ന്യൂഡല്‍ഹി: കൊവിഡിന്‍റെ വകഭേദമായ ഒമിക്രോണിന്‍റെ വകഭേദം ബിഎഫ്.7 രാജ്യത്ത് സ്ഥിരീകരിച്ചു. ചൈനയില്‍ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമായ ബിഎഫ്.7 ന്‍റെ മൂന്ന് കേസുകളാണ് രാജ്യത്ത് ഇതിനോടകം രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഗുജറാത്തിൽ രണ്ട് കേസുകളും ഒഡിഷയിൽ ഒരു കേസുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ രാജ്യത്ത് നിലവില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മൊത്തത്തിലുള്ള വർധനവില്ലെങ്കിലും നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വകഭേദങ്ങളെ തിരിച്ചറിയാന്‍ തുടര്‍ച്ചയായ നിരീക്ഷണം ആവശ്യമുണ്ടെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. ചൈനീസ് നഗരങ്ങള്‍ നിലവില്‍ ഒമിക്രോണ്‍ വകഭേദത്തിന്‍റെ ഭീതിയിലാണെന്നും ബീജിങ് ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ ഒമിക്രോണിന്‍റെ ബിഎഫ്.7 വകഭേദമാണ് വ്യാപിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്‍റർ ഒക്‌ടോബറിലാണ് ആദ്യ ബിഎഫ്.7 കേസ് രാജ്യത്ത് കണ്ടെത്തിയത്.