വാഷിംഗ്‌ടൺ: മനുഷ്യനിൽ അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്ന 50 വയസുമുതൽ ഉള്ളവരിൽ വിട്ടുമാറാത്ത അസുഖങ്ങൾ(chronic illnesses) ഉണ്ടാകാനുള്ള സാധ്യതയുള്ളതായി പഠനങ്ങൾ. 50, 60, 70 വയസുള്ള 7,000-ത്തിലധികം പുരുഷന്മാരുടെയും സ്‌ത്രീകളുടെയും ആരോഗ്യത്തിൽ ഉറക്കത്തിന്‍റെ ദൈർഘ്യം വിശകലനം ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ. ഇവരിൽ ഓരോരുത്തരും 25 വർഷത്തിനിടയിൽ എത്ര നേരം ഉറങ്ങുന്നു എന്നും അതേസമയം ഇവരിൽ ഹൃദ്രോഗം, കാൻസർ, പ്രമേഹം എന്നിങ്ങനെയുള്ള അസുഖങ്ങൾ എത്രത്തോളം കാണപ്പെടുന്നു എന്നും താരതമ്യം ചെയ്യപ്പെട്ടു.
അതിൽ 50 വയസിൽ അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറക്കം ലഭിക്കുന്നതായി റിപ്പോർട്ട് ചെയ്‌ത ആളുകൾക്ക് വിട്ടുമാറാത്ത രോഗമുണ്ടാകാനുള്ള സാധ്യത ഏഴുമണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്. 50 വയസിൽ കൂടുതൽ ഉള്ളവരിൽ മൾട്ടിമോർബിഡിറ്റി(രണ്ടോ അതിലധികമോ വിട്ടുമാറാത്ത രോഗങ്ങൾ ഉള്ള അവസ്ഥ) സാധ്യത 30 മുതൽ 40 ശതമാനം വരെ വർധിക്കും. മാത്രമല്ല 25 ശതമാനം മരണനിരക്ക് വർധിക്കാനും സാധ്യതയുള്ളതായി ഗവേഷകർ പറയുന്നു.