കൊവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവരില്‍ മരണനിരക്ക് കൂടുതലെന്ന് യുഎസ് പഠനറിപ്പോര്‍ട്ട്.
ഹൃദയസംബന്ധമായ വൈകല്യങ്ങള്‍ ഉള്ള വ്യക്തികളെ കൊവിഡ്19 അതീവ ഗുരുതരമായി ബാധിക്കുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ ജേണല്‍ സര്‍ക്കുലേഷനാണ് ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവിഡ് 19 ബാധിക്കുന്ന ഇത്തരം ആരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികള്‍ക്ക് ഐസിയു, വെന്‍റിലേറ്റര്‍ എന്നിവയുടെ സഹായം ആവശ്യമായി വരുമെന്നും ഗവേഷകര്‍ പറഞ്ഞു. ഹൃദയ വൈകല്യമുള്ള വ്യക്തികള്‍ കൊവിഡ് 19 വാക്സിനുകള്‍ സ്വീകരിക്കാനും മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും പോലെയുള്ള പ്രതിരോധ നടപടികൾ തുടരണമെന്നും ഗവേഷകര്‍ ആവശ്യപ്പെട്ടു. പഠനത്തില്‍ പരിമിധികള്‍ ഉണ്ടായിരുന്നുവെന്ന് ചൂണ്ടികാട്ടിയ ഗവേഷണസംഘം മേധാവി ഡൗണിങ്, കൊവിഡ് 19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹൃദയ വൈകല്യങ്ങളുള്ള എല്ലാ രോഗികളിലും മോശം ഫലങ്ങൾ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.
ഹൃദയവൈകല്യങ്ങള്‍ എന്ത്
ജനനത്തിനുമുമ്പ് ഹൃദയത്തിലോ ഹൃദയത്തിനടുത്തുള്ള രക്തക്കുഴലുകളിലോ സംഭവിക്കുന്ന ഘടനാവ്യത്യാസങ്ങളാണ് സാധാരണഗതിയിൽ ഹൃദയവൈകല്യങ്ങള്‍ ഉണ്ടാകാന്‍ കാരണം. അപകടകരമായ ഒരു ഡസനിലധികം തരത്തിലുള്ള ഹൃദയ വൈകല്യങ്ങളാണുള്ളത്. ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നതിന്‍റെ കാരണം പലപ്പോഴും അവ്യക്തമാണ്. പത്തു ശതമാനത്തോളം പ്രശ്‌നങ്ങള്‍ക്കു മാത്രമേ കാരണം തിരിച്ചറിയാനാവൂ.