ഹൈദരാബാദ്: രാജ്യത്തിന്‍റെ പലയിടത്തും ശൈത്യം അതിന്‍റെ പാരമ്യത്തിലാണ്. വടക്കെ ഇന്ത്യയില്‍ പ്രത്യേകിച്ചും ശൈത്യ തരംഗവും മൂടല്‍മഞ്ഞും ആരോഗ്യ പ്രശ്‌നമായി വളര്‍ന്നിരിക്കുകയാണ്. ആസ്‌തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ശൈത്യകാലം ദുഷ്‌കരമാണ്.
ആസ്‌തമ ബാധിച്ച ഒരാള്‍ക്ക് ശ്വാസകോശ ലഘുലേഖയില്‍(respiratory tract) നീര്‍വീക്കം ഉണ്ടാകുന്നു. ശൈത്യകാലത്ത് ഈ നീര്‍വീക്കം വര്‍ധിക്കുകയും ശ്വാസ നാളം കൂടുതല്‍ ചുരുങ്ങുകയും ചെയ്യുന്നു. ശ്വാസനാളം കൂടുതല്‍ ചുരുങ്ങുന്നത് കാരണം കായികമായി ചെറിയ അധ്വാനം വേണ്ട ജോലികള്‍ ചെയ്യുമ്പോള്‍ പോലും കൂടുതല്‍ കിതപ്പും ശ്വാസകോശം വീര്‍ത്തിരിക്കുന്ന അവസ്ഥയും ഉണ്ടാകുന്നു.
ഇത് ശ്വാസകോശത്തെ ബാധിക്കുന്നു. കഫം കൂടുതലായി ഉത്‌പാദിപ്പിക്കുന്നത് കാരണം നെഞ്ച് മുറുകല്‍, ചുമ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഹരിദ്വാറിലെ പ്രമുഖ ആയുര്‍വേദ ചികിത്സകനായ ഡോ. അനില്‍ ജോഷി പറയുന്നത് ആസ്‌തമ അടക്കമുള്ള പല ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും കാരണം 'കഫ', 'വാദ' ദോഷങ്ങളാണെന്നാണ്. ആയുര്‍വേദത്തില്‍ തീവ്രമായ ആസ്‌തമയെ 'മഹാ സ്വസ' എന്നും അലര്‍ജിക് ആയ ആസ്‌തമയെ 'തമാക സ്വസ' എന്നും മിതമായ ആസ്‌തമയെ 'ശൂദ്ര സ്വസ' എന്നും വിളിക്കുന്നു.
ആസ്‌തമയ്‌ക്ക് ആയുര്‍വേദത്തിലുള്ള ചികിത്സ:ശരിയായ സമയത്തുള്ള ആയുര്‍വേദ ചികിത്സയിലൂടെ ചിലതരം ആസ്‌തമകളില്‍ നിന്ന് നല്ല രീതിയിലുള്ള ആശ്വാസം ലഭിക്കുമെന്ന് ഡോ. അനില്‍ ജോഷി പറയുന്നു. തീവ്ര ആസ്‌തമയും അലര്‍ജി മൂലമുണ്ടാകുന്ന ആസ്‌തമയും മരുന്നുകള്‍ കഴിക്കുന്നതിലൂടെയും ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെയും വലിയ രീതിയില്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. തേനും മറ്റ് ഔഷധ സസ്യങ്ങളും അടങ്ങിയ മരുന്നുകളാണ് ആസ്‌തമ രോഗികള്‍ക്ക് ആയുര്‍വേദത്തില്‍ മരുന്നായി നല്‍കുന്നത്.
