എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയിൽ ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഹൃദയത്തിന്‍റെ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയത് കാരണം അതീവ ഗുരുതാരവസ്ഥയിലായ പെരുമ്പാവൂര്‍ സ്വദേശിയായ 69 കാരനാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ശനിയാഴ്‌ച (20-08-2022) ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ജില്ല തല സര്‍ക്കാര്‍ ആശുപത്രി ഈ നൂതന ചികിത്സ രീതി നടപ്പാക്കുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
എറണാകുളം ജനറല്‍ ആശുപത്രിയിലെ അത്യപൂര്‍വ ശസ്ത്രക്രിയ വിജയകരം: അഭിനന്ദനം അറിയിച്ച് ആരോഗ്യമന്ത്രി - rare surgery
എറണാകുളം ജനറല്‍ ആശുപത്രിയിൽ ഹൃദയം തുറക്കാതെയുള്ള വാല്‍വ് മാറ്റിവച്ച ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.
നെഞ്ചോ ഹൃദയമോ തുറക്കാതെ കാലിലെ രക്തകുഴലില്‍ വളരെ ചെറിയ മുറിവുണ്ടാക്കി അതിലൂടെ കത്തീറ്റര്‍ കടത്തിവിട്ടാണ് വാല്‍വ് മാറ്റി വയ്ക്കുന്നത്. രോഗിയെ പൂര്‍ണമായും മയക്കാതെ ചെറിയൊരളവില്‍ സെഡേഷന്‍ മാത്രം നല്‍കിയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക് സര്‍ജറി, കാര്‍ഡിയാക് അനസ്തേഷ്യ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ ചികിത്സ സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും രണ്ട് ദിവസത്തിനകം രോഗിക്ക് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കാര്‍ഡിയോളജി വിഭാഗം ഡോക്‌ടര്‍മാരായ ഡോ.ആശിഷ് കുമാര്‍, ഡോ.പോള്‍ തോമസ്, ഡോ.വിജോ ജോര്‍ജ്, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ.ജോര്‍ജ് വാളൂരാന്‍, എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയില്‍ പങ്കെടുത്ത എല്ലാ ഡോക്‌ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇതുവരെ ഇരുപതിനായിരത്തോളം രോഗികള്‍ക്ക് ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്‌റ്റി, പേസ്മേക്കര്‍ ചികിത്സകള്‍ നൽകിയിട്ടുണ്ട്.