കേരളം

kerala

ETV Bharat / sukhibhava

പാവപ്പെട്ടവര്‍ക്ക് താങ്ങായി 'ഒരു രൂപ ആശുപത്രി'; ആതുരസേവനത്തിന്‍റെ ഹൈദരാബാദ് മോഡല്‍

നിര്‍ധനരായ രോഗികള്‍ക്ക് ഒരു രൂപ മാത്രം ഈടാക്കി മെച്ചപ്പെട്ട ചികിത്സ നല്‍കി ഹൈദരാബാദിലെ ഗംഗയ്യ ഗാരി ഹോസ്‌പിറ്റല്‍ എന്ന ജി.ജി ആശുപത്രി

One rupee hospital  ഒരു രൂപാ ആശുപത്രി  ആശുപത്രി  ആതുരസേവനത്തിന്‍റെ ഹൈദരാബാദ് മോഡല്‍  ചികിത്സ  GG hospital  One Ruppee Hospital of Hyderbad  ഹൈദരാബാദ്
പാവപ്പെട്ടവര്‍ക്ക് താങ്ങായി 'ഒരു രൂപ ആശുപത്രി'; ആതുരസേവനത്തിന്‍റെ ഹൈദരാബാദ് മോഡല്‍

By

Published : Sep 23, 2022, 5:50 PM IST

ഹൈദരാബാദ്: സാധാരണ ഒരു പനിയോ ജലദോഷമോ വന്നാല്‍ അതുമായി ആശുപത്രിയിലെത്തിയാല്‍ ഏതാണ്ട് 400 രൂപ വരെയും അതിന് മുകളിലുമെല്ലാം ഡോക്‌ടര്‍മാര്‍ ഫീസായി ഈടാക്കാറുണ്ട്. ഇതുകൂടാതെ ഗുളികകൾ, കുത്തിവയ്‌പ്പുകൾ, സിറപ്പുകൾ എന്നിവ കൂടിയാകുമ്പോള്‍ തുക വീണ്ടും വര്‍ധിക്കും. ഇവിടെയാണ് ഹൈദരാബാദിന്‍റെ ഹൃദയഭാഗമായ രാം നഗറിലെ ഗംഗയ്യ ഗാരി ഹോസ്‌പിറ്റല്‍ വേറിട്ട് നില്‍ക്കുന്നതും സാധാരണക്കാരന് ആശ്വാസവുമാകുന്നത്.

ഹൈദരാബാദ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് ജി.ജി ആശുപത്രിയാണ് ഇത്തരത്തില്‍ കൈത്താങ്ങാകുന്നത്. ഒരു രൂപ മാത്രം ഈടാക്കിയാണ് ഇവിടെ ചികിത്സ നല്‍കി വരുന്നത്. അതുകൊണ്ടുതന്നെ ജി.ജി ചാരിറ്റി ഹോസ്‌പിറ്റല്‍ എന്ന ഈ ആശുപത്രി ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത് 'ഒരു രൂപ ആശുപത്രി' എന്നാണ്. സ്വകാര്യ ആശുപത്രികളിലെ ഭീമമായ കണ്‍സള്‍ട്ടേഷന്‍ ഫീസ് കൂടാതെ രക്തപരിശോധന, സ്‌കാനിങ്, എക്‌സ്‌റേ തുടങ്ങിയ അധിക ചെലവുകളിലും ആശുപത്രി പ്രത്യേകം കരുതലാകുന്നുണ്ട്.

ഓർത്തോപീഡിക്, ഗൈനക്കോളജി, പീഡിയാട്രിക്, ജനറൽ ഫിസിഷ്യൻ, ജനറൽ സർജൻ, ഡെർമറ്റോളജി തുടങ്ങിയ വിഭാഗങ്ങളും ആശുപത്രിയിലുണ്ട്. ഇവയ്‌ക്കൊപ്പം രക്തം, മൂത്രം എന്നിവയുടെ പരിശോധനാലാബുകളും ആശുപത്രിയിലുണ്ട്. അൾട്രാസൗണ്ട്, എക്‌സ്‌ -റേ യൂണിറ്റുകളും ജി.ജി ആശുപത്രിയില്‍ ലഭ്യമാണ്. ഇവക്കെല്ലാം പുറമെ ആശുപത്രിയില്‍ നടത്തുന്ന എല്ലാ ലാബ് ടെസ്‌റ്റുകൾക്കും ഡയഗ്നോസ്‌റ്റിക് സെന്‍ററിൽ 50 ശതമാനം ഇളവുള്ള ഫീസ് മാത്രമേ ഈടാക്കുന്നുള്ളൂവെന്ന് ജിജി ഹോസ്‌പിറ്റൽ അധികൃതര്‍ അറിയിക്കുന്നു. ഡോക്‌ടറുടെ പരിശോധനയ്‌ക്ക്‌ ശേഷം അവിടെ നിന്നുള്ള ഫാർമസിയിൽ നിന്ന് മരുന്നുകൾ വാങ്ങിയാൽ 40 ശതമാനം കിഴിവും ലഭിക്കും.

കിടത്തി ചികിത്സയിലേക്ക് നീങ്ങുമ്പോള്‍ കിടക്കകള്‍ക്ക് നാമമാത്രമായ തുകയാണ് ആശുപത്രി ഈടാക്കുന്നതെന്നാണ് മാനേജ്‌മെന്‍റിന്‍റെ വാദം. അഞ്ചുമാസം മുമ്പ് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ വിരലിലെണ്ണാവുന്ന രോഗികളെ എത്തിയിരുന്നുള്ളുവെന്നും പിന്നീട് ഔട്ട് പേഷ്യന്‍റ്‌സായി 300 പേരെങ്കിലും എത്താറുണ്ടായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. നിലവില്‍ ഒപി രോഗികളുടെ എണ്ണം 1500 ല്‍ എത്തിയതായും ഇവര്‍ പറയുന്നു. നാമമാത്രമായ ഫീസിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടെന്ന് രോഗികള്‍ക്ക് മനസിലായതും ചികിത്സയിലുള്ളവർ മറ്റുള്ളവരോട് പറഞ്ഞതുമാണ് ഈ വര്‍ധനവിന് കാരണമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

പാവപ്പെട്ടവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുക എന്ന ആശയത്തോടെയാണ് ഗംഗയ്യ ഗാരി ആശുപത്രി സ്ഥാപിക്കപ്പെട്ടതെന്ന് ചെയർമാൻ ഗംഗാധർ ഗുപ്‌ത അറിയിച്ചു. മാത്രമല്ല ആശുപത്രി വളപ്പിൽ ഒരു ഹുണ്ടിക സ്ഥാപിച്ചിട്ടുണ്ട്. ഇതിലെത്തുന്ന സംഭാവനകള്‍ ആശുപത്രിയുടെ വികസനത്തിനും ഡോക്‌ടർമാരുടെ ഫീസിനും വേണ്ടി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ നിരക്കിൽ ആശുപത്രി വാഗ്‌ദാനം ചെയ്യുന്ന ചികിത്സാരീതിയെ ഇതുവരെ പലരും പിന്തുണച്ചിട്ടുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details