സാക്രമെന്‍റോ (കാലിഫോർണിയ): സ്‌ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന അർബുദങ്ങളില്‍ ഒന്നാണ് സ്‌തനാർബുദം. തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണിത്. എന്നാല്‍, സമയം വൈകിയാല്‍ സ്‌തനങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യേണ്ടി വരുന്ന അവസ്ഥയും ഇതുമൂലമുണ്ടാകും.
ഏകദേശം 70 ശതമാനം രോഗികളിലും ഹോർമോണുകളിലെ വ്യതിയാനമാണ് സ്‌തനാർബുദത്തിന് കാരണം. സ്‌തനാർബുദത്തിനുള്ള പ്രധാന ചികിത്സയാണ് ഓറൽ ഈസ്ട്രജൻ ബ്ലോക്കറുകൾ. എന്നാൽ വീര്യം കൂടിയ മരുന്നുകൾ വളരെയധികം പാർശ്വഫലങ്ങൾക്ക് കാരണമാകും. സ്‌റ്റിറോയിഡുകളുടെ ഉപയോഗം മിക്ക രോഗികളിലും സന്ധിവേദനക്ക് കാരണമാകും.
അതിനാൽ ഡോസ് പൂർണമാക്കാതെ പലരും മരുന്ന് ഉപയോഗിക്കുന്നത് പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. ഇത് കാൻസർ വീണ്ടും വരുന്നതിനുള്ള സാധ്യതാണ് വർധിപ്പിക്കുന്നത്. എന്നാൽ സ്‌തനാർബുദം തടയാന്‍ മഞ്ഞളിന് കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സ്‌തനാർബുദ ചികിത്സയിൽ മഞ്ഞളിനുള്ള പ്രാധാന്യത്തെകുറിച്ച് കാലിഫോർണിയയിലെ യുസി ഡേവിസ് കോംപ്രിഹെൻസീവ് കാൻസർ സെന്‍ററിലെ ശാസ്‌ത്രജ്ഞരാണ് പഠനം നടത്തിയത്.
ഈസ്ട്രജൻ ബ്ലോക്കറുകൾ മൂലമുണ്ടാകുന്ന സന്ധിവേദന തടയാൻ മഞ്ഞളിന് സാധിക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണ്. ഈ പഠനത്തിന് യുസി ഡേവിസ് കോംപ്രിഹെൻസീവ് കാൻസർ സെന്‍ററിന് സേഫ്‌വേ ഫൗണ്ടേഷൻ 50,000 ഡോളർ ഗ്രാന്‍റ് നൽകിയിരിക്കുകയാണ്.
സ്‌തനാർബുദ രോഗികളുടെ സന്ധിവേദന കുറയ്ക്കാൻ മഞ്ഞളിന് കഴിയുമോ എന്ന ഗവേഷണത്തിലാണ് ഞങ്ങൾ. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ മഞ്ഞളിന് കഴിയുന്നുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യും എന്നതാണ് ലക്ഷ്യം. സേഫ്‌വേ ഫൗണ്ടേഷനിൽ നിന്ന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഗ്രാന്‍റ് ഗവേഷണത്തിന് ഏറെ സഹായകരമാണ്. മരുന്നുകളുടെ പാർശ്വഫലത്തെതുടർന്ന് സ്‌തനാർബുദ രോഗികളിൽ ഉണ്ടാകുന്ന സന്ധിവേദന കുറക്കാൻ മഞ്ഞളിന് സഹായിക്കുമോ എന്ന് വിശദമായ പഠനം നടത്തുമെന്നും യുസി ഡേവിസ് ഹെമറ്റോളജി ആൻഡ് ഓങ്കോളജി അസോസിയേറ്റ് പ്രൊഫസർ മിലി അറോറ പറഞ്ഞു.
യുസി ഡേവിസ് കോംപ്രിഹെൻസീവ് കാൻസർ സെന്‍ററിന്‍റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ബഹുമതിയാണ്. സെന്‍ററിന്‍റെ പ്രവർത്തനം രോഗികൾക്ക് വളരെയധികം പ്രയോജനകരമാണ്. സ്‌തനാർബുദ രോഗികൾക്ക് ഓറൽ ആന്‍റി ഈസ്ട്രജൻ തെറാപ്പിക്കൊപ്പം മഞ്ഞൾ ഉപയോഗിക്കുന്നതിലെ ഗുണങ്ങളെകുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നൽകാൻ ഡോ അറോറയെയും സംഘത്തെയും ഈ പഠനം അനുവദിക്കുമെന്നും സേഫ്‌വേ പബ്ലിക് അഫയേഴ്‌സ് ഡയറക്‌ടർ വെൻഡി ഗട്ട്‌ഷാൽ പറഞ്ഞു.