ആസ്‌തമയ്‌ക്കും ശൈത്യകാലത്ത് ഉണ്ടാകുന്ന മറ്റ് ശ്വാസകോശരോഗങ്ങള്‍ക്കും ഉണ്ടാകുന്ന കാരണങ്ങള്‍ വ്യത്യസ്‌തമായിരിക്കുമെന്ന് ഡോ ജോഷി വ്യക്തമാക്കുന്നു. ആയുര്‍വേദത്തില്‍ പ്രശ്‌നത്തിന്‍റെ ചികിത്സ നിര്‍ണയിക്കുന്നത് അതിന്‍റെ കാരണത്തെയും തരത്തെയും അടിസ്ഥാനമാക്കിയാണ്. ആയുര്‍വേദത്തില്‍ മരുന്നുകളെ രോഗശമനത്തിനായി പൂര്‍ണമായി ആശ്രയിക്കുന്നില്ല. രോഗശമനത്തിനായി ഒരു പ്രത്യേക ഭക്ഷണക്രമങ്ങളും ജീവിത ശൈലി മാറ്റങ്ങളും ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു.
കഴിക്കേണ്ട ഭക്ഷണങ്ങള്‍:ശൈത്യകാലത്ത് ആസ്‌തമ രോഗികള്‍ ശരീരത്തിന് ചൂടും പ്രതിരോധ ശേഷി ലഭിക്കുന്നതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കണമെന്ന് ഡോ. അനില്‍ ജോഷി പറയുന്നു. ഇഞ്ചി, തുളസി, വെളുത്തുള്ളി, നെല്ലിക്ക, അത്തിപ്പഴം, കുരുമുളക്, ഗ്രാമ്പൂ, ഏലം, ജാതിക്ക ഉണക്കിയ കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിയന്ത്രിത അളവില്‍ ഉള്‍പ്പെടുത്തുന്നത് ആസ്‌തമ പോലുള്ള ശ്വാസകോശരോഗങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് നല്ലതാണ്. കൂടാതെ ഇളം ചൂട്‌വെള്ളം, മഞ്ഞള്‍ ചേര്‍ത്ത പാല്‍, ഇഞ്ചി നീരും തേനും ചേര്‍ത്ത ചൂടുവെള്ളം എന്നിവ കുടിക്കുന്നത് നല്ലതാണ്.
സീസണ്‍ മാറുന്നതുമായി ബന്ധപ്പെട്ട ചില അണുബാധകള്‍ ആസ്‌തമ തീവ്രമാക്കുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ ആസ്‌തമ രോഗികള്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വര്‍ധിപ്പിക്കണം. വിറ്റാമിന്‍ സി അണുബാധകള്‍ക്കെതിരെ പ്രതിരോധം ഒരുക്കുന്നതിന് സഹായിക്കും.
ആസ്‌തമ രോഗികൾ തണുത്ത ഭക്ഷണം, നോൺ വെജിറ്റേറിയൻ, മസാലകൾ, വറുത്ത ഭക്ഷണങ്ങൾ, തൈര്, തണുത്ത വെള്ളം, ശീതളപാനീയങ്ങൾ, ഐസ്ക്രീം മുതലായവ കഴിക്കുന്നത് ഒഴിവാക്കണം. ആസ്‌തമ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നവയാണ്:
- ഈര്‍പ്പവും പൊടിയും നിറഞ്ഞ സ്ഥലങ്ങള്‍ ഒഴിവാക്കുക
- അതിരാവിലെ തണുത്ത കാലാവസ്ഥയിലും മൂടല്‍ മഞ്ഞിലും വിടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കുക
- അലര്‍ജി ആസ്‌തമയുള്ളവര്‍ പെയിന്‍റുകള്‍ പെര്‍ഫ്യൂമുകള്‍ എന്നിവ ശ്വസിക്കുന്നത് ഒഴിവാക്കുക.
- ഏത് തരത്തിലുള്ള പുകയും ശ്വസിക്കുന്നത് ആസ്‌തമ രോഗികള്‍ ഒഴിവാക്കണം.
- കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുക
- യോഗയും മിതമായ തരത്തിലുള്ള വ്യായാമങ്ങളും ചെയ്യുക