പെൻസിൽവാനിയ (യുഎസ്): 80 ശതമാനം സ്‌ത്രീകളും പ്രസവശേഷം കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നവരാണ്. എന്നാൽ, പ്രസവശേഷം ആറ് മാസത്തോളം കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന സ്‌ത്രീകൾ വെറും 25 ശതമാനം മാത്രമാണെന്നാണ് പഠനങ്ങൾ. ഒറ്റപ്പെടലും തൊഴിൽപരമായ സമ്മർദങ്ങളും മറ്റും മുലയൂട്ടൽ കുറയുന്നതിന് കാരണമാകുന്ന ചില ഘടകങ്ങളാണ്.
അമിതവണ്ണം പ്രശ്‌നമാണ്:എന്നിരുന്നാലും, ആവശ്യത്തിന് പാൽ ഉൽപ്പാദിപ്പിക്കുന്നതിലെ ശാരീരിക പ്രശ്‌നങ്ങളാണ് സ്‌ത്രീകൾ മുലയൂട്ടൽ നിർത്തുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അമിതവണ്ണം മുലയൂട്ടുന്ന സ്‌ത്രീകളിലെ പാലുൽപ്പാദനം കുറയ്‌ക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. പെൻ സ്റ്റേറ്റ്, യൂണിവേഴ്‌സിറ്റി ഓഫ് സിൻസിനാറ്റി എന്നിവിടങ്ങളിൽ നിന്നുള്ള സമീപകാല പഠനത്തിന്‍റെ റിപ്പോർട്ടുകൾ ദി ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ചു.
മുലയൂട്ടുന്ന സ്‌ത്രീകളിൽ വേണ്ടത്ര പാൽ ഉൽപ്പാദിപ്പിക്കാത്തതിന് അമിതവണ്ണം പ്രധാന കാരണമാണ്. അമിതവണ്ണം ദീർഘകാല വീക്കത്തിന് കാരണമാകുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിൽ തുടങ്ങി രക്തചംക്രമണം വഴി ശരീരത്തിലുടനീളം വ്യാപിക്കുന്നു. രക്തത്തിൽ നിന്ന് ശരീരകലകളിലേക്ക് ഫാറ്റി ആസിസുകൾ ആഗിരണം ചെയ്യുന്നതിനെ വീക്കം തടസ്സപ്പെടുത്തുമെന്ന് ഗവേഷണത്തിൽ തെളിയിച്ചു.
ഫാറ്റി ആസിഡുകൾ അത്യന്താപേക്ഷിതം: ശരീരത്തിനാവശ്യമായ ഊർജം നിലനിർത്തുന്നതിന് ഫാറ്റി ആസിഡുകൾ അത്യന്താപേക്ഷിതമാണ്. മുലയൂട്ടുന്ന സ്‌ത്രീകളിലെ ഫാറ്റി ആസിഡുകൾ കുഞ്ഞിന്‍റെ വളർച്ചയെ സഹായിക്കുന്നു. പാൽ ഉൽപ്പാദിപ്പിക്കുന്ന സസ്‌തന ഗ്രന്ഥികൾ (mammary glands) ഫാറ്റി ആസിഡുകൾ ആഗിരണം ചെയ്യുന്നത് വീക്കം മൂലം തടസ്സപ്പെടുന്നു. ഇത് പാൽ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകർ അനുമാനിക്കുന്നു.
ഫാറ്റി ആസിഡുകളുടെ ആഗിരണത്തെ വീക്കം തടയുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പെൻ സ്റ്റേറ്റിലെ നുട്രീഷണൽ സയൻസിലെ പോസ്റ്റ് ഡോക്‌ടറൽ ഫെലോ റേച്ചൽ വാക്കറിന്‍റെ നേതൃത്വത്തിൽ ഗവേഷകർ വിശകലനം നടത്തി. സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്‌പിറ്റലിലും യൂണിവേഴ്‌സിറ്റി ഓഫ് സിൻസിനാറ്റിയിലും നടത്തിയ പഠനത്തിൽ നിന്നാണ് ഗവേഷകർ രക്തവും പാലും വിശകലനം ചെയ്‌തത്.