പുതുതായി കണ്ടെത്തിയ കൊവിഡ് വകഭേദമായ ഒമിക്രോൺ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അതിവേഗം പടരുകയാണ്. ഇന്ത്യയിലെ സ്ഥിതിയും മറിച്ചൊന്നുമല്ല. ഇന്ത്യയിലെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 2000 കടന്നുകഴിഞ്ഞു.
രാജ്യത്തെ കാലാവസ്ഥ മാറുന്നതനുസരിച്ച് ജലദോഷം, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളും ആളുകളിൽ തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഇവ സാധാരണ പനിയുടെ ലക്ഷണങ്ങളാണോ അതോ ഒമിക്രോൺ ലക്ഷണങ്ങളാണോ എന്ന ആശങ്ക നിങ്ങളെ പ്രതിസന്ധിയിലാക്കിയേക്കാം...നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ...
ഒമിക്രോൺ എങ്ങനെ തിരിച്ചറിയാം
രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ ശൈത്യകാലമോ ശൈത്യകാലം അവസാനിക്കാൻ പോകുന്നതിനാൽ കാലാവസ്ഥയിൽ ക്രമാനുഗതമായ വ്യതിയാനമോ ഉണ്ടാകുന്നുണ്ട്. ഇത്തരം കാലാവസ്ഥയിൽ ജലദോഷവും ചുമയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഒമിക്രോണിനും സമാനമായ ലക്ഷണങ്ങളാണുള്ളത്. ഒമിക്രോൺ ആണോ സാധാരണ പനിയാണോ എന്ന് മനസിലാക്കാൻ കഴിയേണ്ടതും കൃത്യസമയത്ത് ചികിത്സ തേടേണ്ടതും മഹാമാരിയുടെ സമയത്ത് വളരെ അത്യാവശ്യമാണ്.
ചുമ, രുചിയും മണവും നഷ്‌ടപ്പെടൽ, ക്ഷീണം, ശ്വാസതടസം, കടുത്ത പനി എന്നിവയാണ് പ്രധാനമായും കൊവിഡിന്‍റെ ലക്ഷണങ്ങൾ. എന്നാൽ മൂക്കൊലിപ്പ്, വിട്ടുമാറാത്ത ചുമ, ക്ഷീണം എന്നിവയാണ് ഒമിക്രോണിന്‍റെ പ്രധാന ലക്ഷണങ്ങളെന്ന് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. കൂടാതെ ഓക്കാനം, വിശപ്പില്ലായ്മ എന്നിവയും ഒമിക്രോണിന്‍റെ ലക്ഷണങ്ങളാണെന്ന് സോ എന്ന ആപ്പ് കണ്ടെത്തി. തൊണ്ടവേദന, ശരീരവേദന, രാത്രി വിയർപ്പ്, തുമ്മൽ എന്നിവയും ഒമിക്രോൺ രോഗികളിൽ കാണാറുണ്ട്.
തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, തുമ്മൽ, തലവേദന എന്നിവ വരാൻ കാലതാമസമെടുക്കുന്നതിനാൽ ഒമിക്രോൺ ലക്ഷണങ്ങൾ സാധാരണ ജലദോഷവും ചുമയുമായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. രോഗലക്ഷണങ്ങൾ ഒരുപോലെയാണെങ്കിലും ഒമിക്രോൺ ബാധിച്ചയാൾക്ക് രോഗലക്ഷണങ്ങളുടെ തീവ്രത കൂടുതലാണെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.
ആശയക്കുഴപ്പം തുടരുകയാണെങ്കിൽ എത്രയും വേഗം പരിശോധന നടത്തി ശരിയായ ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്. കൊവിഡ് ബാധിച്ചവർ ഹോം ക്വാറന്‍റൈനിൽ ആണെങ്കിൽ ധാരാളം വെള്ളം കുടിക്കുന്നതും വിശ്രമിക്കുന്നതും കൊവിഡ് ഭേദമാകാൻ സഹായിക്കും.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് രണ്ട് ഡോസ് വാക്‌സിൻ എടുത്തവരിൽ ഒമിക്രോൺ ഗുരുതരമാകില്ലെന്നും ആശുപത്രിയിൽ പ്രവേശിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നും ഇതുവരെയുള്ള റിപ്പോർട്ടുകൾ പറയുന്നു. എന്നാലും പല രാജ്യങ്ങളിലും ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനാലും ഒമിക്രോൺ മരണങ്ങൾ സ്ഥിരീകരിക്കുന്നതിനാലും എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും വീടുകളിൽ തന്നെ തുടരണമെന്നും ജനങ്ങളോട് ആരോഗ്യ അധികൃതർ നിർദേശിക്കുന്നു.
Also Read: 'ഒമിഷുവര്‍': ഒമിക്രോണ്‍ ടെസ്റ്റ് കിറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