ഒമിക്രോണ്‍ വകഭേദത്തെ നേരിടുന്നതിന് വാക്സിനേഷന്‍ എല്ലാവരിലും വേഗത്തില്‍ എത്തിക്കുന്നതോടൊപ്പം ബൂസ്റ്റര്‍ ഷോട്ടുകളും അത്യാവശ്യമാണെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഡോ.ഷാഹിദ് ജമീല്‍ പറഞ്ഞു. അശോക സര്‍വകലാശാലയുടെ ത്രിവേദി സ്കൂള്‍ ഓഫ് ബയോസയന്‍സിന്‍റെ ഡയറക്ടറാണ് ഡോ.ഷാഹിദ് ജമീല്‍. കഴിഞ്ഞ മാസമാണ് ഒമിക്രോണ്‍ വകഭേദത്തെ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ മ്യുട്ടേഷന്‍ സംഭവിച്ച വകഭേദമാണ് ഒമിക്രോണ്‍. 32 സ്പൈക്ക് പ്രോട്ടീനാണ് ഒമിക്രോണിനുള്ളത്. അത്കൊണ്ട്തന്നെ അതിന്‍റെ പകര്‍ച്ചവ്യാപന ശേഷി ഡെല്‍റ്റ വകഭേദത്തേക്കാളും കൂടുതലാണ്.
63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം
"ഒമിക്രോണ്‍ മ്യുട്ടേഷന്‍റെ സ്വഭാവം പരിശോധിക്കുമ്പോള്‍ അതിന് വ്യാപനശേഷി കൂടിയതായി കാണാന്‍ സാധിക്കും. രോഗാണുക്കളെ ചെറുക്കുന്ന ആന്‍റിബോഡികളെ മറികടന്നുകൊണ്ട് രോഗം വരുത്താനുള്ള ശക്തിയും മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഇവയ്ക്കുണ്ട്",ഡോ.ഷാഹിദ് ജമീല്‍ അശോകാ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ വ്യക്തമാക്കി.
ALSO READ:ക്വാറന്‍റൈൻ പാലിച്ചില്ല; ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക വിപുലമെന്ന് ആരോഗ്യവകുപ്പ്
സൗത്ത് ആഫ്രിക്കയില്‍ നടത്തിയ ലാബ് പരിശോധനയില്‍ യുഎസ് കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്സിന് ഒമിക്രോണിനെ നിര്‍ജീവമാക്കാനുള്ള ശേഷി മറ്റ് 25 മുതല്‍ 40 മടങ്ങ് വരെ കുറവാണെന്ന് കണ്ടെത്തി.
പഠനങ്ങള്‍ കണ്ടെത്തിയത് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കിയാല്‍ ആന്‍റിബോഡികളുടെ എണ്ണം വര്‍ധിക്കുമെന്നും വീണ്ടും രോഗബാധിതരാകുന്നതിന്‍റെ നിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നുമാണ്. അത്കൊണ്ട്തന്നെ ബൂസ്റ്റര്‍ ഷോട്ടുകള്‍, കുട്ടികള്‍ക്ക് കൊവിഡ് വാക്സിനുകള്‍ നല്‍കുന്നത് തുടങ്ങിയവ സംബന്ധിച്ച് ഒരു നയം രാജ്യം രൂപീകരിക്കേണ്ട സമയം സംജാതമായിരിക്കുകയാണെന്ന് ഡോ.ജമീല്‍ പറഞ്ഞു.
ഒമിക്രോണിനെ സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്. ഈ വകഭേദത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ആഴ്ചകളില്‍ ലഭ്യമാവുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍ ഒമിക്രോണിന്‍റെ വ്യാപനശേഷി കൂടുതലാണെന്നും വാക്സിനേഷന്‍റെയും കൊവിഡ് വന്നത് കൊണ്ടുണ്ടായ പ്രതിരോധ ശേഷിയേയും മറികടക്കാന്‍ അതിന് സാധ്യമാണെന്നും ഇതുവരെയുള്ള പഠനത്തില്‍ വ്യക്തമായതാണ്.
എന്നാല്‍ ആശങ്ക കുറയ്ക്കുന്ന ചില സൂചനകളും ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദമുണ്ടാക്കുന്ന രോഗത്തിന്‍റെ ഗുരുതരാവസ്ഥ ഡെല്‍റ്റാ വെറസിനേക്കാള്‍ കുറവാണെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. കൂടുതല്‍ പഠനങ്ങള്‍ ഇത് സംബന്ധിച്ച് നടത്തേണ്ടതുണ്ട്.
"ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരില്‍ കൊവിഡ് വാക്സിനേഷന്‍ ലഭിക്കാത്തവര്‍ 15 ശതമാനമാണ്. ഇവര്‍ക്ക് ഉടന്‍തന്നെ വാക്സിന്‍ നല്‍കേണ്ടതുണ്ട്. കൂടാതെ ഒരു ഡോസ് മാത്രം വാക്സിനെടുത്തവര്‍ക്ക് അടുത്ത ഡോസ് ലഭ്യമാക്കേണ്ടതും അടിയന്തര പരിഗണനയായിരിക്കുകയാണ്", അശോക യൂണിവേഴ്സിറ്റിയുടെ ബയോളജി പ്രൊഫസറായ ഗൗതം മേനോന്‍ പറഞ്ഞു. ബൂസ്റ്റര്‍ ഷോട്ടുകള്‍ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, 60വയസ് കഴിഞ്ഞ ആളുകള്‍, മറ്റ് അസുഖങ്ങള്‍ കാരണം ആരോഗ്യ ശേഷി കുറഞ്ഞ ആളുകള്‍ എന്നിവര്‍ക്ക് ലഭ്യമാക്കണമെന്നും പ്രൊഫസര്‍ ഗൗതം മേനോന്‍ പറഞ്ഞു.
ഇന്ത്യയില്‍ നിലവിലുള്ള കൊവിഡ് വാക്സിനുകള്‍ ബൂസ്റ്റര്‍ വാക്സിനുകളായി ഉപയോഗിക്കുന്നത് സംബന്ധിച്ചും രാജ്യത്ത് കൂടുതലായി ഉപയോഗിച്ച് വരുന്ന കൊവാക്സിനും കൊവിഷീല്‍ഡും എങ്ങനെ ഒമിക്രോണിനെ ചെറുക്കുന്നു എന്നും സംബന്ധിച്ച് അറിയുന്നതിന് കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം ആദ്യത്തോടു കൂടി കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
വളരെ ഉയര്‍ന്ന തോതില്‍ കൊവിഡ് വാക്സിനേഷന്‍ സാധ്യമാക്കിയ യു.കെയുടേയും ഇസ്രയലിന്‍റേയും അനുഭവം കണക്കിലെടുക്കുമ്പോള്‍ ഇതാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും വെബിനാറില്‍ സംസാരിച്ച വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കുക, വാക്സിനേഷന്‍ തുടങ്ങിയവ തന്നെയാണ് ഇപ്പോഴും കൊവിഡിനെ ചെറുക്കാനുള്ള മാര്‍ഗമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.