സ്‌ത്രീകളുടെ ജീവിതത്തിലെ മനോഹര കാലമെന്ന് കരുതപ്പെടുന്ന ഗർഭകാലം ആശങ്കകളുടേതുമാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള പങ്കുവയ്ക്കല്‍ കൂടിയാണ് ഗർഭകാലം. ഗർഭാവസ്ഥയിൽ അമ്മ അഭിമുഖീകരിക്കുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും (അത് ശാരീരികമായാലും മാനസികമായാലും) കുഞ്ഞിനെയും ബാധിക്കും.
ഒക്‌ടോബർ 15 ലോകമെമ്പാടും ഗർഭധാരണം - ശിശുമരണം സംബന്ധിച്ച ദിനമായി ആചരിക്കുന്നു. ഗർഭാവസ്ഥയിലോ ജനിച്ചയുടനെയോ മരിച്ച കുഞ്ഞുങ്ങളെ കുറിച്ച് ഓർക്കുന്ന മാസമാണ് ഒക്‌ടോബർ. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് ഓരോ വർഷവും രണ്ട് ദശലക്ഷത്തിലധികം നവജാതശിശു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഒരു വർഷത്തെ മരണനിരക്ക് എടുക്കുകയാണെങ്കില്‍, 2015ൽ ഏകദേശം 2.6 ദശലക്ഷം ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. അതായത് ഒരു ദിവസം പൊലിഞ്ഞത് 7,178 കുരുന്നുകളുടെ ജീവനുകള്‍. വികസ്വര രാജ്യങ്ങളിലാണ് ശിശുമരണങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്‌തത്.
ശിശുമരണത്തെ കുറിച്ച് ഓർക്കാന്‍ ഒരു ദിവസം : അമേരിക്കയും കാനഡയുമാണ് ആദ്യമായി ശിശുമരണങ്ങളെക്കുറിച്ച് ഓർക്കാന്‍ ഒരു ദിവസം ആരംഭിച്ചത്. 1988 ഒക്‌ടോബർ 25നാണ് അമേരിക്കന്‍ പ്രസിഡന്‍റ് റൊണാൾഡ് റീഗൻ ഒക്‌ടോബറിനെ 'ഗർഭധാരണം, ശിശുമരണം' ബോധവത്കരണ മാസമായി പ്രഖ്യാപിക്കുന്നത്.
2000ൽ, റോബിൻ ബെയർ, ലിസ ബ്രൗൺ, ടാമി നൊവാക് എന്നിവർ ഒക്‌ടോബർ 15 'ഗർഭധാരണം, ശിശുമരണം' അനുസ്‌മരണ ദിനമായി അംഗീകരിക്കണമെന്ന് ഗവൺമെന്‍റിനോട് അഭ്യര്‍ഥിച്ചു. അന്നുമുതൽ എല്ലാ വർഷവും അമേരിക്കയില്‍ ഒക്‌ടോബർ 15 ഗർഭാവസ്ഥയിലോ ജനിച്ചയുടനെയോ മരണമടഞ്ഞ കുഞ്ഞുങ്ങളെ അനുസ്‌മരിക്കുന്നതിനുള്ള ദിനമായി ആചരിക്കാൻ തുടങ്ങി.
മരണമടഞ്ഞ കുഞ്ഞുങ്ങളെ ഓർക്കുന്നതിന് വേണ്ടി മാത്രമല്ല ഈ ദിനം ആചരിക്കുന്നത്. പ്രസവകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നവജാതശിശുക്കളുടെ ആരോഗ്യം, ഗർഭം അലസിപ്പോകുന്നതിന്‍റെ കാരണങ്ങൾ, ഗർഭം അലസൽ എങ്ങനെ തടയാം എന്നിവയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുകയും ഈ ദിനത്തിന്‍റെ ലക്ഷ്യങ്ങളാണ്.
ഗർഭം അലസുന്നതിന്‍റെ കാരണങ്ങൾ :അബോർഷൻ അഥവാ ഗർഭഛിദ്രം ഒരു സ്‌ത്രീയെ ശാരീരികമായും മാനസികമായും ബാധിക്കുന്ന ഒന്നാണ്. ഭ്രൂണം രൂപപ്പെട്ട ശേഷം 20 ആഴ്‌ചയ്ക്കുള്ളിലാണ് സാധാരണയായി ഗര്‍ഭം അലസല്‍ സംഭവിക്കുന്നത്. ഗര്‍ഭധാരണത്തിന്‍റെ ആദ്യത്തെ പതിമൂന്ന് ആഴ്‌ചകളിലാണ് കൂടുതലായും ഗര്‍ഭം അലസിപ്പോകുന്നത് എന്നതിനാല്‍ ഈ കാലയളവില്‍ പ്രത്യേകം ശ്രദ്ധ നൽകണം.
കുട്ടിയുടെ ക്രോമസോമുകളിലെ തകരാറോ അമ്മയുടെ രോഗങ്ങളോ ഗര്‍ഭം അലസലിന് കാരണമാകാം. ജീനുകളിലെ അസാധാരണത്വം, ഹോർമോൺ സംബന്ധമായ പ്രശ്‌നങ്ങൾ, ഗർഭകാലത്തെ അണുബാധ, തൈറോയ്‌ഡ്, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം എന്നിവയെല്ലാം ഗർഭം അലസാനുള്ള കാരണങ്ങളാണ്.
വിശ്രമമില്ലാതിരിക്കുക, ക്രമമല്ലാത്ത ഭക്ഷണ രീതി, അമിതമായ മാനസിക സമ്മര്‍ദം, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ്, ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ എന്നിവയും ഗർഭം അലസിപ്പോകുന്നതിന്‍റെ മറ്റ് കാരണങ്ങളാണ്.