മുൻപ് കൊവിഡോ, മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രമോ(MIS-C) ബാധിച്ച കുട്ടികൾക്ക് ഒമിക്രോൺ വരാതിരിക്കില്ലെന്ന് പഠനം. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നത് ഒമിക്രോണിൽ നിന്ന് സംരക്ഷണം നൽകുമെന്നും നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ പരാമര്‍ശിക്കുന്നു.
മുന്‍പ് കൊവിഡ് ബാധിച്ചപ്പോള്‍ വൈറസിനെതിരെ ഉത്‌പാദിപ്പിക്കപ്പെട്ട ആന്‍റിബോഡികൾ ഒമിക്രോണിനെ ചെറുക്കുന്നില്ലെന്നാണ് പഠനം പറയുന്നത്. വാക്‌സിനേഷൻ എടുക്കാത്ത കുട്ടികൾ ഒമിക്രോണിന് വിധേയരാകുന്നുവെന്ന് യുഎസിലെ ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ അഡ്രിയൻ റാൻഡോൾഫ് ചൂണ്ടിക്കാട്ടി.
ഗുരുതരമായി കൊവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിലും കൗമാരക്കാരിലുമാണ് ഗവേഷകർ പഠനം നടത്തിയത്. ഇത്തരത്തിലുള്ള 62 പേരുടെ രക്തസാമ്പിളുകൾ ഗവേഷകർ ശേഖരിച്ചു. കൂടാതെ MIS-C ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 65 കുട്ടികളുടെയും മിതമായി കൊവിഡ് ബാധിച്ച 50 കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും രക്തസാമ്പിളുകളും ഗവേഷകർ ശേഖരിച്ചു.
ഒമിക്രോൺ വകഭേദത്തിന്‍റെ ആവിർഭാവത്തിന് മുൻപ് 2020ലും 2021ന്‍റെ തുടക്കത്തിലുമാണ് രക്തസാമ്പിളുകൾ ശേഖരിച്ചത്. തുടർന്ന് ലബോറട്ടറികളിൽ സാമ്പിളുകളിലെ ആന്‍റിബോഡികൾക്ക് ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, ഒമിക്രോൺ എന്നീ കൊവിഡ് വകഭേദങ്ങളെ എത്രത്തോളം നിർവീര്യമാക്കാൻ കഴിയുമെന്ന് പരിശോധിച്ചു. കുട്ടികളും കൗമാരക്കാരും കൊവിഡിന്‍റെ മറ്റ് വകഭേദങ്ങൾക്കെതിരെ നിർവീര്യ സ്വഭാവം കാണിച്ചുവെങ്കിലും ഒമിക്രോണിനെതിരായ നിർവീര്യ ശേഷി തുലോം കുറവാണ് കാണിച്ചത്.
സ്പൈക്ക് പ്രോട്ടീനിൽ നിരവധി മാറ്റങ്ങളുള്ള ഒമിക്രോൺ മറ്റ് വകഭേദങ്ങളിൽ നിന്ന് വളരെ വ്യത്യസ്‌തമാണ്. ആന്റിബോഡികളുടെ പ്രതികരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒമിക്രോണിന് കഴിയുമെന്നും പഠനം പറയുന്നു. വാക്‌സിൻ എടുക്കാത്ത കുട്ടികളിൽ ഒമിക്രോൺ ബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണെന്ന് റാൻഡോൾഫ് വിശദീകരിച്ചു. കണ്ടെത്തലുകൾ കുട്ടികൾക്കും കൗമാരക്കാർക്കും വാക്സിനേഷൻ നൽകാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.