ന്യൂഡല്‍ഹി:ജീവിതത്തില്‍ അസുഖങ്ങള്‍ വരാത്തവരോ ഗുളിക കഴിക്കാത്തവരോ ആയി ആരുമുണ്ടാകില്ല. പലരും ഗുളിക കഴിക്കുന്നത് പലവിധത്തിലാണ്. ചിലര്‍ ഗുളിക മുഴുവനായും വിഴുങ്ങുമ്പോള്‍ മറ്റ് ചിലര്‍ അവയെ കഷ്‌ണങ്ങളാക്കിയും പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തിയും കഴിക്കാറുണ്ട്. ഗുളിക കഴിക്കുന്നതിനൊപ്പം അതിന്‍റെ പുറം കവറായ അലൂമിനിയം ബ്ലിസ്റ്റര്‍ ഫോയില്‍ കൂടി അകത്ത് പോയാല്‍ എന്തായിരിക്കും സ്ഥിതിയെന്ന് ഓര്‍ത്തിട്ടുണ്ടോ?
ഇത്തരത്തിലൊരു വാര്‍ത്തയാണ് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ നിന്ന് പുറത്ത് വന്നത്. അപകടകരമായ രീതിയില്‍ ഒരാളുടെ അന്നനാളത്തില്‍ കുടുങ്ങിയ അലൂമിനിയം ബ്ലിസ്റ്റര്‍ ഫോയില്‍ കവര്‍ നൂതനമായ എന്‍ഡോസ്‌കോപ്പിക് സാങ്കേതിക വിദ്യയിലൂടെ വിജയകരമായി പുറത്തെടുത്തതായി സര്‍ ഗംഗാറാം ആശുപത്രിയിലെ ഐഎല്‍ജിപിഎസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ, ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് പാൻക്രിയാറ്റിക്കോ-ബിലിയറി സയൻസസ്) തലവന്‍ അനില്‍ അറോറ പറഞ്ഞു. ഗുളിക കഴിക്കുന്നതിനൊപ്പം അബദ്ധത്തില്‍ ഗുളികയുടെ പുറം കവറായ അലൂമിനിയം ബ്ലിസ്റ്റര്‍ ഫോയില്‍ വിഴുങ്ങിയ 61കാരനെയാണ് ആശുപത്രി അധികൃതര്‍ അതിവിദഗ്‌ധമായി രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഗുളിക കഴിക്കുന്നതിനൊപ്പമാണ് ഇദ്ദേഹം അബദ്ധത്തില്‍ കവര്‍ വിഴുങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ശക്തമായ നെഞ്ച് വേദന അനുഭവപ്പെട്ട ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫോയില്‍ കവര്‍ നേരെ അന്നനാളത്തില്‍ എത്തുകയും അദ്ദേഹത്തിന് ഉമിനീര്‍ അടക്കം ഇറക്കാന്‍ കഴിയാതെ വരികയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അവശ നിലയിലായ ഇദ്ദേഹത്തെ ഉടന്‍ തന്നെ എന്‍ഡോസ്‌കോപ്പിക്ക് വിധേയമാക്കി.
പരിശോധനയിലൂടെ അന്നനാളത്തില്‍ കുടുങ്ങി കിടക്കുന്ന ഫോയില്‍ കവര്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നെന്ന് ഐഎൽജിപിഎസിലെ കൺസൾട്ടന്‍റ് ഗ്യാസ്ട്രോ എൻറോളജിസ്റ്റും തെറാപ്പിറ്റിക് എൻഡോസ്കോപ്പിസ്റ്റുമായ ഡോ.ശ്രീഹരി അനിഖിണ്ടി പറഞ്ഞു. എന്നാല്‍ അന്നനാളത്തിന്‍റെ ഏറ്റവും ഇടുങ്ങിയ ഭാഗത്താണ് ഫോയില്‍ കവര്‍ കുടുങ്ങിയിരുന്നത്. കവറിന്‍റെ വശങ്ങളെല്ലാം മൂര്‍ച്ചയുള്ളതായതിനാല്‍ വേഗത്തില്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിലൂടെ അന്നനാളത്തിന് മുറിവേല്‍ക്കാന്‍ സാധ്യതയുണ്ട്.
അത്തരം സാഹചര്യങ്ങളുണ്ടായാല്‍ പിന്നീട് അന്നനാളത്തില്‍ സുഷിരങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതുകൂടാതെ രക്തസ്രാവം, മെഡിയസ്റ്റൈനല്‍ അണുബാധ, സെപ്‌സിസ് തുടങ്ങിയ സങ്കീര്‍ണമായ അവസ്ഥകളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് ഡോ.ശ്രീഹരി അനിഖിണ്ടി പറഞ്ഞു. അത്തരം സാഹചര്യങ്ങളുണ്ടാകാതെ അലൂമിനിയം ബ്ലിസ്റ്റര്‍ ഫോയില്‍ കവര്‍ വളരെ പതുക്കെ ആമാശയത്തിലേക്ക് തള്ളിവിട്ടു.
കവര്‍ ആമാശയത്തിന് ഉള്ളില്‍ പ്രവേശിച്ചതിന് ശേഷം പ്രത്യേക എന്‍ഡോസ്‌കോപ്പി സൂചി ഉപയോഗിച്ച് കവറിനൊപ്പമുള്ള ഗുളിക അലിയിച്ച് കളയുന്നതിനുള്ള ലായനി ആമാശയത്തിലേക്ക് കടത്തി വിട്ട് ഗുളിക അലിയിച്ചു കളഞ്ഞു. തുടര്‍ന്ന് കവറിന്‍റെ മൂര്‍ച്ഛയുള്ള വശങ്ങള്‍ പതുക്കെ മടക്കി വച്ചു. എൻഡോസ്കോപ്പിൽ ഘടിപ്പിച്ചിരിക്കുന്ന എൻഡോസ്കോപ്പിക് മ്യൂക്കോസൽ റെസെക്ഷൻ (EMR) എന്ന പ്രത്യേക ആക്‌സസറി ഉപയോഗിച്ച് കവറിന്‍റെ മൂര്‍ച്ഛയുള്ള വശങ്ങള്‍ മടക്കി വയ്‌ക്കുകയും ചെയ്‌തു.
മടക്കി വച്ചതോടെ അതിന്‍റെ വലിപ്പം കുറയുകയും ചെയ്‌തു. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പിയില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം കൊണ്ട് എളുപ്പത്തില്‍ പുറത്തെത്തിക്കുകയും ചെയ്‌തു. അപകടകരമായ സാഹചര്യത്തില്‍ സുരക്ഷിതമായ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കവര്‍ വേഗത്തില്‍ നീക്കം ചെയ്യാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഡോ. അനിഖിണ്ടി കൂട്ടിച്ചേര്‍ത്തു.