ഒക്‌ടോബർ പത്ത്, ലോക മാനസികാരോഗ്യ ദിനമാണ് (World Mental Health Day). ലോകരാഷ്‌ട്രങ്ങൾ മഹാമാരിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ 'അതുല്യമായ ലോകത്തിലെ മാനസികാരോഗ്യം' (Mental Health in an Unequal World) എന്നതാണ് ഈ വർഷത്തെ പ്രമേയം.
മാനസികാരോഗ്യത്തിനായി ഇതിനകം നിലവിലുള്ള സംവിധാനങ്ങൾ പുനപ്പരിശോധിക്കാനും മാനസിക ക്ഷേമത്തിന് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാനും ഈ ദിനം അവസരമൊരുക്കുന്നു.
എന്താണ് മാനസികാരോഗ്യം?
ലോകാരോഗ്യ സംഘടനയുടെ (WHO) വിലയിരുത്തലിൽ മാനസികാരോഗ്യമെന്നാൽ 'ഒരു വ്യക്തി തന്‍റെ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ജീവിതത്തിലെ മനസംഘര്‍ഷങ്ങളെ അതിജീവിക്കുക, നിര്‍മാണാത്മകമായി പ്രവര്‍ത്തിക്കുക, ഇങ്ങനെ തന്‍റെ ജീവിതത്തിനും സമൂഹത്തിനും എന്തെങ്കിലും സംഭാവനകള്‍ നല്‍കുക എന്നതാണ്.'
ലോകത്ത് ഏകദേശം ലക്ഷം കോടി ആളുകൾക്ക് മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇന്ത്യയിൽ ഏകദേശം 150 ദശലക്ഷം ആളുകൾക്ക് മാനസികാരോഗ്യ ഇടപെടലുകളും പരിചരണവും ആവശ്യമാണ്. എന്നിരുന്നാലും ഇത്തരം സേവനങ്ങളുടെ ആവശ്യകതയും അത് നൽകുന്നതിന്‍റെ തോതും തമ്മിലുള്ള അന്തരം ഗണ്യമായി നിലനിൽക്കുന്നു.
ലോകമെമ്പാടുമുള്ള ജനങ്ങളിൽ താരതമ്യേന വളരെ കുറച്ചുപേർക്ക് മാത്രമാണ് ഗുണനിലവാരമുള്ള മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നത് എന്നതാണ് വാസ്‌തവം. മാനസികാരോഗ്യത്തെ കുറിച്ച് വേണ്ടത്ര പ്രചാരണം ഇല്ലാത്തതാണ് ഇതിന് കാരണം.
കൊവിഡ് മഹാമാരി കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള സമൂഹത്തിന് വലിയ വെല്ലുവിളിയായി മാറിയിരുന്നു. ആശുപത്രികൾ കൊവിഡ് രോഗികളാൽ നിറഞ്ഞപ്പോൾ മാനസികരോഗ ചികിത്സയുൾപ്പെടെയുള്ള മറ്റ് സേവനങ്ങൾ തടസപ്പെട്ടതും ജനങ്ങളെ വളരേയെറെ ബാധിച്ചു.
വീട്ടിലിരുന്നുകൊണ്ടുള്ള ഓഫിസ് ജോലി, വരുമാനമില്ലായ്‌മ മൂലമുള്ള ഉത്കണ്‌ഠ, ഓൺലൈൻ പഠനം, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ശാരീരിക സമ്പർക്കത്തിന്‍റെ അഭാവം എന്നിവ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ദുർബലരാക്കി. യുവാക്കളുടെ ഉത്‌പാദനക്ഷമത കുറയുന്നതിനും പകർച്ചവ്യാധി കാലഘട്ടം കാരണമായി മാറി. നിരവധിപേർ ഏകാന്തത ഒഴിവാക്കുന്നതിന് ലഹരി വസ്‌തുക്കളിൽ അഭയം പ്രാപിച്ചു.
സ്‌ത്രീകൾക്കെതിരായ അക്രമവും ഈ കാലയളവിൽ ഏറെ വർധിച്ചു. പങ്കാളികളിൽ നിന്ന് ദുരിതമനുഭവിക്കേണ്ടിവന്ന സ്‌ത്രീകളുടെ എണ്ണത്തിൽ 15-30% വർധനയുണ്ടായതായി നിരവധി രാജ്യങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മഹാമാരി ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും അന്തരീക്ഷം നൽകുമ്പോൾ അത് വ്യക്തികൾക്കിടയിൽ ആക്രമണ മനോഭാവം ഉളവാക്കുന്നു. കൂടാതെ സാമ്പത്തിക അരക്ഷിതാവസ്ഥയും ഒറ്റപ്പെടലുമെല്ലാം ഗാർഹിക പീഡനങ്ങൾ വ്യാപകമാക്കുന്നതിനുള്ള ഘടകങ്ങളായി മാറി.