വാഷിങ്ടണ്‍: നിങ്ങള്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണോ? വന്ധ്യതയെന്ന പ്രശ്‌നം വില്ലനാകുന്നുണ്ടോ? സമകാലിക സമൂഹത്തില്‍ അടുത്തിടെ വര്‍ധിച്ച് വന്ന പ്രയാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്‌ത്രീ-പുരുഷന്മാരിലെ വന്ധ്യത. വന്ധ്യതയെന്നാല്‍ ഇപ്പോള്‍ സാധാരണമാണ്. ആറ് ദമ്പതികളെ പരിശോധനയ്‌ക്ക് വിധേയമാക്കിയാല്‍ അതില്‍ ഒരാള്‍ക്ക് വന്ധ്യതയുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിന് കാരണമാകുന്നത് ഇപ്പോഴത്തെ ജീവിത രീതി തന്നെയാണ്.
ജോലി ചെയ്യുന്ന ദമ്പതികളാണെങ്കില്‍ ഒരു ദിവസത്തില്‍ അധിക സമയവും ജോലിക്കായി മാറ്റി വയ്‌ക്കപ്പെടുന്നു. ചിട്ടയില്ലാത്ത ജീവിതവും വന്ധ്യതയ്‌ക്ക് പ്രധാന കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭക്ഷണ രീതിയും വന്ധ്യതയ്‌ക്ക് കാരണമാകുന്നുണ്ട്. പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്‌ത് കഴിക്കുക, ഹോട്ടലുകളില്‍ നിന്ന് അധികമായി കഴിക്കുന്ന ഭക്ഷണം എന്നിവയെല്ലാം വന്ധ്യതക്കുള്ള സാധ്യത വര്‍ധിപ്പിക്കും.
സര്‍ക്കേഡിയന്‍ ഡിസ്‌റ്റര്‍ബന്‍സസ് സ്‌ത്രീകളില്‍ വന്ധ്യതക്ക് കാരണമാകുന്നു: സമൂഹത്തിലെ സ്‌ത്രീകളില്‍ വലിയൊരു ശതമാനം പേരും ഇപ്പോള്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്‌ത്രീകള്‍ക്ക് അവരുടെ ജോലി സമയം കൃത്യമായിരിക്കണമെന്നില്ല. പ്രത്യേകിച്ചും വലിയ കമ്പനികളൊക്കെയാണെങ്കില്‍ 24 മണിക്കൂറും അവിടെ വര്‍ക്ക് നടക്കേണ്ടതായിട്ടുണ്ടാകും.
അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് ജോലി ചെയ്യേണ്ടി വരിക അവരുടെ ഷിഫ്‌റ്റ് അനുസരിച്ചായിരിക്കും. അത് ഉറക്കം അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും ജോലി സമയത്തെ അടിസ്ഥാനപ്പെടുത്തി മാറിക്കൊണ്ടിരിക്കും. എല്ലാ ദിവസവും അത്തരക്കാര്‍ക്ക് കൃത്യ സമയത്ത് ഉറങ്ങുന്നതിനോ ഉണരുന്നതിനോ കഴിയണമെന്നില്ല. നിരന്തരം ഈ സാഹചര്യം തുടരുന്നത് സ്‌ത്രീകളിലെ പ്രത്യുത്‌പാദന ശേഷിയെ ഇല്ലാതാക്കുമെന്ന് യൂറോപ്യന്‍ സൊസൈറ്റി ഓഫ് എന്‍ഡ്രോക്രൈനോളജിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു.
എന്താണ് സര്‍ക്കാര്‍ഡിയന്‍ ഡിസ്‌റ്റബന്‍സസ്: ഓരോ മനുഷ്യരുടെ ശരീരത്തില്‍ ഓരോ ഘടികാരങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അതായത് ദിവസവും കൃത്യ സമയത്ത് കിടന്നുറങ്ങുന്ന ഒരാള്‍ക്ക് രാവിലെ ദിവസവും കൃത്യ സമയത്ത് ഉണരാന്‍ സാധിക്കും. ഭക്ഷണ ക്രമത്തിലും കൃത്യത പാലിക്കുന്നവരാണെങ്കില്‍ കൃത്യ സമയത്ത് അവര്‍ക്ക് വിശപ്പ് അനുഭവപ്പെടും. അവരിലെ ദഹന പ്രക്രിയകളെല്ലാം വളരെ കൃത്യമായി നടക്കും.