മാനസികമായി തളര്‍ന്നിരിക്കുന്ന പലരും വൈകാരികമായ അവസ്ഥയില്‍ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നവരായിരിക്കും. ഇത്തരക്കാര്‍ക്ക് ഒരിക്കലും മറ്റുള്ളവര്‍ നല്‍കുന്ന ലളിതമായ പരിഹാരങ്ങളോ നിര്‍ദേശങ്ങളോ ഒരുപക്ഷേ സ്വീകരിക്കാന്‍ സാധിച്ചുവെന്ന് വരില്ല. ബന്ധങ്ങളുണ്ടായിട്ടും ഒറ്റപ്പെട്ടുപോയി എന്ന തോന്നലുണ്ടായി തുടങ്ങുമ്പോഴാണ് പലരിലും ഇത്തരം ചിന്തകള്‍ ഉടലെടുക്കുന്നത് തന്നെ.
ഇത്തരം സാഹചര്യങ്ങളിലാണ് ദൃഢ ബന്ധങ്ങളുടെ പ്രസക്‌തി. നമ്മളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുമായി മികച്ച ബന്ധം കാത്ത് സൂക്ഷിക്കാനായാല്‍ ജീവിതത്തിന് അര്‍ഥമുള്ളതായി തോന്നുകയും മാനസികമായി തളര്‍ന്നിരിക്കുന്ന സാഹചര്യങ്ങളില്‍ ഇവർ സപ്പോര്‍ട്ടിങ് സിസ്റ്റമാകുകയും ചെയ്യും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികളെ സഹായിക്കാനും അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കാനുമുള്ള ചില വഴികള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മനഃശാസ്ത്രജ്ഞനായ ദിൽഷാദ് ഖുറാന.
സഹാനുഭൂതിയോടെ കേള്‍ക്കുക:സഹാനുഭൂതിയാണ് ഒട്ടുമിക്ക മനുഷ്യ ബന്ധങ്ങളുടെയും അടിസ്ഥാനം. ജീവിതത്തില്‍ മാനസികാരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരാളുമായി ഇടപെടുമ്പോൾ ആ വ്യക്തി പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുന്നതും സഹാനുഭൂതിയോടെ പെരുമാറുന്നതും പ്രധാനമാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയുമായുള്ള സംഭാഷണത്തിനിടയിൽ അവരുടെ കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ ശ്രമിക്കുക.
തന്‍റെ പ്രശ്‌നങ്ങള്‍ തുറന്ന് പറയുന്ന വ്യക്തിയെ അവരുടെ സംഭാഷണത്തിനിടയില്‍ തടസപ്പെടുത്തുകയോ സംസാരിക്കുന്ന വിഷയത്തില്‍ നിന്ന് വ്യതിചലിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. ഇത്തരം പ്രവൃത്തികളിലൂടെ താന്‍ പറയുന്നത് കേള്‍ക്കാന്‍ ഒരു വ്യക്തിയുണ്ട് എന്ന തോന്നല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയിലുണ്ടാകുകയും അവരുടെ പ്രശ്‌നങ്ങള്‍ നിങ്ങളോട് തുറന്ന് പറയുന്നതിന് സഹായിക്കുകയും ചെയ്യും.
നാം, അവരായി ചിന്തിക്കണം:നമ്മളോട് സംസാരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നായിരിക്കണം കാര്യങ്ങളെ നോക്കി കാണേണ്ടത്. ഇത് അവരെ കൂടുല്‍ മനസിലാക്കാന്‍ നമ്മെ പ്രാപ്‌തമാക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണ്. നമ്മളോട് സംസാരിക്കുന്നയാളുടെ വീക്ഷണകോണില്‍ നിന്നും ചിന്തിക്കാനായാല്‍ അവരെ സഹായിക്കാന്‍ ഒരുപക്ഷേ നമ്മളെ കൊണ്ട് സാധിച്ചേക്കും.