ലണ്ടന്‍: സാക്ഷരതയില്‍ കുറവുള്ളവര്‍ നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായുള്ള പഠനഫലം പുറത്ത്. സാക്ഷരത കുറവുള്ളവരും നിരക്ഷരരായവരും ഏകാന്തത, വിഷാദം, ഉത്‌കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ഇന്ത്യ ഉള്‍പ്പടെ ഒമ്പത് രാജ്യങ്ങളെ പരിഗണിച്ചുള്ള പഠനത്തിലാണ് കണ്ടെത്തിയത്. സാക്ഷരതയും മാനസികാരോഗ്യവും ആഗോളതലത്തില്‍ പരിശോധിച്ചുകൊണ്ട് മെന്‍റൽ ഹെൽത്ത് ആന്‍റ് സോഷ്യൽ ഇൻക്ലൂഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമാണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്.
വളര്‍ച്ചയുണ്ട്, പക്ഷെ: യു.കെയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഈസ്‌റ്റ് ആംഗ്ലിയയിലെ (യുഇഎ) ഗവേഷകര്‍ നടത്തിയ ഈ പഠനത്തില്‍ ലോകത്തിലുള്ള നിരക്ഷരരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്‌ത്രീകളാണെന്നും സാക്ഷരത കുറവും, നിരക്ഷരതയും ഇവരെ ആനുപാതികമല്ലാതെയാണ് ബാധിക്കുന്നതെന്നും പഠനം പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സാക്ഷരത നിരക്ക് ഉയരുന്നുണ്ടെങ്കിലും, ആഗോളതലത്തിൽ 773 ദശലക്ഷം പേര്‍ ഇപ്പോഴും എഴുതാനോ വായിക്കാനോ അറിയാത്തവരായാണ് കണക്കാക്കപ്പെടുന്നതെന്നും പഠനത്തിന് നേതൃത്വം വഹിച്ച യുഇഎയുടെ നോർവിച്ച് മെഡിക്കൽ സ്‌കൂളിൽ നിന്നുള്ള ബോണി ടീഗ് അറിയിച്ചു.
പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍:വികസ്വര രാജ്യങ്ങളിലും സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ രാജ്യങ്ങളിലും സാക്ഷരത നിരക്ക് കുറവാണ്. മാത്രമല്ല ഇത് സ്‌ത്രീകളില്‍ ആനുപാതികമല്ലാതെയാണ് ബാധിക്കുന്നതെന്നും ബോണി ടീഗ് വ്യക്തമാക്കി. കൂടുതല്‍ സാക്ഷരരായിട്ടുള്ളവര്‍ക്ക് തൊഴില്‍ കണ്ടെത്തല്‍, മികച്ച വേതനം എന്നിവ പോലുള്ള കാര്യങ്ങളില്‍ ഫലം ലഭിക്കുന്നുണ്ടെന്നും ഇവര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണവും പാർപ്പിടവും സാധ്യമാണെന്നും അദ്ദേഹം പഠനത്തെ ഉദ്ദരിച്ച് പറഞ്ഞു.