യരക്തത്തിൽ ആദ്യമായി മൈക്രോപ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും പ്ലാസ്റ്റിക് കണികകൾ മനുഷ്യരക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുവെന്ന് എൻവയോൺമെന്‍റ് ഇന്‍റർനാഷണൽ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
പാനീയ കുപ്പികൾ നിർമിക്കാനുപയോഗിക്കുന്ന പോളിയെത്തിലീൻ ടെറെഫ്‌തലേറ്റ് (PET), പോളിയെത്തിലീൻ, ഡിസ്‌പോസിബിൾ ഫുഡ് കണ്ടെയ്‌നറുകൾ നിർമിക്കാനുപയോഗിക്കുന്ന പോളിസ്റ്റൈറൈൻ മുതലായവയാണ് രക്ത സാമ്പിളുകളിൽ ഏറ്റവും സാധാരണമായി കണ്ടെത്തിയ പ്ലാസ്റ്റിക് ഇനങ്ങൾ. പോളിപ്രൊഫൈലിനും ചെറിയതോതിൽ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.
ശരീരത്തിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം : നേരത്തേയും ഇതുസംബന്ധിച്ച സൂചനകൾ പല പരീക്ഷണങ്ങളിലൂടെയും ലഭിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഗവേഷണം വ്യക്തമാക്കുന്നത്, മനുഷ്യ ശരീരം, ദൈനംദിന ജീവിതത്തില്‍ മൈക്രോപ്ലാസ്റ്റിക് കണികകൾ ആഗിരണം ചെയ്യുന്നുവെന്നും രക്തത്തിലെ അവയുടെ അളവ് എത്രത്തോളമെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നുമാണ്.
പഠനം സൂചിപ്പിക്കുന്നതനുസരിച്ച്, പ്രധാനമായും വായു, വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് മൈക്രോപ്ലാസ്റ്റിക് ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഇതിനുപുറമേ ചില പ്രത്യേകതരം ടൂത്ത് പേസ്റ്റുകൾ, ലിപ് ഗ്ലോസുകൾ, ടാറ്റൂ മഷി എന്നിവ വഴിയും പ്ലാസ്റ്റിക് കണങ്ങൾ ഉള്ളിലേക്ക് പ്രവേശിക്കാമെന്ന് ഗവേഷകർ പറയുന്നു.