പെന്‍സില്‍വാനിയ :ആഴ്‌ചയില്‍ 150 മിനിറ്റ് എയ്റോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് കരളിലെ കൊഴുപ്പിന്‍റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്. പെന്‍സില്‍വാനിയയിലെ സ്‌റ്റേറ്റ് കോളജ് ഓഫ് മെഡിസിന്‍ നടത്തിയ പഠനം വിജയകരമെന്ന് കണ്ടെത്തി, യുഎസിലെ ആരോഗ്യ വിഭാഗം തങ്ങളുടെ പൗരന്‍മാരോട് ആഴ്‌ചയില്‍ 150 മിനിറ്റ് എയ്റോബിക് വ്യായാമത്തില്‍ ഏര്‍പ്പെടുവാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് എയ്റോബിക് വ്യായാമം ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെ വ്യക്തമായി.
എന്താണ് എയ്റോബിക് വ്യായാമം: ഓക്‌സിജന്‍റെ വിതരണവും ഉപയോഗവും വര്‍ധിപ്പിക്കുന്നതിനായുള്ള ശാരീരിക വ്യായാമമാണിത്. പേശികളുടെ ഉറപ്പിനും ഹൃദയത്തിന്‍റെയും രക്തധമനികളുടെയും പ്രവര്‍ത്തനക്ഷമതയ്‌ക്കും ഇത് ഏറെ ഉപയോഗപ്രദമാണ്. ജോഗിങ്, സൈക്ലിങ്, നൃത്തം, നീന്തല്‍ തുടങ്ങിയവ എയ്റോബിക് വ്യായാമത്തിന്‍റെ ഉദാഹരണങ്ങളാണ്.
കായിക പ്രവര്‍ത്തനങ്ങള്‍ ആരോഗ്യത്തിന് ഗുണകരമാണെന്ന് നിരവധി ഗവേഷണങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, എത്രത്തോളം വ്യായാമം ചെയ്യണമെന്ന് ക്ലിനിക്കല്‍ പഠനങ്ങള്‍ മുമ്പ് വ്യക്തമാക്കിയിട്ടില്ല. 'രോഗികള്‍ക്ക് എത്ര അളവ് വ്യായാമം ചെയ്യണമെന്ന് ഞങ്ങളുടെ കണ്ടെത്തലിലൂടെ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുവാന്‍ ആരംഭിച്ചുവെന്ന്' പഠനത്തിന് നേതൃത്വം നല്‍കിയ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ജൊനാഥന്‍ സ്‌റ്റൈന്‍ പറഞ്ഞു.
രോഗം അതിരുകടന്നാല്‍ ലിവര്‍ സിറോസിസിന് കാരണമാകും: 'ഒരു പ്രത്യേക അളവിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ പരിപാലനത്തിന് ഉപകാരപ്രദമാണ്. മാത്രമല്ല, വ്യായാമത്തില്‍ വിദഗ്‌ധരായിട്ടുള്ളവര്‍ക്ക് രോഗികളെ സഹായിക്കാനും അവരെ ശാരീരികമായി സജീവമാക്കുവാനും അവരുടെ ജീവിതശൈലിയില്‍ മാറ്റം സൃഷ്‌ടിക്കുവാനും സാധിക്കുമെന്ന്' ജൊനാഥന്‍ വ്യക്തമാക്കി.
ലോകത്തിലെ 30 ശതമാനം പേര്‍ക്ക് നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം ബാധിച്ചിരിക്കുകയാണ്. രോഗം അധികമായാല്‍ ലിവര്‍ സിറോസിസും ലിവര്‍ ക്യാന്‍സറും വരാന്‍ സാധ്യതയുണ്ട്. ഇത്തരം അവസ്ഥയെ തരണം ചെയ്യാന്‍ മരുന്നോ മറ്റ് ചിതിത്സാരീതികളോ ഇല്ല.
എന്നാല്‍, വ്യായാമം കരളിലെ കൊഴുപ്പ് നിയന്ത്രിക്കുവാനും, ശാരീരികക്ഷമത കൈവരിക്കുവാനും രോഗിയുടെ ശാരീരിക ഘടനയും ജീവിത നിലവാരവും മെച്ചപ്പെടുവാനും സഹായിക്കുന്നുവെന്ന് പഠനത്തില്‍ തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍, നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ബാധിച്ചവര്‍ക്ക് രോഗം ക്രമേണ കുറയാന്‍ എത്ര അളവ് വ്യായാമം വേണമെന്ന് നേരത്തെ നടത്തിയ പഠനങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, രോഗമുള്ളവരില്‍ 30 ശതമാനമെങ്കിലും കരളിന്‍റെ കൊഴുപ്പ് കുറഞ്ഞിരിക്കുന്നുവെന്ന് മാഗ്‌നെറ്റിക് റെസൊണന്‍സ് ഇമേജ് സ്‌കാനിങ് വഴി കണ്ടെത്തി.
