കൊവിഡ് വൈറസിന്‍റെ വകഭേദമായ ഒമിക്രോണ്‍ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഇതിനെ ആശങ്കയുളവാക്കുന്ന വകഭേദത്തിന്‍റെ(variants of concern) ഗണത്തിലാണ് ഉള്‍പ്പെടുത്തിയത്. ഒമിക്രോണ്‍ പോലെ നമുക്ക് ഭീഷണി സൃഷ്ടിക്കുന്ന എത്ര വകഭേദങ്ങള്‍ ഭാവിയില്‍ ഉണ്ടാകാം?.ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ബെന്‍ കൃഷ്‌ണ എഴുതുന്നു.
ജീവനുള്ളതിന്‍റെ ഗണത്തില്‍ വൈറസിനെ ഉള്‍പ്പെടുത്തണോ എന്നുള്ളതില്‍ ശാസ്ത്രലോകത്തില്‍ ഒരു സമവായമുണ്ടായിട്ടില്ല. പക്ഷേ ജീവനുള്ള ഏതൊന്നിനെപോലേയും വൈറസിന് പരിണാമം സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് കൊവിഡ് 19ന് കാരണമായ സാര്‍സ് കോവ്-2ന്‍റെ പുതിയ വകഭേദങ്ങള്‍ മാസങ്ങളുടെ കലയളവില്‍ ഉടലെടുക്കുന്നത്. ഇതിലെ വ്യാപന ശേഷി കൂടുതലുള്ള വകഭേദങ്ങള്‍ മറ്റ് വകഭേദങ്ങളെ പിന്തള്ളി ആധിപത്യം സ്ഥാപിക്കുന്നു.
ALSO READ:30 ലേറെ തവണ ജനിതക മാറ്റം ; ഒമിക്രോണിന് പ്രതിരോധശേഷി കൂടുതലെന്ന് പഠനം
വൈറസിന്‍റെ കൂണിന്‍റെ ആകൃതിയിലുള്ള സ്പൈക്ക് പ്രോട്ടീനില്‍ ( spike protein) സംഭവിക്കുന്ന പരിവര്‍ത്തനമാണ്(mutations) വൈറസിന്‍റെ വ്യാപന ശേഷി വര്‍ധിപ്പിക്കുന്നത്. സ്പൈക്ക് പ്രോട്ടീനാണ് നമ്മുടെ കോശത്തിന്‍റെ ഉപരിതലത്തിലുള്ള എസിഇ2 റിസപ്‌റ്റേഴ്‌സില്‍ (ACE2 receptors)പറ്റിപ്പിടിക്കാന്‍ വൈറസിനെ സഹായിക്കുന്നത്. കോശത്തില്‍ പറ്റിപ്പിടിച്ച് കഴിഞ്ഞാല്‍ വൈറസ് നമ്മുടെ ശരീരത്തില്‍ പെരുകുന്നു.
സാര്‍സ് കോവ് 2ന്‍റെ വകഭേദങ്ങളായ ഡെല്‍റ്റയും ആല്‍ഫയും വ്യാപകമായതുപോലെ ഒമിക്രോണും ലോകത്ത് വ്യാപകമാകാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ കാണുന്നത്. എന്നാല്‍ വൈറസിന്‍റ പ്രഹര ശേഷി അനന്തമായി തുടരില്ല. നമ്മുടെ കോശത്തിന് പുറത്തുള്ള എസിഇ2 റിസെപ്റ്റേഴ്‌സില്‍ നല്ലവണ്ണം പറ്റിപ്പിടിക്കാനുള്ള ശേഷി ഒരു വൈറസ് ക്രമേണ ആര്‍ജിക്കും. ആ ഘട്ടത്തില്‍ വൈറസിന്‍റെ വ്യാപന ശേഷി, കോശത്തില്‍ പറ്റിപ്പിടിക്കാനുള്ള അതിന്‍റെ ശേഷി മാത്രം ആശ്രയിച്ചായിരിക്കില്ല. മറ്റ് ഘടകങ്ങളും വ്യാപന ശേഷിയെ നിയന്ത്രിക്കുന്നു. വൈറസിന്‍റെ പകര്‍പ്പ് എത്രവേഗത്തില്‍ ഉണ്ടാകും. എത്ര വേഗത്തില്‍ കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ വൈറസിന് സാധിക്കും. ബാധിക്കപ്പെട്ടയാള്‍ എത്ര വൈറസുകളെ പുറത്തുവിടും. എന്നീ ഘടകങ്ങളും വൈറസിന്‍റ വ്യാപന ശേഷി നിര്‍ണയിക്കുന്നു. ആത്യന്തികമായി ഈ ഘടകങ്ങളൊക്കെ പാരമ്യത്തിലെത്തും.
ഒമിക്രോണ്‍ ഉടലെടുത്തതോടെ, സാര്‍സ് കോവ്-2ന്‍റെ കാര്യത്തില്‍ വ്യാപനശേഷി നിയന്ത്രിക്കുന്ന മേല്‍പ്പറഞ്ഞ ഘടകങ്ങളൊക്കെ അവയുടെ പാരമ്യത്തിലെത്തിയോ( peak)? പഠനങ്ങള്‍ കണ്ടെത്തിയത് സാര്‍സ് കോവ്-2 ഈ ഒരു ഘട്ടത്തില്‍ എത്തിയിട്ടില്ല എന്നാണ്. അതായത് ഒമിക്രോണിനേക്കാള്‍ വ്യാപന ശേഷിയുള്ള വകഭേദങ്ങള്‍ സാര്‍സ് കോവ് 2ന് ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ള പുതിയ വകഭേദം സാര്‍സ് കോവ്-2ന് ഉണ്ടായില്ലെങ്കില്‍ പോലും മനുഷ്യന്‍റെ പ്രതിരോധശേഷിയെ കൂടുതല്‍ ശക്തമായി മറികടക്കുന്ന പുതിയ വകഭേങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.