കേൾവിക്കുറവും ബധിരതയും മനുഷ്യ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നവയാണ്. എന്നാൽ കൃത്യമായ ചികിത്സ നൽകിയാൽ പരിഹരിക്കാവുന്ന ഒരു ശാരീരിക പ്രശ്‌നം കൂടിയാണ്. ഏകദേശം 1.5 ബില്യൺ ആളുകൾ ആഗോളതലത്തിൽ പൂർണമായോ ഭാഗികമായോ കേൾവിത്തകരാര്‍ നേരിടുന്നുണ്ട്.
അതിൽ ഇന്ത്യയിൽ മാത്രം ആറര കോടി ജനങ്ങളാണ് ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നത്. ശ്രവണ പ്രശ്‌നം അനുഭവപ്പെടുന്നതിന്‍റെ പ്രാരംഭ ഘട്ടത്തിൽ ആരും അതില്‍ കാര്യമായ ശ്രദ്ധ കൊടുക്കാത്തതും ചികിത്സ വൈകിപ്പിക്കുന്നതും സ്ഥിതി ഗുരുതരമാകുന്നതിന് കാരണമാകും. 2021 ലാണ് ലോകാരോഗ്യ സംഘടന ശ്രവണ പ്രതിസന്ധിയുള്ളവരെ സംബന്ധിക്കുന്ന സമഗ്രമായ ആദ്യത്തെ ആഗോള റിപ്പോർട്ട് പുറത്തുവിട്ടത്.
2050 നുള്ളിൽ ലോകത്തെ 2.5 ബില്യൺ ആളുകൾ അല്ലെങ്കിൽ നാലിലൊരാൾ ചെറിയ തോതിലോ ഗുരുതര നിലയിലോ ഉള്ള കേള്‍വി പ്രശ്‌നം നേരിട്ടേക്കാമെന്ന് ഈ പഠനം പറയുന്നു. ആളുകളിൽ ആഗോള തലത്തിൽ കേൾവിശക്തി കുറയുന്നതായാണ് റിപ്പോർട്ട് കാണിക്കുന്നത്. വലിയ ശബ്‌ദങ്ങൾ ശ്രവിക്കുന്നതും വർധിച്ചുവരുന്ന ശബ്‌ദമലിനീകരണവുമാണ് കേൾവിശക്തി ദുർബലമാകുന്നതിനും നഷ്‌ടപ്പെടുന്നതിനും പിന്നിലെ പ്രധാന കാരണങ്ങൾ.
വേൾഡ് ഹിയറിംഗ് ഡേ : ഈ പ്രശ്‌നത്തിന് ഉടനടി കൃത്യമായ പരിഹാരം കണ്ടില്ലെങ്കിൽ 2050 ഓടെ 700 ദശലക്ഷത്തിലധികം ജനങ്ങൾക്ക് കേൾവിയുമായി ബന്ധപ്പെട്ട ചികിത്സ ആവശ്യമായി വന്നേക്കാം. ബധിരതയുടെ കേസുകൾ വർധിച്ചു വന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ഘടകങ്ങളെ കുറിച്ചും 2007മുതല്‍ ലോകാരോഗ്യ സംഘടന 'അന്താരാഷ്‌ട്ര കേൾവി ദിനം' സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളിൽ അവബോധം വളർത്തുകയും അവർക്ക് ആവശ്യമായ എല്ലാ ചികിത്സാസഹായവും ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം.
ഇന്ത്യയിൽ പ്രതിവർഷം 27,000 ത്തിലധികം കുട്ടികൾ ബധിരരോ കേൾവിശക്തി കുറഞ്ഞവരോ ആയി ജനിക്കുന്നതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ബോധവത്കരണത്തിന്‍റെ അഭാവവും രോഗനിർണയം വൈകിപ്പിക്കുന്നതും പല കേസുകളും കൂടുതൽ ഗുരുതരമാക്കുന്നതായി ഡോക്‌ടർമാർ പറയുന്നു. നൂതന ശ്രവണ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾക്കും മുതിർന്നവർക്കും കേൾവി ശക്തി തിരിച്ചുപിടിക്കാനുള്ള സൗകര്യം ഉണ്ട്.
കൈത്താങ്ങായി സർക്കാർ : ബധിരത തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള ദേശീയ പരിപാടി (NPPCD) ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ സർക്കാർ നടത്തുന്നുണ്ട്. ഏതെങ്കിലും രോഗം അല്ലെങ്കിൽ പരിക്ക് മൂലം ഉണ്ടാകുന്ന കേൾവി പ്രശ്‌നം, ഈ അവസ്ഥയിലേക്ക് നയിക്കുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ, പ്രായാധിക്യം മൂലമുള്ള ശ്രവണ ബുദ്ധിമുട്ട് എന്നിവ മുന്‍നിര്‍ത്തി നേരത്തേ രോഗനിര്‍ണയം നടത്തേണ്ടതുണ്ട്. . പ്രായം കൂടുമ്പോൾ ചെവിയുടെ ഞരമ്പുകൾ ദുർബലമാകുന്നതാണ് മുതിർന്ന ആളുകളിൽ കേൾവിക്കുറവിന് കാരണമാകുന്നത്.
പ്രധാന കാരണങ്ങൾ :സാധാരണ ഗതിയില്‍ 60 വയസിന് മുകളിലുള്ളവരിൽ 33 ശതമാനവും 74 വയസിൽ കൂടുതൽ ഉള്ളവർക്ക് 50 ശതമാനവും കേള്‍വിക്കുറവ് അനുഭവപ്പെടാറുണ്ട്. ശബ്‌ദമലിനീകരണം, ഗതാഗതക്കുരുക്ക്, ഇയർഫോണിന്‍റെ അമിത ഉപയോഗം, മൊബൈലിൽ കൂടുതൽ നേരം പാട്ട് കേൾക്കൽ, അപകടം, ചെവിയിലെ അണുബാധ, ഏതെങ്കിലും രോഗമോ പാരമ്പര്യമോ തുടങ്ങി പല കാരണങ്ങളാലും കേൾവിക്കുറവും ബധിരതയും ഉണ്ടാകാം.