വാഷിങ്‌ടണ്‍: രക്തസമ്മര്‍ദത്തെ കരുതി ഉപ്പ് ഉപയോഗിക്കാത്തവരാണോ? എന്നാല്‍ ഉപ്പ് പൂര്‍ണമായും ഒഴിവാക്കുന്നതും അത്ര നല്ലതല്ല. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഉപ്പ് ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്നുള്ള മരണം എന്നിവയില്‍ നിന്ന് തടയുമെന്ന് പഠനഫലങ്ങള്‍ പുറത്ത്. ലഭ്യമായ തെളിവുകളുടെയും ശേഖരിച്ച ഡാറ്റകളുടെയും അടിസ്ഥാനത്തില്‍ 'ഹാർട്ട് ജേണലാണ്' ഈ കണ്ടെത്തലുകൾ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്. ഈ പഠനഫലം ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഉപകാരപ്രദമാകുമെന്നും പഠനം പറയുന്നു.
ലോകമെമ്പാടും മരണത്തിനുള്ള പ്രധാന കാരണം ഹൃദയസംബന്ധമായ അസുഖങ്ങളാണ്. മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദവും നേരത്തെയുള്ള മരണത്തിന് കാരണമാകുന്നുണ്ട്. ലോകത്തുള്ള 1.28 ബില്യൺ ആളുകൾക്ക് ഉയർന്ന രക്തസമ്മർദമുണ്ടെന്നും ഇതിൽ പകുതിയിലധികം പേരും രോഗനിർണയം നടത്തിയിട്ടില്ലെന്നും ഗവേഷകർ അടിവരയിടുന്നു. അതേസമയം, സോഡിയം കൂടുതലുള്ളതും പൊട്ടാസ്യം കുറവുള്ളതുമായ ഭക്ഷണക്രമമാണ് രക്തസമ്മർദം വർധിപ്പിക്കുന്നതിനുള്ള ഒരു കാരണം. എന്നാല്‍ ഇത് അധികമാരും തിരിച്ചറിയാറില്ല.
ഭക്ഷണത്തിലെ പൊട്ടാസ്യം ക്ലോറൈഡ് (KCl)ന്‍റെ അനുപാതം ഉപ്പ് എന്ന് നാം സാധാരണമായി വിളിക്കാറുള്ള സോഡിയം ക്ലോറൈഡ് (NaCl) കൊണ്ട് മറികടക്കുന്നതോടെ രക്തസമ്മർദം കുറയ്‌ക്കാൻ സഹായിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ചൈനയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച സാൾട്ട് സബ്‌സിറ്റിറ്റ്യൂട്ട് ആൻഡ് സ്‌ട്രോക്ക് സ്‌റ്റഡി (SSaSS) എന്ന വലിയ പഠനവും പറഞ്ഞുവെക്കുന്നത് ഉപ്പിന്‍റെ ഉപയോഗം ഹൃദയാഘാതം, സ്‌ട്രോക്ക്, നേരത്തെയുള്ള മരണം എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുമെന്നാണ്. എന്നാല്‍ ഇത് ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ബാധകമാകുമോ എന്ന് പഠനം വ്യക്തമാക്കുന്നില്ല.
Also Read: 'നല്ല സമ്മര്‍ദമാണോ? അത് തലച്ചോറിന് ഗുണം ചെയ്യും'; പുതിയ പഠനഫലങ്ങള്‍ പുറത്ത്
എംഎംഎച്ച്‌ജിയിൽ അളക്കുന്ന രക്തസമ്മർദത്തിന്‍റെ സംഖ്യാഫലം പ്രധാനമായും രണ്ട് രീതിയിലാണ് പറയാറുള്ളത്. ഹൃദയം ശരീരത്തില്‍ രക്തം പമ്പ് ചെയ്യുന്ന ശക്തിയെ സൂചിപ്പിക്കുന്ന ഉയർന്ന സംഖ്യയായ സിസ്‌റ്റോളിക്കിലും, ഹൃദയത്തിൽ രക്തം നിറയുമ്പോൾ ധമനികളിലുണ്ടാകുന്ന മര്‍ദത്തെ സൂചിപ്പിക്കുന്ന താഴ്‌ന്ന സംഖ്യയായ ഡയസ്‌റ്റോളിക്കിലും. ഇത്തരത്തില്‍ 2021 ഓഗസ്‌റ്റ് അവസാനം വരെ പലഭാഗങ്ങളിലായി ക്ലിനിക്കൽ ട്രയലുകൾ നടത്തി ഗവേഷണ ഡാറ്റാബേസുകൾ പരിശോധിച്ചാണ് രക്തസമ്മർദം, ഹൃദ്രോഗം, നേരത്തെയുള്ള മരണം എന്നിവയില്‍ ഉപ്പ് എങ്ങിനെ പങ്കുവഹിക്കുന്നുവെന്ന് കണ്ടെത്തലില്‍ സംഘം എത്തിച്ചേരുന്നത്.