വ്യായാമം കൃത്യമായ അളവില്‍:നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട 551 കാര്യങ്ങളെ, ഗവേഷണം നടത്തിയ 14 വിഷയങ്ങളുമായി ജൊനാഥന്‍ താരതമ്യം ചെയ്‌തു. അതില്‍ രോഗബാധിതരായവരുടെ പ്രായം, ലിംഗം, ബോഡി മാസ് ഇന്‍ഡക്‌സ്, ശരീരഭാരത്തിലെ മാറ്റം, വ്യായാമ രീതികള്‍, കരളിലെ കൊഴുപ്പ് എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ശേഖരിച്ചു. കരളിലെ കൊഴുപ്പും വ്യായാമവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകര്‍ ആദ്യമായി കണ്ടെത്തിയത്.
ക്ലിനിക്കല്‍ ചികിത്സാ രീതികളേക്കാളും ഏറ്റവും ഫലപ്രദമായത് വ്യായാമ രീതികളാണെന്ന് ഗവേഷണ സംഘം കണ്ടെത്തി. എത്ര അളവിലുള്ള വ്യായാമമാണ് ഫലപ്രദമെന്നായി സംഘത്തിന്‍റെ അടുത്ത കണ്ടെത്തല്‍. 750 മെറ്റബോളിക് റെയിറ്റ് വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ജോലികള്‍(ആഴ്‌ചയില്‍ 150 മിനിറ്റ് ശാരീരിക വ്യായാമം) ചെയ്യാന്‍ 39 ശതമാനം വരുന്ന രോഗികളോട് നിര്‍ദേശിച്ചു.
26ശതമാനം വരുന്ന രോഗികളോട് കുറഞ്ഞ അളവിലുള്ള ജോലികളില്‍ ഏര്‍പ്പെടുവാനും നിര്‍ദേശിച്ചു. അതില്‍ പുരോഗതി കൈവരിച്ചിരിക്കുന്നത് 39 ശതമാനം പേര്‍ക്കാണെന്ന് തെളിഞ്ഞു. ആഴ്‌ചയില്‍ 150 മിനിറ്റ് വ്യായാമത്തിലേര്‍പ്പെടുവാനാണ് അമേരിക്കന്‍ ഗ്യാസ്ട്രോ എൻട്രോളജി അസോസിയേഷനും കരള്‍ സംബന്ധമായ പഠനങ്ങള്‍ നടത്തുന്ന യൂറോപ്യന്‍ അസോസിയേഷനും നിര്‍ദേശിക്കുന്നത്. ഇത്തരത്തില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്ന ഫലത്തെക്കുറിച്ച് അമേരിക്കന്‍ ജേണല്‍ ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയില്‍ വിശദമാക്കുന്നുണ്ട്.
കരളിലെ കൊഴുപ്പ് തടയാനായി രോഗത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ സ്വീകരിക്കുന്ന മരുന്നുകള്‍ നല്‍കുന്ന സമാന ഫലം വ്യായാമത്തിന് നല്‍കാന്‍ സാധിക്കുമെന്ന് ജൊനാഥന്‍ പറയുന്നു. ആഴ്‌ചയില്‍ അഞ്ച് തവണ ഒന്നോ രണ്ടോ മണിക്കൂര്‍ വേഗത്തിലുള്ള നടത്തം സൈക്ലിങ് തുടങ്ങിയ പ്രവര്‍ത്തികള്‍ ആരോഗ്യകരമായ കരള്‍ വീണ്ടെടുക്കുവാന്‍ സഹായകമാകുന്നു. വ്യത്യസ്‌ത വ്യായാമങ്ങളുടെ നിയന്ത്രിതമല്ലാത്ത അളവുകളും നിയന്ത്രിത പരിശീലനങ്ങളുടെ തോതുകളും തമ്മില്‍ താരതമ്യം ചെയ്യേണ്ടതുണ്ടെന്നും ജൊനാഥന്‍ വ്യക്തമാക്കി.