ലണ്ടൻ:മാതാപിതാക്കാളിലെ പുകവലി ശീലം അവരുടെ കൗമാരക്കാരായ കുട്ടികളേയും സ്വാധീനിച്ചേക്കാമെന്ന് പഠനം. പുകവലിക്കുന്ന മാതാപിതാക്കളുടെ കൗമാരക്കാരായ കുട്ടികള്‍ ഇ-സിഗരറ്റ് പരീക്ഷിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. സ്‌പെയിനിലെ ബാഴ്‌സലോണയിലെ യൂറോപ്യൻ റെസ്‌പിറേറ്ററി സൊസൈറ്റി ഇന്റർനാഷണൽ കോൺഗ്രസിലാണ് ഇത് സംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ഇ-സിഗരറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ലോകമെമ്പാടുമുള്ള സ്ഥിതി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സമൂഹമാധ്യമങ്ങള്‍ പെണ്‍കുട്ടികളിലെയും, ആണ്‍കുട്ടികളിലേയും വാപ്പിങ് (ഇലക്ട്രോണിക് സിഗരറ്റ് വഴി പുകയെടുക്കുക) എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിനെ കുറിച്ച് പരിശോധിക്കാനും പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റി കോളജ് കോർക്കിലെ ഗവേഷകന്‍ ജോവാൻ ഹനാഫിൻ പറഞ്ഞു.
ഇ സിഗരറ്റ് ഉപയോഗത്തില്‍ വര്‍ധനവ്:ഇ സിഗരറ്റ് പരീക്ഷിച്ചവരുടെ അനുപാതം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും, ആൺകുട്ടികൾ ഇ-സിഗരറ്റ് ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെങ്കിലും പെൺകുട്ടികൾക്കിടയിലെ ഉപയോഗ നിരക്ക് അതിവേഗമാണ് ഉയരുന്നതെന്നും പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇ-സിഗരറ്റ് ആദ്യമായി പരീക്ഷിച്ചപ്പോൾ തങ്ങൾ ഒരിക്കലും പുകയില ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നവരുടെ അനുപാതം 2015-ൽ 32 ശതമാനത്തിൽ നിന്ന് 2019-ൽ 68 ശതമാനമായി ഉയർന്നതായും ഗവേഷകര്‍ വ്യക്തമാക്കി.