ബെര്‍ലിൻ:ടിഷ്യു സാമ്പിളിൽ ട്യൂമർ ഉണ്ടോ ഇല്ലയോ എന്ന് തരംതിരിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) അഥവ നിർമിത ബുദ്ധിയെ കുറിച്ചുള്ള പഠനവുമായി ഗവേഷക സംഘം. മെഡിക്കൽ ഇമേജ് അനാലിസിസ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിർമിത ബുദ്ധി ഉപയോഗിച്ച് ട്യൂമര്‍ കണ്ടെത്തുന്നതിനെ കുറിച്ച് ഗവേഷകര്‍ വിവരിക്കുന്നത്. റുഹൂം യൂണിവേഴ്‌സിറ്റി ബുഹൂമിന്‍റെ (Ruhr-Universitat Bochum) റിസർച്ച് സെന്‍റർ ഫോർ പ്രോട്ടീൻ ഡയഗ്‌ണോസ്റ്റിക്‌സിൽ (PRODI) നിന്നുള്ള സംഘമാണ് പഠനത്തിന് പിന്നില്‍.
ബയോ ഇൻഫോർമാറ്റിക്‌സ് ശാസ്ത്രജ്ഞനായ ആക്‌സൽ മോസിഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പതോളജി മേധാവി പ്രൊഫസർ ആൻഡ്രിയ ടാനാപ്‌ഫെൽ, റുഹൂം യൂണിവേഴ്‌സിറ്റി സെന്‍റ് ജോസഫ് ഹോസ്‌പിറ്റലിലെ ഓങ്കോളജിസ്റ്റ് പ്രൊഫസർ ആങ്കെ റെയ്‌നാച്ചർ-ഷിക്ക്, ബയോഫിസിസ്റ്റും പ്രോഡിയുടെ സ്ഥാപക ഡയറക്‌ടറുമായ പ്രൊഫസർ ക്ലൗസ് എന്നിവർ ചേർന്നാണ് പഠനം നടത്തിയത്.
ടിഷ്യു സാമ്പിളിൽ ട്യൂമർ ഉണ്ടോ ഇല്ലയോ എന്ന് തരംതിരിക്കാൻ കഴിയുന്ന ഒരു ന്യൂറൽ നെറ്റ്‌വർക്ക്, അതായത് ഒരു ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഗവേഷകരുടെ സംഘം വികസിപ്പിച്ചെടുത്തു. ഇതിനായി, ധാരാളം മൈക്രോസ്കോപ്പിക് ടിഷ്യു ഇമേജുകൾ നൽകി. ചിലതിൽ മുഴകൾ അടങ്ങിയപ്പോള്‍ മറ്റുള്ളവ ട്യൂമർ രഹിതമായിരുന്നു.
ഇൻഡക്റ്റീവ് റീസണിങ്: മെഡിക്കൽ ആപ്ലിക്കേഷനുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വിശ്വാസയോഗ്യമാണ് എന്നതാണ് ഏറ്റവും പ്രധാനമെന്ന് പഠനവുമായി സഹകരിച്ച ബയോഇൻഫോർമാറ്റിക്‌സ് ശാസ്ത്രജ്ഞൻ ഡേവിഡ് ഷുഹ്മാക്കർ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാധാരണയായി ഇൻഡക്റ്റീവ് റീസണിങ് (Inductive Reasoning) തത്വമാണ് പിന്തുടരുന്നത്. ഡാറ്റ ഉപയോഗിച്ച് കൃത്യമായ നിരീക്ഷണങ്ങളിലൂടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഒരു പൊതുമാതൃക സൃഷ്‌ടിച്ച് അതിന്‍റെ അടിസ്ഥാനത്തിൽ തുടർന്നുള്ള നിരീക്ഷണങ്ങള്‍ വിലയിരുത്തും.