വരുമാന നിലവാരം പരിഗണിക്കാതെ തന്നെ ലോകമെമ്പാടുമുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ കാരണം ഏതാണ്ട് സമാനമാണെന്ന് പഠനങ്ങൾ. ഉയർന്ന, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഹൃദ്രോഗത്തിനുള്ള അപകടസാധ്യത ഘടകങ്ങൾ സമാനമാണെന്നും പുരുഷന്മാരും സ്ത്രീകളും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമേയുള്ളൂവെന്ന് പ്രോസ്പെക്റ്റീവ് അർബൻ റൂറൽ എപ്പിഡെമിയോളജിക്കൽ പഠനത്തിൽ പറയുന്നു.
ഏകദേശം 1.55 ദശലക്ഷം പേർ പങ്കാളികളായ ആഗോള മൾട്ടിസെന്‍റർ പഠനത്തിലാണ് കണ്ടെത്തൽ. 21രാജ്യങ്ങളിൽ (ഉയർന്ന വരുമാനമുള്ള, ഇടത്തരം വരുമാനമുള്ള, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ) നിന്നുള്ളവരെ പ്രോസ്‌പെക്റ്റീവ് അർബൻ റൂറൽ എപ്പിഡെമിയോളജിക്കൽ (പിയുആർഇ) പഠനത്തിൽ പങ്കെടുപ്പിച്ചു. തുടർന്ന്, ഏകദേശം 10 വർഷം ഇവരെ പിന്തുടർന്നുകൊണ്ട് അവരുടെ ഉപാപചയ, പെരുമാറ്റ, മാനസിക, സാമൂഹിക അപകട ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തി.
21 രാജ്യങ്ങളെടുത്തപ്പോൾ അതിൽ 2005 ജനുവരി 5 നും 2021 സെപ്റ്റംബർ 13 നും ഇടയിൽ 1,55,724പേരെ (58.4 % സ്ത്രീകൾ 41.6% പുരുഷന്മാർ) പഠനത്തിൽ പങ്കാളികളാക്കി. അവരെ പിന്തുടർന്നപ്പോൾ ആ കാലഘട്ടത്തിൽ 4,280 സ്‌ത്രീകൾക്ക് ഹൃദ്രോഗങ്ങൾ ഉണ്ടായപ്പോൾ പുരുഷന്മാരിൽ ഇത് 4,911 ആയിരുന്നു. എന്നാൽ, പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രായം കുറഞ്ഞ സ്‌ത്രീകൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
സ്‌ത്രീകളിലെയും പുരുഷന്മാരിലെയും സമാനതകൾ: ഭക്ഷണക്രമം പുരുഷന്മാരേക്കാൾ സ്ത്രീകളിലെ അപകട സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, കൊളസ്ട്രോളും വിഷാദവും സ്ത്രീകളേക്കാൾ പുരുഷന്മാരിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതകൾ വർധിപ്പിക്കാൻ കാരണമാകുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടാകാൻ കാരണം സമാനമാകുമ്പോൾ, ഈ അസുഖങ്ങൾ തടയാനും സമാന രീതിയിലൂടെ സാധിച്ചേക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി.