ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ഗര്‍ഭകാലം. ഈ സമയത്ത് ആരോഗ്യത്തോടെയും സന്തോഷത്തോടെയും കഴിയുകയെന്നത് വളരെ പ്രധാനമാണ്. നല്ല ഭക്ഷണം, നല്ല സാഹചര്യം, നല്ല കാഴ്‌ചകള്‍, നല്ല വയന എന്നിവയെല്ലാം ഈ കാലഘട്ടം ആരോഗ്യകരമായി പൂര്‍ത്തീകരിക്കാൻ സഹായിക്കും. എന്നാല്‍ ചില ഘടകങ്ങള്‍ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമായേക്കും.
40 ആഴ്‌ചയാണ് ഗര്‍ഭകാലഘട്ടമായി കണക്കാക്കുന്നത്. ഇതില്‍ 37 ആഴ്‌ചകള്‍ക്ക് മുന്‍പ് പ്രസവിക്കുന്ന കുഞ്ഞങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അവരെ ശ്രദ്ധയോടെ പരിപാലിക്കേണ്ടത് പ്രധാനമാണ്.
ഗര്‍ഭകാലത്ത് അമ്മയില്‍ കാണുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം, ഡയബെറ്റിസ്, അണുബാധ, രക്തസ്രാവം, ജനിതക ഘടകങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് കൂടുതലായും മാസം തികയാതെയുള്ള പ്രസവം സംഭവിക്കുന്നത്. ഗര്‍ഭകാലത്ത് പുകവലി, മദ്യപാനം, അനാവശ്യ മരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നത് കൂടുതല്‍ സങ്കീര്‍ണത സൃഷ്‌ടിക്കും. അതിനാല്‍ ഇത്തരം ശീലങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
37 ആഴ്‌ചകള്‍ക്ക് മുന്‍പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളെയാണ് മാസം തികയാതെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെന്ന് പറയുന്നത്. ഇവര്‍ക്ക് മാസം തികഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങളെക്കാള്‍ ആരോഗ്യം കുറവായിരിക്കും. രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. വര്‍ഷം തോറും ഒരു ദശകോടിയിലധികം കുഞ്ഞുങ്ങളാണ് മാസം തികയാതെ ജനിച്ച് പല വിധ അസുഖങ്ങളെ തുടര്‍ന്ന് മരിക്കുന്നത്. അതിജീവിക്കുന്ന കുഞ്ഞുങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അംഗവൈകല്യമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. മാസം തികയാതെയുള്ള പ്രസവം നടക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയെടുത്താന്‍ ഇന്ത്യ മുന്നിലാണ്.