ശൈത്യകാലത്ത് സ്ട്രോക്ക്, ഹൃദയസ്‌തംഭനം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയസംബന്ധമായ മറ്റ് പ്രശ്‌നങ്ങൾ എന്നിവയ്‌ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍. ശൈത്യ കാലത്ത് ശരീര താപനില കുറയുന്നത് ഹൃദയത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കുകയും പല തരത്തിലുള്ള ഹൃദ്രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നുവെന്നാണ് ഹൃദ്രോഗ വിദഗ്‌ധർ പറയുന്നത്.
2018ൽ സ്വീഡനിൽ താമസിക്കുന്ന ഏകദേശം 274,000 ആളുകളുടെ വിവരങ്ങൾ വിശകലനം ചെയ്‌തതിന്‍റെ അടിസ്ഥാനത്തില്‍ താപനില കുറഞ്ഞ ദിവസങ്ങളിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മെഡിക്കൽ ജേണലായ ജാമയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ശാസ്‌ത്ര ജേണലായ പ്ലോസ് വണ്‍ 2015ൽ നടത്തിയ ഒരു പഠനത്തിൽ ഏറ്റവും ചൂടേറിയ മാസങ്ങളെ അപേക്ഷിച്ച് വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ ഹൃദയാഘാതം 31 ശതമാനത്തിലധികം വർധിക്കുന്നതായി കണ്ടെത്തി. അതിശൈത്യകാലത്ത്, പ്രത്യേകിച്ച് താപനില 15 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമ്പോൾ പക്ഷാഘാതം വരാനുള്ള സാധ്യത 80 ശതമാനം വർധിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ശൈത്യകാലത്ത് എന്തുകൊണ്ടാണ് ഹൃദയാഘാതമുണ്ടാകുന്നത്?
താപനില കുറയുന്നതിനനുസരിച്ച് രക്തക്കുഴലുകൾ മുറുകുകയും രക്തയോട്ടം വേഗത്തിലാകുകയും ചെയ്യുന്നു. ശരീരത്തിന്‍റെ താപനില നിലനിര്‍ത്താന്‍ ഹൃദയത്തിന് സാധാരണയില്‍ കൂടുതല്‍ കഠിനധ്വാനം ചെയ്യേണ്ടി വരുന്നു. ഇതു മൂലമാണ് തണുപ്പുകാലത്ത് രക്തസമ്മർദ്ദം കൂടുന്നത്.
ശൈത്യകാലത്ത് മറ്റ് രക്ത ധമനികളെപ്പോലെ കൊറോണറി ധമനികളും ചുരുങ്ങും. ഇതു മൂലം ഹൃദയപേശികളിലേക്ക് രക്ത വിതരണം കുറയുകയും മയോകാർഡിയൽ ഇസ്കെമിയയ്ക്കും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് എബിവിഐഎംഎസ്, ആർഎംഎൽ ആശുപത്രികളിലെ കാർഡിയോളജി പ്രൊഫസർ തരുൺ കുമാർ പറയുന്നു.
വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടുമെങ്കിലും ശൈത്യകാലത്ത് ഇത് സംഭവിക്കുന്നില്ല. ഈ സമയത്ത് രക്തത്തിന്‍റെ അളവ് വര്‍ധിക്കുന്നു. ഇത് രക്തസമ്മർദ്ദം വർധിക്കുന്നതിനും ഹൃദയാഘാതത്തിനും ഇടയാക്കുന്നു.